ദിലീപ് വീണ്ടും കോടതിയിലേക്ക്; നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് വേണമെന്ന് ആവശ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്.

സുപ്രധാനമായ പലമൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ദിലീപ് ആരോപിക്കുന്നു.

ദൃശ്യങ്ങള്‍ കാണാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മുന്‍പ് അങ്കമാലി കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി ചേമ്പറിനുള്ളില്‍ വച്ച് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ കോടതി ദിലീപിന് അവസരമൊരുക്കിയിരുന്നു. അതിനുശേഷമാണ് പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.

ഒപ്പം മറ്റ് അനുബന്ധ രേഖകളും മൊഴിപ്പകര്‍പ്പുകളും പൂര്‍ണമായി ലഭിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. തനിക്ക് ലഭിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പിനൊപ്പം മൊഴിപകര്‍പ്പുകള്‍ പൂര്‍ണമായി പോലീസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദിലീപ് പരാതിപ്പെടുന്നു. പോലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു.

ഇക്കാര്യം പരാതിയായി കോടതിയില്‍ സമര്‍പ്പിക്കും. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് ലഭിക്കാന്‍ ഇടയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

ഇരയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ് ഈ ദൃശ്യങ്ങള്‍ എന്നതിനാല്‍ കോടതി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അങ്കമാലി കോടതി അപേക്ഷ തള്ളിയാല്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന കോടതികളെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News