ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍; പട്ടികയില്‍ യോഗി പ്രതിയായ കേസും

ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസാണ് പിന്‍വലിക്കുന്നത്.

സര്‍ക്കാര്‍ നിരോധനം മറികടന്ന് യോഗം ചേര്‍ന്നതിനാണ് 1995ല്‍ യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പിപ്പിഗഞ്ച് പൊലീസ് കേസെടുത്തത്. കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിന് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടിനും ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, എംഎല്‍എ ശീതള്‍ പാണ്ഡെ എന്നിവരും മറ്റ് പത്തു പേര്‍ക്കെതിരെയുമാണ് കേസ്.

എന്നാല്‍ ഇവരെ കേസില്‍ നിന്നും രക്ഷപെടുത്തുന്നതിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം. ബിജെപി നേതാക്കള്‍ക്കെതിരെയള്ള കേസ് പിന്‍വലിക്കുന്നതിന് നിയമഭേദഗതിക്ക് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ഡിസംബര്‍ 21ന് സഭയില്‍ വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്ന് യോഗി ആദിത്യനാഥ് തന്നെ വ്യക്തമാക്കി.

കോടതിക്ക് മുന്നിലുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഖൊരക്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു. വസ്തുതകള്‍ പരിശോധിച്ച ശേഷം കേസ് പിന്‍വലിക്കുന്നതായി കാണിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here