ഓഖി: 404 കോടിയുടെ അടിയന്തരസഹായത്തിന് കേന്ദ്രസംഘത്തിന്റെ ശുപാര്‍ശ; റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്കായി 404 കോടി രൂപയുടെ അടിയന്തരസഹായത്തിന് കേന്ദ്രസംഘം ശുപാര്‍ശചെയ്തു.

കേരളത്തിലുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളം ആവശ്യപ്പെട്ട അടിയന്തര പുനരധിവാസപദ്ധതി അംഗീകരിച്ചത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ബിപിന്‍ മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്രസംഘം കൈക്കൊണ്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക്കും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞു.

കേരളം ആദ്യം 422 കോടിയുടെ അടിയന്തരസഹായമാണ് ആവശ്യപ്പെട്ടത്. പിന്നീട് 442 കോടി രൂപയുടേതാക്കി പുതുക്കി നിവേദനം നല്‍കി. നിവേദനങ്ങളില്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലെല്ലാം കേന്ദ്രസംഘം പരിശോധന നടത്തിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 442 കോടിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു.

പതിവ്രീതിയിലാണെങ്കില്‍ നിവേദനത്തിലെ 226 കോടി രൂപയ്ക്കും കേന്ദ്രമാനദണ്ഡമനുസരിച്ച് അംഗീകാരം നല്‍കാനാകില്ല. എന്നാല്‍, പുതുക്കിയ നിവേദനത്തിലെ 442 കോടിയില്‍ 38 കോടി ഒഴികെയുള്ളവയ്ക്ക് കേന്ദ്രസംഘം അംഗീകാരം നല്‍കി. ഭവനനിര്‍മാണം, മത്സ്യബന്ധനം, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ മിക്കവാറും അംഗീകരിച്ചു.

തീരമേഖലയിലെ വീടുകള്‍ തീരത്തുനിന്ന് അകലേക്ക് മാറ്റുന്നതാണ് സുരക്ഷിതം. ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തീരത്തുള്ള ഭൂമിയുടെ ഉടമാവകാശം അവര്‍ക്കുതന്നെയായിരിക്കും. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ദീര്‍ഘകാല പുനരധിവാസപാക്കേജ് സമര്‍പ്പിച്ചത്. 7320 കോടിയുടെ പാക്കേജില്‍ 3030 കോടിയും ഈ ആവശ്യത്തിനുള്ളതാണ് ഐസക് പറഞ്ഞു.

അടിയന്തര പുനരധിവാസത്തിനുള്ള നിവേദനത്തിലെ ആവശ്യങ്ങളാണ് കേന്ദ്രസംഘം ശുപാര്‍ശചെയ്തത്. ദീര്‍ഘകാല പദ്ധതികളുടെ കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ബിപിന്‍ മാലിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News