പത്മനാഭസ്വാമി ക്ഷേത്രം: നിധി വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ഉപയോഗ ശൂന്യമാകുന്നു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ അധികൃതരുടെ അനാസ്ഥമൂലം ഉപയോഗ ശൂന്യമാകുന്നു.ആറുമാസത്തിലൊരിക്കല്‍ ഹാര്‍ഡ് ഡിസ്കിലെ രേഖകള്‍ പരിശോധിക്കണമെന്ന് സാങ്കേതിക വിദഗ്ധര്‍ നല്‍കിയ നിര്‍ദേശം പാലിക്കാത്തതാണ് ഹാര്‍ഡ് ഡിസ്കുകള്‍ ഉപയോഗ ശൂന്യാമാകാന്‍ കാരണം.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നടന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്‍റെ മു‍ഴുവന്‍ വീഡിയോയും ചിത്രങ്ങളും അടങ്ങുന്ന ഹാര്‍ഡ് ഡിസ്കുകള്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിപ്പിപ്പിച്ചിട്ടില്ല എന്നതും സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നിയോഗിച്ച വിദഗ്ധസമിതി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തിയ നിധി ശേഖരത്തിന്‍റെ കണക്കെടുപ്പുകളാണ് ക്യാമറകളില്‍ പകര്‍ത്തി കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.ആറുമാസത്തിലൊരിക്കല്‍ ഹാര്‍ഡ് ഡിസ്കിലെ രേഖകള്‍ പരിശോധിക്കണമെന്ന് അന്ന് സാങ്കേതിക വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.

കൂടാതെ കാലപ്പഴക്കത്താല്‍ ഡിസ്കുകള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കൊടുത്തു.എന്നാല്‍ ഹാര്‍ഡ് ഡിസ്കുകള്‍ പരിശോധിച്ചിട്ട് ഇപ്പോള്‍ വര്‍ഷം മൂന്നായിരിക്കുന്നു എന്നതാണ് വസ്തുത.അധികൃതരുടെ അനാസ്ഥമൂലം ഹാര്‍ഡ് ഡിസ്കുകള്‍ ഉപയോഗ ശൂന്യമാവുകയാണ്.

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്,എസ്ബിഐ എന്നിവിടങ്ങളിലും ക്ഷേത്രത്തിനുള്ളിലെ സെര്‍വറിലുമാണ് പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഒമ്പത് ഹാര്‍ഡ് ഡിസ്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനിന്ന കണക്കെടുപ്പിന്‍റെ മുഴുവന്‍ വിവരങ്ങളും ഈ ഹാര്‍ഡ് ഡിസ്കുകളിലാണുള്ളത്.

കണക്കെടുപ്പ് പൂര്‍ത്തിയാക്കിയയതോടെ വിദഗ്ധ സമിതി നിര്‍ജീവമായി. വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ രഹസ്യ സ്വഭാവത്തിലാണ് ഹാര്‍ഡ് ഡിസ്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഡിസ്കുകള്‍ തുറക്കാന്‍ ഉപയോഗിക്കുന്ന പാസ്വേഡ് വിദഗ്ധ സമിതി അംഗങ്ങള്‍ക്കേ അറിയൂ. പ്രധാന സെര്‍വര്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെ താപനിലപോലും പരിശോധിക്കപ്പെടണം. ഇതുപോലും നടക്കുന്നില്ലെന്നാണ് ആരോപണം.2012ല്‍ ആരംഭിച്ച കണക്കെടുപ്പ് 2014ല്‍ അവസാനിച്ചു.

ശേഷം 2015 ആദ്യത്തോടെതന്നെ എല്ലാ വിവരങ്ങളും ഹാര്‍ഡ് ഡിസ്കിലാക്കി സൂക്ഷിക്കുകയായിരുന്നു. ഒരുലക്ഷംകോടി രൂപ വിലമതിക്കുന്ന നിധിശേഖരത്തിന്‍റെ 48,000 ഓളം ചിത്രങ്ങളും കണക്കെടുപ്പിന്‍റെ മുഴുവന്‍ വീഡിയോയുമാണ് ഒമ്പത് ഹാര്‍ഡ് ഡിസ്കുകളിലും ഉള്ളത്.

സ്വര്‍ണത്തിലുള്ള കിരീടങ്ങള്‍, നാണയങ്ങള്‍, ഉഡ്യാണങ്ങള്‍, ചിരട്ടകള്‍, അരിമണികള്‍, പഗോഡകള്‍, തുടങ്ങിയവയാണ് നിധികളില്‍ കൂടുതലുള്ളത്.ഇതിലെല്ലാം വജ്രമുള്‍പ്പെടെയുള്ള വിലകൂടിയ രത്നങ്ങളും പതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here