ഇരുസഭകളിലും പ്രതിപക്ഷ ബഹളം; കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ നാളെ വിശദീകരണം നല്‍കാമെന്ന് സുഷമ സ്വരാജ്

ദില്ലി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവച്ചു.

കുല്‍ഭൂഷന്‍ ജാദവ് വിഷയമാണ് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കിയത്. സഭ സമ്മേളിച്ചപ്പോള്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ അപമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പിന്നാലെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പാക് വിരുദ്ധ മുദ്രാവാക്യവും വിളിച്ചു. ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെയാണ് സഭ നിര്‍ത്തിവച്ചത്.

അതേസമയം, വിഷയത്തില്‍ ലോക്‌സഭയില്‍ നാളെ വിശദീകരണം നടത്തുമെന്ന് മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
നരേന്ദ്ര മോദി, മന്‍മോഹന്‍ സിംഗിനെക്കുറിച്ച് നടത്തിയ പരാമര്‍ശവും മന്ത്രി അനന്ത്കുമാര്‍ മതേതരത്വത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുമാണ് രാജ്യസഭയെ ബഹളത്തിലാക്കിയത്.

മോദിയുടെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെയാണ് രാജ്യസഭ ബഹളത്തില്‍ മുങ്ങിയത്.

ഇതിനിടെ കുല്‍ഭൂഷന്‍ ജാദവ് സംഭവത്തില്‍ ന്യായീകരണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയത് സുരക്ഷാ കാരണങ്ങളാലാണെന്നും, അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നുവെന്നുമാണ് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വിശദീകരിച്ചത്.

ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News