ക്രിസ്തുമസ്, ദൈവസ്നേഹത്തിന്റെ വിപ്ലവാത്മകമായ തീനാളം കൊളുത്തപ്പെട്ട ദിവസം; ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തിന്റെ പൂർണ്ണരൂപം

“മറിയം ഒരാൺകുഞ്ഞിനെ, തന്റെ മൂത്ത മകനെ, പ്രസവിച്ചു. മറിയം കുഞ്ഞിനെ തുണികൾകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽക്കിടത്തി. കാരണം സത്രത്തിൽ അവർക്കു സ്ഥലം കിട്ടിയില്ല” (ലൂക്കോസ് 2:7). ഈ ലളിതമായ സ്വച്ഛമായ വാക്കുകളിൽ, ലൂക്കോസ് നമ്മളെ വിശുദ്ധരാത്രിയുടെ ഹൃദയത്തിലേയ്ക്ക് പ്രത്യാനയിക്കുന്നു. മറിയം പ്രസവിച്ചു; നമുക്ക് യേശുവിനെ ഏല്പിച്ചുതന്നു; ലോകത്തിന്റെ വെളിച്ചത്തിനെ. നമ്മുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ മാറ്റിമറിക്കുന്ന സംഭവത്തിലേയ്ക്ക് നമ്മെ നിമജ്ജനം ചെയ്യിക്കുന്ന ഒരു ലളിതകഥ. ആ രാത്രിയിൽ, എല്ലാം, പ്രത്യാശയുടെ പ്രഭവമായി.

നമുക്ക് ഏതാനും വചനങ്ങളിലേയ്ക്കു തിരിച്ചുപോവുക. രാജശാസനത്താൽ, മറിയവും ഔസേപ്പും പുറപ്പെട്ടുപോകാൻ നിർബ്ബന്ധിതരായി. അവർക്ക് ജനത്തിന്റെ കണക്കെടുപ്പിന് പേരുകൊടുക്കാനായി പുറപ്പെടേണ്ടതായും അവരുടെ ജനത്തെയും വീടിനെയും നാടിനെയും വിട്ടുപോകേണ്ടതായും വന്നുകൂടി. ഒരുണ്ണിയുണ്ടാകാൻ പോകുന്ന യുവദമ്പതികൾക്ക് ഇങ്ങനെയൊരു പുറപ്പാട് സൗകര്യപ്രദമോ എളുപ്പമോ ആയിരുന്നില്ല: എന്നിട്ടും അവർക്കു നാടുവിടേണ്ടി വന്നു. ഹൃദയത്തിൽ മു‍ഴുപ്രതീക്ഷയും പ്രത്യാശയും ഉള്ളവരായിരുന്നു അവർ, പിറക്കാനിരിക്കുന്ന അവരുടെ കുഞ്ഞിനെക്കുറിച്ച്; എന്നിട്ടും അവരുടെ കാൽവയ്പുകൾ വീടുവിട്ടിറങ്ങുന്ന എല്ലാവരും അഭിമുഖീകരിക്കേണ്ടുന്ന അനിശ്ചിതത്വങ്ങളാലും ആപത്തുകൾകൊണ്ടും ഭാരീകൃതങ്ങളായി.

പിന്നീടവർക്ക് ഒരുപക്ഷേ, എല്ലാത്തിലും പ്രയാസകരമായത്, നേരിടേണ്ടിവന്നു. അവർ ബത്ലഹേമിലെത്തി. അത് അവരെ കാത്തുനിന്ന നാടല്ലെന്ന്, അവർക്കിടമില്ലാത്ത നാടാണെന്ന് അനുഭവിച്ചറിയേണ്ടിവന്നു.

എല്ലാംതന്നെ പരീക്ഷകളായിരുന്ന അവിടെ വച്ച് മറിയം നമുക്ക് ഇമ്മാനുവേലിനെ തന്നു. ദൈവത്തിന്റെ പുത്രന് കാലിത്തൊ‍ഴുത്തിൽ പിറക്കേണ്ടിവന്നു. എന്തെന്നാൽ, അവന്റെ സ്വന്തപ്പെട്ടവർക്കിടയിൽ അവന് ഇടമില്ലായിരുന്നു. “അവൻ തനിക്കു സ്വന്തമായ ഭവനത്തിലേയ്ക്കു വന്നു; സ്വജനമോ, അവനെ കൈക്കൊണ്ടില്ല” (യോഹന്നാൻ 1:11). അവിടെ, ദൂരത്തുനിന്നുള്ള അപരിചിതന് അഭയമോ ഇടമോ ഇല്ലാത്ത ഒരു നഗരത്തിന്റെ മ്ലാനതയിൽ, മറ്റുള്ളവർക്കു നേരേ മുഖം തിരിച്ച് സ്വയം പണിതെടുക്കാൻ എന്ന പോലെ ദൃശ്യമാകുന്ന തിരക്കുപിടിച്ച ഒരു നഗരത്തിന്റെ അന്ധകാരത്തിൽ… കൃത്യമായും അവിടെയാണ് ദൈവസ്നേഹത്തിന്റെ വിപ്ലവാത്മകമായ തീനാളം കൊളുത്തപ്പെട്ടത്. താന്താങ്ങളുടെ നാട് നഷ്ടപ്പെട്ടവർക്ക്, താന്താങ്ങളുടെ രാജ്യവും സ്വപ്നങ്ങളും പൊയ്പ്പോയവർക്ക്, ഒറ്റപ്പെടലിന്റെ ജീവിതം ഉല്പാദിപ്പിക്കുന്ന ശ്വാസംമുട്ടലിൽ അടിപ്പെട്ടവർക്കുപോലും ബത്ലഹേമിൽ, ഒരു സൂക്ഷ്മരന്ധ്രം തുറക്കപ്പെടുന്നു.

മറ്റനേകം പാദധ്വനികൾ ഔസേപ്പിന്റെയും മറിയത്തിന്റെയും കാൽച്ചുവടുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. നമ്മുടെ കാലത്ത് നാടു വിടേണ്ടി വന്ന അനേകം കുടുംബങ്ങളുടെ ചരണപഥങ്ങൾ നമ്മൾ കാണുന്നു. പുറപ്പെട്ടുപോകാൻ സ്വയം തീരുമാനിക്കാത്ത, പക്ഷേ, നാട്ടിൽനിന്നു പറിച്ചെറിയപ്പെട്ട, പ്രിയജനങ്ങളെ വിട്ടുപിരിയേണ്ടിവന്ന ലക്ഷക്കണക്കായവരുടെ കാലടിപ്പാതകൾ നമ്മൾ കാണുന്നു. പലപ്പോ‍ഴും ഈ പുറപ്പാട് ആശാനിർഭരമാണ്, ഭാവിക്കുള്ള ആശ; അപ്പോ‍ഴും മറ്റുപലർക്കും ഈ വിട്ടുപോകലിന് ഒരു പേരേയുള്ളൂ: അതിജീവനം. താന്താങ്ങളുടെ അധികാരം അടിച്ചേല്പിക്കുകയും താന്താങ്ങളുടെ സമ്പത്ത് പെരുപ്പിക്കുകയും ചെയ്യുന്ന, നിരപരാധികളുടെ രക്തം ചിന്തുന്നതിൽ ഒരു പ്രശ്നവും കാണാത്ത ഇക്കാലത്തിന്റെ ഹെരോദോസുമാരിൽ നിന്നുള്ള അതിജീവനം.

നമുക്ക് നമ്മുടെ പൗരാവകാശ രേഖകൾ നല്കാൻ പോന്നുവന്നവനെ ആദ്യമായി പുല്കുന്നത്, ഒരിടവുമില്ലാതിരുന്ന മറിയവും ഔസേപ്പും ആണ്; പരിക്ഷീണരെയും ദീനരെയും ആദരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലാണ് യഥാർഥ ശക്തിയും അകൃത്രിമമായ സ്വാതന്ത്ര്യവും എന്ന് സ്വന്തം ദാരിദ്ര്യത്തിലും എളിമയിലും പ്രഖ്യാപിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവൻ.

ആ രാത്രി, പിറക്കാൻ ഒരിടമില്ലാത്തവൻ മേശയിലോ അല്ലെങ്കിൽ തെരുവുകളിലോ ഇടമില്ലാത്തവരോട് സുവിശേഷിക്കപ്പെട്ടു. ആട്ടിടയരാണ് ആ സുവിശേഷം ആദ്യം കേട്ടവർ. അവരുടെ തൊ‍ഴിൽകൊണ്ടുതന്നെ സമൂഹത്തിന്റെ അരികുകളിൽ ജീവിക്കാൻ നിർബന്ധിതരായ പുരുഷന്മാരും സ്ത്രീകളുമായിരുന്നു അവർ. അവരുടെ ജീവിതാവസ്ഥ, അവർ പാർത്തിരുന്ന ഇടങ്ങൾ, മതപരമായ വിശുദ്ധീകരണത്തിന്റെ ആചാരനിഷ്ഠമായ അനുശാസനങ്ങൾ പിന്തുടരുന്നതിൽനിന്ന് അവരെ അകറ്റിയിരുന്നു; ഫലമോ, അവർ വൃത്തിഹീനരായി എണ്ണപ്പെട്ടു. അവരുടെ തൊലി, അവരുടെ വേഷം, അവരുടെ ഗന്ധം, അവരുടെ സംസാരരീതി, അവരുടെ ഉറവിടം, എല്ലാം അവരെ ചതിച്ചു. അവരെക്കുറിച്ചുള്ളതെല്ലാം അവരെപ്രതി അവിശ്വാസമുണ്ടാക്കി. അകലെ നിർത്തപ്പെടേണ്ട, പേടിക്കേണ്ട പുരുഷന്മാരും സ്ത്രീകളുമായിരുന്നു അവർ. അവർ വിശ്വാസികൾക്കിടയിൽ അവിശ്വാസികളായി, നീതിമാന്മാർക്കിടയിൽ പാപികളായി, പൗരന്മാർക്കിടയിൽ പരദേശികളായി കരുതപ്പെട്ടു – മാലാഖ പറയുന്നു: “ഭയപ്പെടേണ്ട; ഇതാ, എല്ലാ ജനങ്ങൾക്കുമായുള്ള ഒരു മഹാസന്തോഷത്തിന്റെ നല്ല വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നു ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്ക് ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, പിറന്നിരിക്കുന്നു” (ലൂക്കോസ് 2: 10-11).

ഈ രാത്രി നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് ഈ സന്തോഷം പങ്കുവയ്ക്കാനും ആഘോഷിക്കാനും പ്രഘോഷിക്കാനുമത്രെ. ദൈവം, അവന്റെ അനന്തമായ കരുണയാൽ, നമ്മളെ, അവിശ്വാസികളെ, പാപികളെ, പരദേശികളെ, ആലിംഗനം ചെയ്ത, നമ്മളും അതു തന്നെ ചെയ്യണമെന്ന് കല്പിക്കപ്പെട്ട സന്തോഷം.

നാം ഇന്നു രാത്രി ഉദ്ഘോഷിക്കുന്ന വിശ്വാസം ദൈവം അപ്രത്യക്ഷനായിരിക്കുന്ന എല്ലാ സന്ദർങ്ങളിലും അവിടുത്തെ ദർശിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ നഗരങ്ങളിലൂടെ, നമ്മുടെ അയലിടങ്ങളിലൂടെ നടന്നുപോകുന്ന, നമ്മുടെ ബസ്സുകളിൽ യാത്രപോകുന്ന, നമ്മുടെ വാതിലുകളിൽ മുട്ടുന്ന, വിളിക്കപ്പെടാത്ത – പലപ്പോ‍ഴും തിരിച്ചറിയപ്പെടാത്ത – സന്ദർശകനിൽ അവൻ പ്രത്യക്ഷനാകുന്നു.

ഈ ഭൂമിയിൽ തങ്ങൾക്കിടമില്ലെന്ന് ഒരുവർക്കും തോന്നാത്ത പുതിയ ഒരു സാമൂഹികസങ്കല്പനത്തിന് ഇടമൊരുക്കാൻ, ബന്ധങ്ങളുടെ നവരൂപങ്ങൾ പരീക്ഷിക്കാൻ ഭയപ്പെടാതിരിക്കാൻ, ഇതേ വിശ്വാസം നമ്മളെ പ്രേരിപ്പിക്കുന്നു. ഭയത്തിന്റെ ശക്തിയെ സഹാനുഭൂതിയുടെ ശക്തിയാക്കി, സഹാനുഭൂതിയുടെ പുതിയ പരികല്പനയ്ക്കുള്ള ശക്തിയാക്കി പരിവർത്തിപ്പിക്കാനുള്ള വേളയാണ് ക്രിസ്തുമസ്. അനീതി സ്വാഭാവികമായ എന്തോ ആണെന്ന മട്ടിൽ അതുമായി പൊരുത്തപ്പെടുംവിധം വളരാത്ത സഹാനുഭൂതി, മറിച്ച് സംഘർഷങ്ങളിലും പ്രതിസന്ധികളിലും, സ്വയം ഒരു ‘അപ്പത്തിന്റെ വീടാ’യി മാറാൻ, ആതിഥേയത്വത്തിന്റെ നാടായി മാറാൻ ധീരതകാട്ടുന്ന സഹാനുഭൂതി. അതാണ് പരിശുദ്ധനായ ജോൺ പോൾ രണ്ടാമൻ നമ്മളോടു പറഞ്ഞത്: “ഭയപ്പെടാതിരിക്കുക! ക്രിസ്തുവിനായി വാതിലുകൾ മലർക്കെത്തുറക്കുക” (ഹോമിലി ഫോർ ദ ഇനോഗുറേഷൻ ഓഫ് ദി പോന്തിഫിക്കേറ്റ്, 22 ഒക്ടോബർ 1978).

ബെത്ലഹേമിലെ ഉണ്ണിയിൽ, ദൈവം നമ്മളെ കാണാനെത്തുകയും നമ്മളെ നമുക്കു ചുറ്റുപാടുമുള്ള ലോകത്തിലെ ജീവിതത്തിന്റെ സജീവപങ്കാളികളാക്കുകയും ചെയ്യുന്നു. അവൻ അവനെത്തന്നെ നമുക്കു വാഗ്ദാനം ചെയ്യുന്നു, അവനെ നമുക്കു നമ്മുടെ കൈകളിലെടുക്കാനാവുംവിധം, എടുത്തുയർത്താനാകുംവിധം, ആശ്ലേഷിക്കാനാകുംവിധം. അവനിലായിരിക്കെ ദാഹിക്കുന്നവരെ, അപരിചിതരെ, നഗ്നരെ, രോഗാതുരരെ, തടവിലടയ്ക്കപ്പെട്ടവരെ നമ്മുടെ കൈകളിലെടുക്കാൻ, എടുത്തുയർത്താൻ, ആശ്ലേഷിക്കാൻ, നമ്മൾ ഭയപ്പെടേണ്ടാത്തവിധം (മത്തായി 25: 35-36). “ഭയപ്പെടാതിരിക്കുക! ക്രിസ്തുവിനായി വാതിലുകൾ മലർക്കെത്തുറക്കുക”. ഈ ഉണ്ണിയിൽ, ദൈവം നമ്മളെ പ്രത്യാശയുടെ ദൂതരാകാൻ ക്ഷണിക്കുന്നു. ഒട്ടേറെ അടഞ്ഞ വാതിലുകളെ എതിരിട്ടുണ്ടായ നൈരാശ്യംകൊണ്ട് അവനീതരായ സകലരുടെയും കാവൽഭടരാകാൻ അവൻ നമ്മളെ ക്ഷണിക്കുന്നു. ഈ ഉണ്ണിയിൽ, ദൈവം നമ്മളെ അവന്റെ ആതിഥ്യമര്യാദയുടെ ദൂതരാക്കുന്നു.

ബെത്ലഹേമിലെ കുഞ്ഞു ശിശു എന്ന സമ്മാനത്താൽ ആർദ്രരായി, നമ്മൾ അർത്ഥിക്കുന്നു: അവിടുത്തെ കരച്ചിൽ ഞങ്ങളുടെ അനാസ്ഥയെ തകർത്തെറിയട്ടെ, ഞങ്ങളുടെ കണ്ണുകൾ സഹനമനുഭവിക്കുന്നവർക്കു നേരേ തുറക്കപ്പെടട്ടെ. അവിടുത്തെ പരിമൃദുലത ഞങ്ങളുടെ മനോലോലതയെ വിളിച്ചുണർത്തട്ടെ. ഞങ്ങളുടെ നഗരങ്ങളിലും ഞങ്ങളുടെ ചരിത്രങ്ങളിലും ഞങ്ങളുടെ ജീവിതങ്ങളിലും കടന്നുവരുന്ന എല്ലാവരിലും അവിടുത്തെ ദർശിക്കാനുള്ള ഞങ്ങളുടെ അർത്ഥനയെ തിരിച്ചറിയിക്കട്ടെ. ഞങ്ങളുടെ ജനതയുടെ ആശയുടെയും ആർദ്രതയുടെയും പ്രതിനിധികളായി മാറാനുള്ള ഞങ്ങളുടെ ഉൾവിളിയെ അവിടുത്തെ വിപ്ലവകരമായ പരിമൃദുലത ഉണർത്തുമാറാകട്ടെ. (വിജിൽ ഹോമിലി എന്ന സന്ദേശത്തിന്റെ പരിഭാഷ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here