കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐഎം; ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഹരിയാനയിലെ സേനാപതിയിലേക്ക് കോച്ച് ഫാക്ടറി മാറ്റാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറിയ ഭൂമിയില്‍ ഉടന്‍ നിര്‍മാണപ്രവൃത്തി ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് 2008ലെ പാലക്കാട് കോച്ച് ഫാക്ടറി അനുവദിച്ചത്.

പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 324 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറി. തുടര്‍ന്ന് 2012ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ടതല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടായില്ല. കഞ്ചിക്കോടിനോടൊപ്പം പ്രഖ്യാപിച്ച റായ്ബറേലിയിലെയും കൊല്‍ക്കത്തക്കടുത്തുള്ള കഞ്ചപ്രയിലും കോച്ച് ഫാക്ടറികള്‍ യാഥാര്‍ത്ഥ്യമായി.

ആദ്യം പൊതുമേഖലയില്‍ തുടങ്ങാനുദ്ദേശിച്ച പദ്ധതി പിന്നീട് സ്വകാര്യപൊതു പങ്കാളിത്തത്തോടെ തുടങ്ങാമെന്നാണറിയിച്ചത്. എംബി രാജേഷ് എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

തുടര്‍ന്ന് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ കോച്ച് ഫാക്ടരി പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഹരിയാനയിലേക്ക് പദ്ധതി മാറ്റി സ്ഥാപിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. റെയില്‍വേ കോച്ചുകളും മെട്രോ കോച്ചുകളും നിര്‍മിക്കുന്ന കഞ്ചിക്കോട്ടെ ബെമലുമായോ സെയിലുമായോ സഹകരിച്ച് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കും.

പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here