സിപിഐഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് കോടിയേരി; സമുദായ ജാതി സംഘടനകളുമായി എല്‍ഡിഎഫ് ബന്ധം ഉണ്ടാക്കില്ല: വയനാട് ജില്ലാ സമ്മേളനത്തിന് കല്‍പ്പറ്റയില്‍ തുടക്കം

കല്‍പ്പറ്റ: സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് കല്‍പ്പറ്റയില്‍ തുടക്കമായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമുദായ ജാതി സംഘടനകളുമായി എല്‍ഡിഎഫ് ബന്ധം ഉണ്ടാക്കില്ലെന്ന് കോടിയേരി പറഞ്ഞു. ബിഡിജെഎസുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

പ്രതിനിധി സമ്മേളനം നടക്കുന്ന കല്‍പ്പറ്റ സി.ഭാസ്‌ക്കരന്‍ നഗറില്‍ മുതിര്‍ന്ന നേതാവ് വിപി .ശങ്കരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായും പോരാട്ടം നടത്തണമെന്നും കോടിയേരി പറഞ്ഞു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസല്ല. ഗുജറാത്തില്‍ ബിജെപിക്കെതിരായ ജനവികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിനായില്ല.

കേരളത്തില്‍ എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കും. നയപരമായി യോജിപ്പുള്ള കക്ഷികളുമായി സഹകരിക്കും. എന്നാല്‍ സമുദായ ജാതി സംഘടനകളുമായി കൂട്ടുണ്ടാക്കില്ലെന്ന് ബിഡിജെഎസിന്റെ പേര് എടുത്ത് പറഞ്ഞ് കോടിയേരി വ്യക്തമാക്കി.

യുഡിഎഫ് തകര്‍ച്ചയുടെ വക്കിലാണ്. അതിന്റെ തുടക്കമാണ് എം.പി സ്ഥാനത്ത് നിന്നുള്ള എംപി വീരേന്ദ്രകുമാറിന്റെ രാജിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ജില്ലാ സെക്രട്ടറി എം. വേലായുധന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എളമരം കരീം, പി.കെ.ശ്രീമതി, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍, എം.എം.മണി തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News