കുട്ടികളുടെ ലോകം മനോഹരമാകണം; അതിനായി നമുക്ക് ഒത്തു ചേരാം – ബാലസംഘം സംസ്ഥാന സെക്രട്ടറി എ‍ഴുതുന്നു

രാജ്യം എഴുപതാം സ്വാതന്ത്യ്രദിനം ആഘോഷിക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്ക് പ്രാണവായുപോലും നല്‍കാന്‍ സാധിക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ മാത്രമായി നൂറില്‍പരം കുരുന്നുകളാണ് പ്രാണവായു നിഷേധിക്കപ്പെട്ടതിനാല്‍ പിടഞ്ഞുമരിച്ചത്. തുടര്‍ന്ന് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ആശുപത്രികളില്‍നിന്ന് ശിശുഹത്യകളുടെ വാര്‍ത്തകള്‍ വന്നു. ഇന്ത്യ ജീവനറ്റ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി.

മദ്രസകളില്‍ രാജ്യസ്നേഹം ഉറപ്പാക്കാന്‍ വീഡിയോ ക്യാമറ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടവര്‍ രാജ്യത്തെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ജീവവായുപോലും നല്‍കാതെ കൊന്നുതള്ളി. കുഞ്ഞുങ്ങള്‍ക്കായി സ്വപ്നം കണ്ട ബാപ്പുജിയെയും ചാച്ചാജിയെയും ഒന്നുമല്ല അവര്‍ രാഷ്ട്രപുരുഷരാക്കുന്നത്. ദീനദയാലിനെയും ഗാന്ധിഘാതകന്‍ ഗോഡ്സെയെയുമൊക്കെയാണ്.

നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രാണവായു നിഷേധിക്കുന്നു.നിങ്ങള്‍ ഞങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്നു….നിങ്ങള്‍ ഞങ്ങളുടെ ചരിത്രം അപഹരിക്കുന്നു….നിങ്ങള്‍ ഞങ്ങളില്‍ അബദ്ധചിന്തകള്‍ പാഠമായി അടിച്ചേല്‍പ്പിക്കുന്നു.ഞങ്ങള്‍ ജനിച്ചുവീണ മണ്ണില്‍ കളിക്കാനും പഠിക്കാനും വളരാനുമാകാതെ ഞങ്ങള്‍ തേങ്ങുന്നു.
കേരളമെന്നൊരു ചുവപ്പൊന്നാണ് ഞങ്ങള്‍ക്ക് താങ്ങായുള്ളത്.’’ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടന ബാലസംഘം സ്ഥാപനദിനത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഇങ്ങനെ കാലോചിതമാക്കുന്നു.

1938 ഡിസംബര്‍ 28ന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയിലാണ ദേശീയ ബാലസംഘം രൂപീകരണസമ്മേളനം നടന്നത്. ഇ കെ നായനാര്‍ പ്രസിഡന്റും കുഞ്ഞനന്തന്‍നായര്‍ സെക്രട്ടറിയുമായി സമ്മേളനം തെരഞ്ഞെടുത്തു.

കുട്ടികളേ നിങ്ങള്‍ ഭയപ്പെടാതിരിക്കുവിന്‍, കുട്ടികളേ നിങ്ങള്‍ പഠിക്കുവിന്‍, കുട്ടികളേ നിങ്ങള്‍ മനുഷ്യരാകുവിന്‍’’എന്ന മുദ്രാവാക്യമുയര്‍ത്തി ബാലസംഘം കൂട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ അന്ന് കേരളത്തില്‍ അലയടിച്ചിരുന്ന സമരത്തിനോടൊപ്പം അണിചേര്‍ന്നു. ഒളിവില്‍ കഴിയുന്ന നേതാക്കളുടെ സന്ദേശവാഹകരായാണ് അന്ന് പ്രവര്‍ത്തിച്ചത്. ‘പഠിച്ചു ഞങ്ങള്‍ നല്ലവരാകും, ജയിച്ചു ഞങ്ങള്‍ മുന്നേറും, പടുത്തുയര്‍ത്തും ‘ഭാരതമണ്ണില്‍, സമത്വസുന്ദര നവലോകം’’’എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായി സ്വാതന്ത്യ്രാനന്തരം ബാലസംഘം മാറി.

“”കുട്ടികള്‍ക്കിണങ്ങിയ ലോകം’’ എന്ന മഹത്തായ ആശയം ആണ് യുഎന്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇന്നും അതിര്‍ത്തിയുടെപേരില്‍ വെടിയുണ്ടകളും ബോംബുകളും വര്‍ഷിക്കുമ്പോള്‍ അനാഥമാകുന്നത് നിരവധി കുഞ്ഞുങ്ങളാണ്. ഭീകരവാദികളും തീവ്രവാദികളും എല്ലാം മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ് പരസ്പരം പടവെട്ടുകയാണ്. ഇവിടെ വേണ്ടത് ഹിന്ദുരാഷ്ട്രമോ ഇസ്ളാമിക രാഷ്ട്രമോ ക്രിസ്ത്യന്‍ രാഷ്ട്രമോ അല്ല. എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സമാധാനത്തോടെ വസിക്കാനുള്ള സാഹചര്യമാണ്. അതിനായി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് ഒന്നായി നില്‍ക്കാനാകണം.

അന്ധവിശ്വാസങ്ങള്‍ ചെറുപ്പത്തിലെ കുട്ടികളില്‍ കുത്തിവയ്ക്കപ്പെടുകയാണ്. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാനാകണം. വിദ്യാലയങ്ങള്‍ക്കകത്ത് കടന്നുചെന്ന് സ്കോളര്‍ഷിപ് പരീക്ഷയുടെ മറവില്‍ വര്‍ഗീയത പടര്‍ത്തുന്ന ചിന്തകള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വിതരണംചെയ്യുകയാണ് വര്‍ഗീയസംഘടനകള്‍. ഓരോ സംസ്ഥാനത്തെയും ഭരണസ്വാധീനമുപയോഗിച്ച് അവര്‍ വിദ്യാലയങ്ങളില്‍ കടന്നുചെന്ന് വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. ഇതിനായി പാഠ്യപദ്ധതിയില്‍പോലും മാറ്റങ്ങള്‍ വരുത്തുകയാണവര്‍. ജാതിയും മതവും പറഞ്ഞ് കുഞ്ഞുങ്ങള്‍ക്കിടയിലും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുകയാണവര്‍. ഹിന്ദു വര്‍ഗീയവാദികളുടെ കഠാരയ്ക്കുമുന്നില്‍ പൊലിഞ്ഞ കുരുന്നുജീവനുകള്‍ നിരവധിയാണ്.

നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തുകയാണ് പ്രീപ്രൈമറി ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങള്‍. ഉയര്‍ന്ന ഫീസും ശിശു സൌഹൃദമല്ലാത്ത പാഠ്യരീതികളുമാണ് ഇവിടയുള്ളത്. ഇത്തരം വിദ്യാലയങ്ങളില്‍ പലതും ഇന്ന് പ്രവര്‍ത്തിക്കുന്നത് ജാതി-മത സംഘടനകളുടെ കീഴിലാണ്. ചെറുപ്പംതൊട്ടുതന്നെ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഇട്ട് വാര്‍ക്കുകയാണെങ്കില്‍ നാം പൊരുതിനേടിയ സാംസ്കാരിക മതനിരപേക്ഷനേട്ടങ്ങളുടെ നാശം അതിവിദൂരമല്ല.
ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്. പതിനായിരക്കണക്കിന് കുട്ടികളാണ് ഈ അധ്യയന വര്‍ഷം പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നത്. ഇവിടെയുള്ളത് ശിശുസൌഹൃദപാഠ്യപദ്ധതിയാണ്. ശിശുസൌഹൃദ വിദ്യാഭ്യാസത്തിന്റെ അനിവാര്യത കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നതില്‍ ബാലസംഘമാണ് നേതൃപരമായ പങ്ക് വഹിച്ചത്.

ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമാണ് കേരളം. എല്ലാ കുട്ടികള്‍ക്കും സൌജന്യവും സാര്‍വത്രികവുമായി വിദ്യാഭ്യാസം നല്‍കുന്നു. പാഠപുസ്തകങ്ങളും യൂണിഫോമുകളും ഉച്ചഭക്ഷണവും നല്‍കുന്നു. ചിന്താശേഷിയും ചരിത്രബോധവും ശാസ്ത്രബോധവുമുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാലയങ്ങള്‍ കരുത്ത് പകരുന്നു. അതിനാല്‍ സാംസ്കാരികത്തനിമയാര്‍ന്ന മാതൃഭാഷയില്‍നിന്ന് അന്യവല്‍ക്കരിച്ച് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ശ്രമിക്കുന്ന സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്ഥാപനങ്ങളെക്കാള്‍ നല്ലത് കളിച്ചും ചിരിച്ചും പാഠപുസ്തകങ്ങളിലൂടെ അറിവ് സ്വായത്തമാക്കാന്‍ കഴിയുന്ന പൊതുവിദ്യാലയങ്ങളാണ്.

കുട്ടികള്‍ക്കുള്ളതെല്ലാം പറയാനും അവയെല്ലാം കേള്‍ക്കാനും ആളുള്ളൊരു നാട്. കുട്ടികളെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സഹായിക്കാനായി ശിശുക്ഷേമസമിതികള്‍വഴി 1517 തണല്‍ ഹെല്‍പ്ലൈന്‍, 45000 ഹൈടെക് ക്ളാസ് മുറികള്‍, 1500 പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക്, മിടുക്കരായ കുട്ടികള്‍ക്ക് ഉജ്വലബാല്യം പുരസ്കാരം, കുട്ടികള്‍ക്ക് സൌജന്യചികിത്സ, രക്ഷിതാക്കളില്ലാത്തവര്‍ക്ക് കരുതലായി സ്നേഹപൂര്‍വം, കുട്ടികള്‍ക്കൊപ്പം കളിച്ചും രസിച്ചും ശിശുസൌഹൃദ പൊലീസ് സ്റ്റേഷനുകള്‍, ബാലനിധി, കിഡ്സ് ഗ്ളൌ, ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ.

ഒറ്റപ്പെട്ടതൊഴികെ സജീവമായ ശിശുക്ഷേമസ്ഥാപനങ്ങള്‍. പറയാനേറെയുണ്ട്. ദേശീയ ബാലസംഘം രൂപീകരിച്ച് എട്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള കുട്ടികളുടെ ലോകം കുറേക്കൂടി മനോഹരമാകണം. അതിനായി നമുക്കൊത്തുചേരാം. തേങ്ങുന്ന ഇന്ത്യന്‍ബാല്യം, താങ്ങായി നവകേരളം. ഡിസംബര്‍ 28ന് കേരള സംസ്ഥാനത്താകെ ഏരിയകേന്ദ്രങ്ങളില്‍ നടക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ അണിചേരുക കുട്ടികള്‍ക്കൊപ്പം.

(ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News