2018 പ്രതീക്ഷയും ആശങ്കയും; കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു

ചരിത്രത്തിലേക്ക് 2017 പിന്‍വാങ്ങി, പുതുവര്‍ഷം പിറവിയെടുക്കുകയാണല്ലോ. ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നൂറാംവാര്‍ഷികം, മാര്‍ക്‌സിന്റെ മൂലധനത്തിന്റെ 150ാംവാര്‍ഷികം ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ 50ാമാണ്ട് തുടങ്ങിയ സവിശേഷതകളുടെ ഓര്‍മപ്പെടുത്തല്‍ നടന്ന വര്‍ഷമാണ് 2017.

സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകര്‍ച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തെ പിടിച്ചുകെട്ടാനുള്ള ജനശക്തിയില്‍ വലിയ ചോര്‍ച്ചയുണ്ടാക്കി. ഇറാഖിന്റെയും ലിബിയയുടെയും തകര്‍ച്ചമുതല്‍ പലസ്തീന്‍പ്രശ്‌നത്തില്‍ ഇസ്രയേല്‍ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന ജറുസലേം തലസ്ഥാനത്തെപ്പറ്റിയുള്ള ട്രംപിന്റെ അമേരിക്കന്‍ പ്രഖ്യാപനത്തില്‍വരെ തെളിയുന്നത് സോവിയറ്റ് യൂണിയന്റെ അഭാവമാണ്. സോവിയറ്റ് അനന്തര ആഗോളസാഹചര്യങ്ങളില്‍ വംശീയ കേന്ദ്രീകൃത തീവ്ര വലതുപക്ഷരാഷ്ട്രീയത്തിന് ഇടം കൂടിയിട്ടുണ്ട്.

അമേരിക്കയില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പുവിജയത്തിന് ഇതും ഒരു ഘടകമാണ്. പക്ഷേ, ഈ സാഹചര്യത്തിലും സാമ്രാജ്യത്വചേരിയില്‍തന്നെ ഏറ്റുമുട്ടലും വൈരുധ്യവും വളരുന്നുണ്ട്. അതിന് തെളിവാണ് ജറുസലേം വിഷയത്തില്‍ അമേരിക്ക ഒരു ഭാഗത്തും ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ വികസിത മുതലാളിത്തരാജ്യങ്ങള്‍ മറുവശത്തും അണിനിരന്ന ഐക്യരാഷ്ട്രസഭയിലെ രംഗങ്ങള്‍.

ലോകത്തെ മുഖ്യവൈരുധ്യം ഇന്നും സാമ്രാജ്യത്വവും സോഷ്യലിസവുമാണ്. അതുകൊണ്ടാണ് മാര്‍ക്‌സിന്റെ ‘മൂലധനം’ പാശ്ചാത്യരാജ്യങ്ങളിലടക്കം വിപുലമായി വായിക്കപ്പെടുന്നത്. ചൂഷണാധിഷ്ഠിത വ്യവസ്ഥയായ മുതലാളിത്തത്തില്‍നിന്ന് വിമോചനം നേടാന്‍ ലോകജനതയുടെ വെമ്പല്‍ ശക്തമാണ്.

ഈ വികാരം നിലനില്‍ക്കുന്നതുകൊണ്ടാണ് ‘മൂലധന’ത്തെപ്പറ്റിയുള്ള പഠനപുസ്തകങ്ങള്‍ക്കും ‘മൂലധന’ത്തെ വിശദീകരിക്കുന്ന സൈദ്ധാന്തികപഠനങ്ങള്‍ക്കും അമേരിക്കയിലെയും ബ്രിട്ടനിലെയും സര്‍വകലാശാലകളില്‍ കൂടുതല്‍ ഇടം ലഭിച്ചിരിക്കുന്നത്. ഡാവിഡ് ഹാര്‍വി എന്ന പണ്ഡിതന്‍ രചിച്ച ‘മൂലധനത്തിന്റെ സഹായി’ (ഇീാുമിശീി ീേ ഇമുശമേഹ) എന്ന ഗ്രന്ഥം പാശ്ചാത്യനാട്ടില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു.

ഡാവിഡ് ഹാര്‍വി ഓക്‌സ്‌ഫോര്‍ഡിലും അമേരിക്കയിലും മാര്‍ക്‌സിന്റെ ‘മൂലധന’ത്തിന്റെ ഒന്നാം വോള്യത്തെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ക്‌ളാസുകളുടെ റെക്കോഡ് ചെയ്ത ദൃശ്യാവിഷ്‌കാരങ്ങള്‍ ലോകത്തെമ്പാടും കാണിക്കുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മുതലാളിത്തവിരുദ്ധ വികാരം ലോകത്ത് ശക്തിപ്പെടുന്നുവെന്നാണ്. മുതലാളിത്തത്തിന് തകരാതെ നിര്‍വാഹമില്ലെന്ന മാര്‍ക്‌സിന്റെ നിരീക്ഷണമാണ് സ്വീകരിക്കപ്പെടുന്നത്.

നേപ്പാള്‍ ചുവന്നത് ഇതിന്റെ സൂചനയാണ്. അവിടത്തെ പാര്‍ലമെന്റ് പ്രവിശ്യ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികള്‍ (കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍) ചേര്‍ന്ന സഖ്യത്തിന് ചരിത്രവിജയമുണ്ടായി.

ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യയുടെ അയല്‍രാജ്യത്തെ ഈ സംഭവവികാസം ഇവിടത്തെ ഹിന്ദുത്വഭരണക്കാരെ നിരാശപ്പെടുത്തുന്നതാണ്. നേപ്പാളിലെ കമ്യൂണിസ്റ്റ് വിജയത്തില്‍ തിളങ്ങുന്നത് ജനാധിപത്യമാണ്.

പ്രക്ഷോഭത്തിലൂടെ അവസാനിപ്പിച്ച രാജഭരണം തിരികെ കൊണ്ടുവരാനുള്ള മുദ്രാവാക്യമായിരുന്നു എതിര്‍പക്ഷത്തിന്റേത്. ഇതിന്റെ കടയ്ക്ക് കത്തിവയ്ക്കുന്നതായി കമ്യൂണിസ്റ്റ് പാര്‍ടികളുടെ വിജയം. ഇതെല്ലാം ഉള്ളപ്പോള്‍ത്തന്നെ 2017ല്‍ ലോകം തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി ആര്‍എസ്എസ് അധികാരത്തിലെത്തിയെന്നതാണ് 2014 മുതല്‍ 2017 വരെ വിലയിരുത്തുമ്പോള്‍ കാണാന്‍ കഴിയുന്നത്. ഇന്ത്യ മുമ്പെന്നത്തേക്കാളും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്ത്.

മോഡിഭരണത്തിന്റെ ഫലമാണിത്്. ആര്‍എസ്എസിന്റെ സംഘടനാസംവിധാനം ഉപയോഗിച്ചുള്ള വര്‍ഗീയവല്‍ക്കരണത്തെയും അക്രമാസക്തമായ അന്യമതവിദ്വേഷ പ്രവര്‍ത്തനത്തെയും പ്രചോദിപ്പിക്കുന്ന ഭരണമാണ് രാജ്യത്തുള്ളത്.

‘അഛേ ദിന്‍ ആനേ വാലേ ഹേ’ (നല്ല ദിനങ്ങള്‍ വരുന്നു) എന്നിത്യാദി മുദ്രാവാക്യങ്ങളുടെ പിന്‍ബലത്തിലാണ് മോഡി അധികാരത്തില്‍ വന്നത്. പക്ഷേ, രക്ഷകപരിവേഷം കൂടുതല്‍ പൊളിഞ്ഞിരിക്കുകയാണ്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തിന് പ്രതികൂലമായി. സംസ്ഥാനങ്ങളുടെ സാമ്പത്തികവിഷയങ്ങളെയും പൊതുഖജനാവിനെയും വിഷമകരമാക്കി.

ആര്‍എസ്എസ് ഭരണമുള്ള ഇന്ത്യയില്‍ മുഖ്യ രാഷ്ട്രീയവിപത്ത് ബിജെപിയും ആര്‍എസ്എസുമാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരഭ്രഷ്ടമാക്കാന്‍ ഇന്ത്യന്‍ ജനതയെ സജ്ജമാക്കാനുള്ള കടമ വരുംവര്‍ഷങ്ങളില്‍ നിര്‍വഹിക്കണം.

അതിനുള്ളവഴി കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയതുകൊണ്ടായില്ല. മോഡി അധികാരത്തില്‍ എത്തിയത് വര്‍ഗീയതയെ ഉപയോഗിച്ചതുകൊണ്ടുമാത്രമല്ല, കോണ്‍ഗ്രസ് നേതൃഭരണത്തിന്റെ പരാജയവും അഴിമതിയും ജനവിരുദ്ധതയും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയവും കൊണ്ടാണ്. കോണ്‍ഗ്രസിന്റെ അതേ സാമ്പത്തികനയമാണ് ബിജെപിഭരണവും തുടരുന്നത്.

അതിനാല്‍ ആ സാമ്പത്തികനയം കാരണം കെടുതി അനുഭവിക്കുന്ന ജനങ്ങളെ മോഡിഭരണത്തിനെതിരെ അണിനിരത്താന്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയകൂട്ടുകെട്ട് ഉണ്ടാക്കിയതുകൊണ്ടോ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയതുകൊണ്ടോ കഴിയില്ല. അത് ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയനീക്കത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കും.

കോര്‍പറേറ്റ് മൂലധന ശക്തികളുടെ പൊതുപിന്തുണ ആര്‍ജിച്ച് 2014ല്‍ മത്സരിച്ച മോഡി അമേരിക്കന്‍ പബ്‌ളിക് റിലേഷന്‍സ് കമ്പനിയെയടക്കം കൂട്ടിയാണ് തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്.

അന്ന് വാരാണസിയില്‍ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി മോഡി ഗംഗാനദിയിലേക്കിറങ്ങിയപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് മോഡി ഗംഗയിലേക്ക് ഇറങ്ങിവരുന്നതിന്റെ ഇലക്ട്രോണിക് ദൃശ്യം ആ രാത്രിയില്‍ ആകാശത്ത് സൃഷ്ടിച്ചു.

വിഷ്ണുവിന്റെ അവതാരം ഇറങ്ങിവരുന്നു എന്ന് വിശ്വാസികളായ ദരിദ്രഹിന്ദുക്കള്‍ കരുതുന്നവിധത്തില്‍ പ്രചാരണം സംഘടിപ്പിക്കുന്നതില്‍ വിജയിച്ചുവെന്ന് പണ്ഡിതനായ ഐജാസ് അഹമ്മദ് ആ സംഭവം ഉദാഹരിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വലിയതോതില്‍ പണം ചെലവഴിച്ച് ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളെ സംഘപരിവാര്‍ ദുരുപയോഗപ്പെടുത്തുകയാണ്. ഇതിനെയെല്ലാം നേരിടാനുള്ള ബൌദ്ധികമായ ജനകീയ ഉണര്‍വ് ഇന്നുള്ളതിന്റെ എത്രയോ ഇരട്ടി വര്‍ധിപ്പിച്ചേ മതിയാകൂ.

ഗൌരി ലങ്കേഷിനെപ്പോലെയുള്ള ധീര മാധ്യമപ്രവര്‍ത്തകരെ വകവരുത്തുന്നതില്‍ മടികാട്ടാത്ത ഹിന്ദുത്വസംഘടനകള്‍, പശുവിന്റെയും ലൌ ജിഹാദിന്റെയും പേരുകളില്‍ നടത്തുന്ന അരുംകൊലകളും അക്രമങ്ങളും പെരുകിയിരിക്കുകയാണ്. ലൌ ജിഹാദ് സംഘപരിവാര്‍ സ്വീകരിച്ചിരിക്കുന്നത് ഹിറ്റ്‌ലറില്‍നിന്നാണ്.

ഹിറ്റ്‌ലറിന്റെ ആത്മകഥയായ ‘മെയിന്‍ കാംഫി’ല്‍ (എന്റെ പോരാട്ടം) യഹൂദ ചെറുപ്പക്കാരെ മറ്റ് വംശങ്ങളിലെ പെണ്‍കുട്ടികള്‍ വശീകരിക്കുന്നുവെന്നും അതിലൂടെ ആര്യവംശത്തിന്റെ രക്തശുദ്ധി മലിനമാക്കുന്നുവെന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വംശശുദ്ധിയെ മലിനീകരിക്കുന്നത് വലിയ പാപമാണെന്ന ഹിറ്റ്‌ലറുടെ വചനം വേദമാക്കിയാണ് ഹിന്ദുത്വശക്തികള്‍ ലൌ ജിഹാദ് എന്ന ലേബലൊട്ടിച്ച് പ്രണയത്തിനും പ്രണയദാമ്പത്യങ്ങള്‍ക്കുമെതിരെ കൊലക്കളം തീര്‍ക്കുന്നത്.

ക്രിസ്ത്യന്‍ പള്ളികള്‍ക്കും ബൈബിളിനുമെതിരെമാത്രമല്ല, ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെപ്പോലും ഭീഷണിയും ആക്രമണവും ആര്‍എസ്എസ് നടത്തുന്നു. ഗുജറാത്ത്, ഒഡിഷ, രാജസ്ഥാന്‍, യുപി, വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍, മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളിലെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടാകുന്നു.

ഇതിന്റെ തുടര്‍ച്ചയാണ് യുപിയില്‍ ക്രിസ്മസ് ആഘോഷം വിലക്കിയ ആര്‍എസ്എസിന്റെ തീട്ടൂരം. ക്രിസ്മസ് ആഘോഷം മതപരിവര്‍ത്തനത്തിനുള്ള നീക്കമാണെന്നും അതിനാല്‍ യുപിയിലെ വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പാടില്ലെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് കല്‍പ്പിച്ചു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്‌ളീമിസ് വ്യക്തമാക്കിയത്.

ക്രിസ്മസ് കരോളിനുനേരെ മധ്യപ്രദേശിലെ സത്‌നയില്‍ ആക്രമണമുണ്ടായി. സത്‌നയ്ക്കുസമീപമുള്ള ഗ്രാമത്തില്‍ കരോളിന് പോയ സെമിനാരി വിദ്യാര്‍ഥികളെയും വൈദികരെയും ഒരുകൂട്ടം ആളുകള്‍ ആക്രമിക്കുകയും പിടിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

എന്നിട്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ അവരെ മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ വൈദികര്‍ വന്ന കാര്‍ കത്തിച്ചു. മതം മാറ്റം എന്ന പേരില്‍ വൈദികര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തു. ജനാധിപത്യവും നീതിന്യായവ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു രാജ്യത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇവിടെ നടന്നത്.

ഇതില്‍ സഹികെട്ടാണ് ഒരു സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന സന്യാസി പ്രമുഖനുതന്നെ, കേന്ദ്ര സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയേണ്ടിവന്നത്.

മതനിരപേക്ഷത തച്ചുടയ്ക്കുന്ന ഇന്ത്യയുടെ ദേശീയ സാഹചര്യത്തില്‍ മതനിരപേക്ഷതയുടെ തുരുത്തുകളായി എല്‍ഡിഎഫ് ഭരിക്കുന്ന കേരളവും ഇടതുപക്ഷഭരണമുള്ള ത്രിപുരയും നിലനില്‍ക്കുകയാണ്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ ഇടതുപക്ഷഭരണത്തെ ഇല്ലാതാക്കാനുള്ള എല്ലാവിധ കളികളും കേന്ദ്രഭരണത്തിന്റെ തണലില്‍ ബിജെപിയും ആര്‍എസ്എസും പയറ്റുന്നുണ്ടെങ്കിലും പ്രബുദ്ധജനത അതിനെ തള്ളുമെന്നുള്ളത് ഉറപ്പാണ്.

ഇപ്പോള്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുഫലം അത് വ്യക്തമാക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപി നയിക്കുന്ന എന്‍ഡിഎയും പരസ്പരധാരണയോടെ ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്നുണ്ട്.

പക്ഷേ ‘പാണ്ടന്‍നായയുടെ പല്ലിന് ശൌര്യം പണ്ടേപോലെ ഫലിക്കുന്നില്ല’ എന്ന വിധത്തിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും വേങ്ങര നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിച്ചുകൊണ്ട് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് ഈ സന്ദേശമാണ്.

സുനാമിക്കുശേഷം നാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ഓഖി കൊടുങ്കാറ്റ് സൃഷ്ടിച്ചത്. ദുരന്തം നേരിടുന്നതിലും ദുരിതബാധിതരെ സഹായിക്കുന്നതിലും പിണറായി വിജയന്‍ സര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നത്. ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനത്തില്‍ കക്ഷി രാഷ്ട്രീയ മത പരിഗണനകള്‍ക്കപ്പുറമായി യോജിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടിയോളം രൂപ സിപിഐ എംതന്നെ സംഭരിച്ച് നല്‍കിയിട്ടുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനം പുലര്‍ത്തുന്ന സാമൂഹ്യപ്രതിബദ്ധതയുടെ നിദര്‍ശനമാണിത്. ഓഖി ദുരിതാശ്വാസത്തിന് അടിയന്തരസഹായമായി 133 കോടി രൂപമാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇത് അപര്യാപ്തമാണ്. 7320 കോടി രൂപയുടെ ദീര്‍ഘകാല പാക്കേജ് തീരദേശത്തിനുവേണ്ടിയും താരതമ്യേന സുരക്ഷിതമായ മത്സ്യബന്ധനത്തിനുവേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചെങ്കിലും അതേപ്പറ്റി പ്രതികരിച്ചിട്ടില്ല. സുനാമി ദുരിതാശ്വാസത്തിന് 1400 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിരുന്നത്.

ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനും തീരദേശത്തിന്റെ ദീര്‍ഘകാല സംരക്ഷണത്തിനുംവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കണം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News