സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി; കണ്ണൂരില്‍ നടന്ന അക്രമങ്ങള്‍, ഉന്നത കേന്ദ്രത്തില്‍ തീരുമാനിച്ച് നടപ്പിലാക്കുന്ന രീതിയില്‍; കലാപനീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ അണിനിരക്കണം

തൃശൂര്‍: കോണ്‍ഗ്രസിന്റെ ജനദ്രോഹ നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കിംഗ് മേഖലയെ ഒന്നാകെ തകര്‍ക്കാനാണ് കേന്ദ്ര നീക്കമെന്നും ഇത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ തുക വായ്പ നല്‍കുന്നതിന്റെ ഭാരമെത്തുന്നത് സാധാരണക്കാരിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസമനുസരിച്ച് ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ് രാജ്യത്തുള്ളത്. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ജനങ്ങളെ ഭിന്നതയിലെത്തിച്ചു. വ്യത്യസ്ത നിലപാടുള്ളവര്‍ ജീവിക്കേണ്ട എന്ന നയമാണ് ആര്‍എസ്എസിനുള്ളത്.

ബോധപൂര്‍വ്വം കലാപങ്ങള്‍ ഉണ്ടാക്കി ശക്തിപ്പെടാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. ശക്തമായ ബഹുജന മുന്നേറ്റം ഇതിനെതിരെ ഉയര്‍ന്നു വരുന്നുണ്ട്. ഇത്തരം നീക്കത്തിനെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ അണിനിരക്കണമെന്നും ഇതിനായി എല്ലാവരും ഒന്നായി നില്‍ക്കണമെന്നും
മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വ്യത്യസ്ത രാഷ്ട്രീയമുള്ളവര്‍ ഒരുമിച്ച് കക്ഷികളാകുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഐക്യം എന്നത് ചിന്തിക്കാനാവില്ല. ഇടതുപക്ഷ ഐക്യവുമായി നയപരമായി യോജിക്കാന്‍ കഴിയുന്നവരെ മാത്രം ഉള്‍ക്കൊള്ളും.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു ഏകതാ സ്വഭാവമുണ്ട്. ഉന്നത കേന്ദ്രത്തില്‍ തീരുമാനിച്ച് നടപ്പാക്കുന്ന രീതിയിലാണ് കണ്ണൂരില്‍ അടുത്തിടെ നടന്ന അക്രമങ്ങള്‍. നാടിന്റെ സൈ്വര്യവും സമാധാനവും തകര്‍ക്കാനാണ് നീക്കം.

ഇത് ബോധപൂര്‍വ്വമായ നീക്കമാണ്. ഇതിനെതിരെ കരുതല്‍ വേണമെന്നും വ്യാപകമായി കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിവുള്ളവരാണ് ബിജെപിയും ആര്‍എസ്എസുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here