”നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ കഴിയുന്നത്?” കേന്ദ്രമന്ത്രിയോട് പ്രകാശ് രാജ്

ചെന്നൈ: കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്‌ഡേയുടെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കി നടന്‍ പ്രകാശ് രാജ്.

രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്ന ആനന്ത്കുമാറിന്റെ പ്രസ്താവനക്കെതിരെയാണ് പ്രകാശ് രാജ് രൂക്ഷ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരാളുടെ മാതൃത്വത്തേയും പിതൃത്വത്തേയും കുറിച്ച് പരാമര്‍ശം നടത്തുക വഴി ഒരു ജനപ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും തരം താഴാന്‍ കഴിയുക എന്ന് പ്രകാശ് രാജ് ചോദിക്കുന്നു.

ഒരാള്‍ മതേതരവാദിയാണ് എന്നതിന് സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്ന അര്‍ഥമില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തുറന്ന കത്തെഴുതിയാണ് അദ്ദേഹം ആനന്ത് കുമാറിന് മറുപടി നല്‍കിയത്. കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

മതേതരം എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിവിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്. ഓരോരുത്തരും മുസ്ലിം ആയും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നും ആനന്ത്കുമാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, മനുഷ്യജീവിയുടെ രക്തം ഒരാളുടെ ജാതിയോ മതവിശ്വാസമോ നിര്‍ണയിക്കുന്നില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. വ്യത്യസ്ത മതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് മതനിരപേക്ഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ഹെഗ്‌ഡെ. ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് ഹെഗ്‌ഡേ നിയമനടപടി നേരിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here