യോഗിയുടെ യുപിയില്‍ പുതുവർഷത്തുടക്കം ഇങ്ങനെ: ഗോവധം ആരോപിച്ച് പെൺകുട്ടികളെ ജയിലിലടച്ചു; കുട്ടികളായിരുന്നിട്ടും വിലങ്ങുവച്ച് കോടതിയിലെത്തിച്ചു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളടക്കം ഒമ്പതുപേരെ ജയലിലടച്ചു. പ്രധാന പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന നസിമുദീന്റെ ഭാര്യയെയും പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍മക്കളെയുമാണ് ജയിലിലടച്ചത്.

മുസഫര്‍നഗറിലെ ഖതൌലിയിലാണ് ഗോവധനിരോധന നിയമത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ജയിലിലടച്ചത്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത ഇവരെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കുന്നതിന് പകരം മറ്റുള്ളവര്‍ക്കൊപ്പം പൊലീസ് ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, അറസ്റ്റിലായ പെണ്‍കുട്ടികളുടെ ആധാര്‍ കാര്‍ഡില്‍ 2001, 2005 വര്‍ഷങ്ങളിലാണ് ജനനമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജയിലിലായവരില്‍ രണ്ടുസ്ത്രീകള്‍ കൂടിയുണ്ട്.

പശുക്കശാപ്പിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് സംഭവം. പെണ്‍കുട്ടികളെ ജയിലിലടച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. ജുവൈനല്‍ ജസ്റ്റിസ് നിയമം പാലിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാകാത്തവരെ വിലങ്ങ് അണിയിക്കരുതെന്നും ജയിലിലടയ്ക്കരുതെന്നുമുള്ള നിയമം പാലിച്ചില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി എസ്എസ്പി അജയ് സഹ്‌ദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പശുവിനെ കൊന്നതിന്റെ പേരില്‍ നസിമുദീനെതിരെ ഒന്നിലധികം കേസുണ്ടെന്ന് ഖതൌലി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ അംബികപ്രസാദ് ഭരദ്വാജ് പറഞ്ഞു. ഇറച്ചിയും കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കന്നുകാലികളെയും കണ്ടെത്തിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതങ്ങള്‍ വ്യാപകമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ നേരത്തെ തള്ളിപറഞ്ഞിരുന്നു. പശുവിന്റെ പേരില്‍ മനുഷ്യരെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ തയാറല്ലെന്നാണ് പുതിയ സംഭവം വെളിപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News