ഓർമ്മകളുടെ പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കി യേശുഗാനവും വീഞ്ഞുമായി സുഭാഷ്ചന്ദ്രന്‍

ഓര്‍മ്മയില്‍ കീറിപ്പറിഞ്ഞുപോകാത്ത യേശുവിന്‍റെ പ‍ഴയ ചിത്രത്തിന് മുന്നില്‍ നിന്നാണ് എ‍ഴുത്തുകാരന്‍ സുഭാഷ്ചന്ദ്രന്‍റെ ഈ വര്‍ഷത്തെ ക്രിസ്മസ് തുടങ്ങുന്നത്. നെഞ്ചുകീറി നേരുകാട്ടി നില്‍ക്കുന്ന യേശു ചിത്രത്തിന് മുന്നില്‍ നിന്ന് വീഞ്ഞ്ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ച് രണ്ട് കാലങ്ങളിലുള്ള ഫോട്ടോകള്‍ക്കൊപ്പം തന്‍റെ ബാല്യകാലാനുഭവം സുഭാഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു. കുറിപ്പിനൊപ്പം പ‍ഴയൊരു യേശുഗാനവും.

സുഭാഷ്ചന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ വായിക്കാം:

കുട്ടിക്കാലം മുതൽക്കേ എന്റെ പിന്നണിയിൽ അവൻ മുഴങ്ങിയിരുന്നു: യേശുവായും യേശുദാസായും. പീയൂസ്‌ എന്നു പേരുള്ള, കാഴ്ചയിൽത്തന്നെ ഏറെ പയസ്സായ (pious) ഒരു ബാല്യകാലസുഹൃത്തിൽ നിന്നാണ് യേശുവിനെക്കുറിച്ച്‌ ഞാൻ ആദ്യം കേൾക്കുന്നത്‌- രണ്ടാം ക്ലാസിൽ വച്ച്‌.

“യേശുവിനു പച്ചവെള്ളത്തെ വീഞ്ഞാക്കാൻ പറ്റും!” എന്ന് അവൻ പറഞ്ഞപ്പോൾ ഞാനും വീട്ടിലെത്തി അതിനു ശ്രമിച്ച്‌ പരിഹാസം കേട്ടു. ഗ്ലാസിലെ വെള്ളത്തിനുമീതെ കണ്ണടച്ച്‌ ആത്മാർത്ഥമായി പ്രാർത്ഥിച്ച്‌ കണ്ണു തുറന്നപ്പോഴും എന്റെ വെള്ളം വെള്ളമായി തുടരുന്നതു കണ്ട്‌ ചേച്ചിമാർ പൊട്ടിച്ചിരിച്ചു.

പീയൂസിനെ സ്കൂൾക്കാലം കഴിഞ്ഞതിൽപ്പിന്നെ ഞാൻ കണ്ടിട്ടില്ല. പെരിക്കാപ്പാലത്തിനപ്പുറത്തെ അവന്റെ വീടിനു മുന്നിൽ കാർ നിർത്തി ഒരിക്കൽ അന്വ്വേഷിച്ചപ്പോൾ ഒരു ചെറിയ പെൺകുട്ടി അവൻ ഇപ്പോൾ വൈദികനാണെന്നു പറഞ്ഞു. പച്ചവെള്ളം പോലെ പാവത്താനായിരുന്ന പീയൂസിനെ വൈദികവൃത്തിയുടെ വീഞ്ഞിലേക്ക്‌ പരിവർത്തിപ്പിച്ച കാലം അപ്പോൾ മറ്റൊരു യേശുവായി!

ഞാനും ഏറെ മാറിയിരിക്കുന്നു. കർത്താവിന്റെ പടമൊട്ടിച്ച മ്ലാനമായ ചുമരിനു മുന്നിൽ വിഷാദിയായി കുത്തിയിരുന്ന ആ ഇരുപതുകാരന്റെ മേലും കാലത്തിന്റെ കരസ്പർശം പതിഞ്ഞിട്ടുണ്ടാകണം. കല്യാണം കഴിച്ച പെൺകുട്ടി അലമാരയുടെ ഉൾക്കതകിൽ അന്നേ ഒട്ടിച്ചുവച്ച യേശുവിന്റെ ചിത്രം അവിടെത്തന്നെയുണ്ടോ എന്ന് ഏറെക്കാലത്തിനുശേഷം ഞാൻ നോക്കി. അവൻ ഇപ്പോഴും എന്നെ നോക്കി മന്ദഹസിച്ചു.

ക്രിസ്മസ്‌ ആഘോഷിക്കാൻ ഞങ്ങൾ ഉണ്ടാക്കി വച്ച മുന്തിരിവീഞ്ഞുമായി പഴയമട്ടിൽ എന്നെ പോസു ചെയ്യിച്ച്‌ ഇന്ന് മകൾ പകർത്തിയ ചിത്രം ഇതാ.

ഓർമ്മകളുടെ പച്ചവെള്ളത്തെ സാഹിത്യത്തിന്റെ മുന്തിരിച്ചാറാക്കാൻ ശ്രമിക്കുന്ന, ഗ്രന്ഥ’കർത്താവ്‌’ ആയി കാലം എന്നേയും പരിവർത്തിപ്പിച്ചിരിക്കുന്നു.

എല്ലാവർക്കും ചിയേഴ്സ്‌! ഹാപ്പി ക്രിസ്മസ്‌!
ഇനി ഞാൻ പാടിയ ഒരു യേശുഗാനം കേൾക്കൂ. ഇതിന്റെ ട്രാക്ക്‌ അയച്ചുതന്ന അഞ്ജലി എന്ന വായനക്കാരിക്ക്‌ നന്ദിയും സ്നേഹവും (ദയവായി ഇയർ ഫോൺ വയ്ക്കൂ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here