പുതുവത്സരാഘോഷത്തോടൊപ്പം ഐഎസ്എല്‍ മാച്ചും; കൊച്ചി കനത്ത സുരക്ഷയില്‍; കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്

പുതുവത്സരാഘോഷങ്ങളുടെയും ഐഎസ്എല്‍ മത്സരത്തിന്റെയും ഭാഗമായി കൊച്ചി നഗരത്തില്‍ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 3500 ഓളം പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഐഎസ്എല്‍ മത്സരത്തിനായി 800, ഫോര്‍ട്ടുകൊച്ചിയില്‍ 1500, നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ 850, പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പോലീസും എക്‌സൈസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി നഗരത്തില്‍ പരിശോധന നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും, പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെയും കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും.

അമിതവേഗത്തിലും ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയും വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഷാഡോ പോലീസിന്റെ കര്‍ശന നിരീക്ഷണമുണ്ട്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ എത്തുന്ന വാഹനങ്ങള്‍ ജനങ്ങള്‍ പിരിഞ്ഞു പോയ ശേഷമേ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് എടുക്കാന്‍ അനുവദിക്കൂ. വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍ യാത്രക്കാര്‍ പോയശേഷം മാത്രമേ വാഹനങ്ങള്‍ കയറ്റാന്‍ അനുവദിക്കൂ.

പുതുവത്സരാഘോഷങ്ങളടെ പശ്ചാത്തലത്തില്‍ ഇന്നത്തെ ഐഎസ്എല്‍ മത്സരം മാറ്റി വക്കണമെന്ന് സിറ്റി പോലീസ്
ബ്ലാസ്‌റ്റേഴ്‌സ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

പുതുവത്സരം പ്രമാണിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ വിന്യസിക്കേണ്ടതിനാല്‍ മത്സരത്തിന് സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇത് പരിഗണിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് പരമാവധി പോലീസ് സേനയെ നഗരത്തില്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here