കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമം; ആക്രമണത്തെ അപലപിച്ച് എസ്എഫ്‌ഐ

ദില്ലി: സംസ്ഥാനത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അതിക്രൂരമായ ആര്‍എസ്എസ് ആക്രമണത്തെ എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി അപലപിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും നേരെ ഒന്നിലേറെ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് നടത്തിയത്. പത്തനംതിട്ട ജില്ലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും തിരുവനന്തപുരത്തും കണ്ണൂരും ഇടതുപക്ഷ പ്രവര്‍ത്തകരും ആക്രമണത്തിനിരയായി.

എസ്എഫ്‌ഐ പത്തനംതിട്ട ജില്ല ജോയിന്റ് സെക്രട്ടറി സന്ദീപ്, ഏരിയാ ജോയിന്റ് സെക്രട്ടറി ഷഫീഖ് എന്നിവരെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആര്‍എസ്എസ്-എബിവിപി സംഘം ആക്രമിച്ചത്. വാളുകളും ഇരുമ്പുകമ്പികളുംകൊണ്ടുള്ള ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടുപേരുടെയും തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കോര്‍പറേറ്റ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഗീബല്‍സിയന്‍ രീതിയിലുള്ള അപവാദ പ്രചരണങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ഇടതുപക്ഷത്തിനെതിരെ നടത്തുന്നത്.

എന്നാല്‍, ഇടതുപക്ഷപുരോഗമന പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തി ആര്‍എസ്എസ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് യാഥാര്‍ത്ഥ്യം.

എസ്എഫ്‌ഐ, ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം തുടരുന്ന ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്തെ എല്ലാ എസ്എഫ്‌ഐ യൂണിറ്റുകളും ശക്തമായി പ്രതിഷേധിക്കണമെന്ന് പ്രസിഡന്റ് വിപി സാനുവും ജനറല്‍ സെക്രട്ടറി വിക്രം സിങും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here