‘മായാനദി’യിലെ ലിപ്‌ലോക്ക്; ഐശ്വര്യ പറയുന്നു

വളരെ ആലോചിച്ചിട്ട് തന്നെയാണ് ‘മായാനദി’ സിനിമയില്‍ ടൊവിനോ തോമസിനൊപ്പം ലിപ്‌ലോക്ക് സീനില്‍ അഭിനയിച്ചതെന്ന് നായിക ഐശ്വര്യ. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ എന്ന ടെന്‍ഷന്‍ ഇപ്പോഴുമുണ്ടെന്ന് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറയുന്നു.

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ:

”ആളുകള്‍ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എല്ലാം ആലോചിച്ചിട്ടാണ് ചെയ്തത്. ആ രംഗങ്ങളൊക്കെ വൃത്തിക്കെട്ട മറ്റെന്തെങ്കിലുമായി മാറ്റപ്പെടുമോ അങ്ങനെയാരെങ്കിലും ഉപയോഗിക്കുമോ എന്ന ടെന്‍ഷനൊക്ക ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.

അതൊന്നും നമുക്ക് താങ്ങാന്‍ പറ്റില്ലല്ലോ. ടെന്‍ഷനൊക്കെ മാറ്റിവച്ചാണ് ഷൂട്ടിംഗിനെത്തിയത്. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി.

കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്‌നേഹം ആവിഷ്‌കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഒട്ടും വള്‍ഗര്‍ അല്ലാത്ത രീതിയിലാണ് ചെയ്തതും. നാണിക്കേണ്ടതായി ഒന്നും അവിടെയില്ല.

ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയുമെന്ന് ചിന്തിച്ചിരുന്നു. നല്ല പേടിയും ടെന്‍ഷനും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല.

എനിക്ക് ലീവ് കിട്ടിയിട്ട് ഒപ്പം കാണാന്‍ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം കാണുമ്പോള്‍ അവര്‍ക്ക് ഷോക്ക് ആകരുതല്ലോ. അവര്‍ക്ക് ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി.

ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ല”.-ഐശ്വര്യ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel