ചങ്ങരംകുളത്ത് തോണിയപകടത്തില്‍ മരിച്ചകുരുന്നുകള്‍ക്ക് കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി

മലപ്പുറം: ചങ്ങരംകുളത്ത് തോണിയപകടത്തില്‍ മരിച്ചകുരുന്നുകള്‍ക്ക് കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹങ്ങള്‍ പൊതുദര്‍ശത്തിനുവെച്ച നരണിപ്പുഴയിലേക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. പനമ്പാട് സ്വദേശി ആദിനാഥിന്റെയും ആദിദേവിന്റെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പിലും മറ്റു നാലുപേരുടെ മൃതദേഹങ്ങള്‍ പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിലും സംസ്‌കരിച്ചു.

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം വേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചതോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി എട്ടുമണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പനമ്പാട് സ്വദേശി ആദിനാഥിന്റെ മൃതദേഹം വീട്ടിലേക്കും വൈഷ്ണ, ആദിദേവ്, പൂജ, ജനിഷ, പ്രസീന എന്നിവരുടെ മൃതദേഹങ്ങള്‍ നരണിപ്പുഴയിലേക്കും കൊണ്ടുപോയി.

നരണിപ്പുഴയില്‍പ്രത്യേകമൊരുക്കിയ പന്തലിലായിരുന്നു പൊതുദര്‍ശനം. ദുരന്തം വിശ്വസിക്കാനാവാതെ നരണിപ്പുഴഗ്രാമം വിങ്ങിപ്പൊട്ടി. അണമുറിയാതെയെത്തിയ ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ആദിനാഥിന്റെ മൃതദേഹം പനമ്പാട്ടെ വീട്ടിലും മാച്ചേരിയത്ത് ആദിദേവിന്റെ മൃതദേഹം കാഞ്ഞൂരിലെ വീട്ടിലുമാണ് സംസ്‌കരിച്ചത്.

മറ്റ് നാലുപേരെ പൊന്നാനി ഈശ്വരമംഗലം പൊതുസ്മശാനത്തിലും സംസ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ നരണിപ്പുഴയിലും ആശുപത്രിയിലുമെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

സംസ്‌കാരച്ചടങ്ങുകള്‍ക്ക് അടിയന്തരസഹായമായി 10,000രൂപ ബന്ധുക്കള്‍ക്ക് നല്‍കി. ദുരന്തത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ദുഖ സൂചകമായി, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു. ആകസ്മികമായെത്തിയ ദുരന്തത്തിന്റെ നടുക്കത്തിലാണ് നരണിപ്പുഴയും ചങ്ങരംകുളവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News