വെണ്ടുട്ടായി ക്വട്ടേഷന്‍സംഘം; ആര്‍എസ്എസിന്റെ അധോലോക മുഖം: ഇവര്‍ നടത്തിയ അക്രമപരമ്പരകള്‍ക്ക് കൈയും കണക്കുമില്ല

കണ്ണൂര്‍: ആളുകളെ നഗ്‌നരാക്കി മരത്തില്‍ കെട്ടിയിട്ട് താഴെ തീയിടും. ദേഹം മുഴുവന്‍ കരിഓയില്‍ തേച്ചുനിര്‍ത്തും. ഓടിരക്ഷപ്പെടാതിരിക്കാനാണിത്. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കള്ളനെന്നു വിളിച്ചു നാട്ടുകാരെക്കൊണ്ട് പിടിപ്പിക്കും. കരഞ്ഞുവിളിച്ചാലും ആരും കേള്‍ക്കാത്ത സ്ഥലം’-നാലുവര്‍ഷം മുമ്പ് പ്രമുഖ മലയാളപത്രത്തില്‍ വന്ന വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചു.

പിണറായിക്കടുത്ത വെണ്ടുട്ടായിയിലെ ഒഴിഞ്ഞ കേന്ദ്രത്തില്‍ ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം നടത്തിയ താലിബാന്‍ മോഡല്‍ ഭീകരതയുടെ വിവരങ്ങളാണ് അന്ന് പുറംലോകമറിഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ്സിന്റെ അധോലോക മുഖമാണ് വെണ്ടുട്ടായി ക്വട്ടേഷന്‍സംഘം. സംഘത്തലവനും കൊടുംക്രിമിനലുമായ പ്രേംജിത്തിനെയും രണ്ടു കൂട്ടാളികളെയും അറസ്റ്റ് ചെയ്തപ്പോള്‍ ആര്‍എസ്എസ്സുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് വേറെ കാരണം ചികയേണ്ട.

ആര്‍എസ്എസ് നടത്തിയ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഈ ക്വട്ടേഷന്‍സംഘവുമായി ബന്ധപ്പെട്ടാണ്. വെണ്ടുട്ടായി, പള്ളിക്കുണ്ടം, പുത്തങ്കണ്ടം, പടിഞ്ഞിറ്റാംമുറി, മമ്പറം തുടങ്ങിയ പ്രദേശങ്ങളാണ് പ്രധാനതാവളം. നാല്‍പതോളം ക്രിമിനലുകളാണ് സംഘത്തില്‍.

കൊലപാതകം നടത്തിയശേഷം ഈ താവളത്തില്‍ അഭയം പ്രാപിക്കുകയാണ് പതിവ്. ചന്ദനമോഷണം, വാഹനമോഷണം, രാത്രി വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞുനിര്‍ത്തി സ്വര്‍ണാഭരണങ്ങളും പണവും പിടിച്ചുപറിക്കല്‍ തുടങ്ങിയവ സംഘം നടത്തുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണം വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘത്തിന്റെ സുവര്‍ണകാലമായിരുന്നു. മോഷണമുതലിന്റെയും ക്വട്ടേഷന്റെയും പങ്കുപറ്റിയവര്‍ ഇവരെ തൊടാന്‍ മടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ പിണറായി ചേരിക്കലിലെ സിപിഐഎം പ്രവര്‍ത്തകന്‍ സി വി രവീന്ദ്രനെ ബോംബെറിഞ്ഞശേഷം വാഹനം കയറ്റിക്കൊന്നത് വെണ്ടുട്ടായി സംഘമാണ്.

തെരഞ്ഞെടുപ്പുവേളയില്‍ ഇവര്‍ നടത്തിയ അക്രമപരമ്പരകള്‍ക്ക് കൈയും കണക്കുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിണറായിയില്‍ സ്ഥാപിച്ച 200 മീറ്റര്‍ നീളമുള്ള ഫ്‌ളക്‌സ്‌ബോര്‍ഡ് തീവച്ച് നശിപ്പിച്ചത് ദേശീയതലത്തിലടക്കം വലിയ വാര്‍ത്തയായി.

ഈ ക്വട്ടേഷന്‍സംഘം വീടിനുനേരെ ബോംബെറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിലാണ് വെണ്ടുട്ടായി വൈഷ്ണവത്തില്‍ സരോജിനി 2015 ഫെബ്രുവരി 27ന് മരിച്ചത്.

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഇവരുടെ മകന്‍ സി ഷൈജനെ വകവരുത്താനാണ് സംഘമെത്തിയത്. പാനുണ്ട കോമ്പിലെ അഷറഫിനെ മത്സ്യവിതരണത്തിനിടെ 2011 മെയ് 19ന് ഇരുചക്രവാഹനം തടഞ്ഞ് കൊലപ്പെടുത്തിയതും ഇതേ സംഘമായിരുന്നു.

കടപ്പാട്: ദേശാഭിമാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News