ജെഡിയുവിന്റെ നിര്‍ണ്ണായക നേതൃയോഗം ജനുവരിയില്‍ തിരുവനന്തപുരത്ത്; മുന്നണി മാറ്റം ചര്‍ച്ചയാകും

ജെഡിയുവിന്റെ നിര്‍ണ്ണായക നേതൃയോഗം ജനു. 11, 12 തിയതികളില്‍ തിരുവനന്തപുരത്ത് ചേരും. മുന്നണി മാറ്റം അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. പുതിയ പാര്‍ട്ടി രൂപീകരണവും യോഗത്തില്‍ ഉയര്‍ന്നു വരും.

ജനു 11 ന് സംസ്ഥാന കമ്മിറ്റിയും 12ന് സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരത്ത് ചേരാനാണ് ജെ ഡി യു തീരുമാനം. ഈ മാസം 17 ന് കോഴിക്കോട് നിശ്ചയിച്ച യോഗം വീരേന്ദ്രകുമാറിന്റെ ദില്ലി സന്ദര്‍ശനത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെച്ച പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. യു ഡി എഫ് വിടുന്നതടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. പുതിയ പാര്‍ട്ടി രൂപീകരിക്കുക, ജെ ഡി എസില്‍ ലയിക്കുക എന്നീ സാധ്യതകളാണ് വീരേന്ദ്രകുമാറിന്റെ മുന്നിലുള്ളത്.

ജെ ഡി എസില്‍ ലയിക്കുന്നതിനോട് പാര്‍ട്ടിയില്‍ മുമ്പുണ്ടായ എതിര്‍പ്പ് ഇപ്പോഴില്ല. എസ് ജെ ഡി പുനരുജ്ജിവിപ്പിക്കുക എന്ന ആശയവും യോഗം ചര്‍ച്ച ചെയ്യും. നിതീഷ് കുമാര്‍ എന്‍ ഡി എ യിലേക്ക് ചേക്കേറിയതോടെയാണ് വീരേന്ദ്രകുമാറും കൂട്ടരും പ്രതിസന്ധിയിലായത്.

വീരേന്ദ്രകുമാറിനെ ജെ ഡി യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ നീക്കിയിരുന്നു. വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെക്കുകയും ചെയ്തു. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനപ്പുറം മുന്നണി മാറുമോ എന്ന കാര്യമാണ് എവരും ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here