സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഐഎം 22ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പാലക്കാട് ജില്ലാ സമ്മേളനം ഇന്ന്. പ്രതിനിധി സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളില്‍ നിന്നും ആരംഭിച്ച പതാക-കൊടിമര-ദീപശിഖാ ജാഥകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ മണ്ണാര്‍ക്കാട്ടെ പൊതുസമ്മേളന നഗരിയായ ഫിദല്‍ കാസ്‌ട്രോ നഗരിയില്‍ സംഗമിച്ചു.

തുടര്‍ന്ന് ആവേശോജ്ജ്വലമായ അന്തരീക്ഷത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എംബി രാജേഷ് ചെമ്പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരിക തുടക്കമായി.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും തിരഞ്ഞെടുപ്പുകളുമെല്ലാം സമ്മേളനത്തില്‍ സജീവമായി ചര്‍ച്ച ചെയ്ത് വിലയിരുത്തും.

മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 331 പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കേന്ദ്ര കമ്മറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നുള്ള പ്രമുഖ നേതാക്കന്‍മാരും സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും.

സമ്മേളനത്തിന് സാപനം കുറിച്ച് കൊണ്ട് 31 ന് വൈകുന്നേരം കുന്തിപ്പുഴക്കരികില്‍ നിന്ന് റെഡ് വളന്റിയര്‍മാര്‍ച്ച് നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here