സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പ്രാബല്യത്തില്‍

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കി കൊണ്ടുളള പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തിലായി. ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനിടെയാണ് ബയോ മെട്രിക്ക് പഞ്ചിംഗ് സെക്രട്ടറിയേറ്റില്‍ നടപ്പിലാക്കിയിരിക്കുന്നത്.

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമയനിഷ്ട ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പഞ്ചിംഗ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ജീവനക്കാരുടെ ശമ്പള സംവിധാനത്തെ ഹാജരുമായി ബന്ധപ്പെടുത്തി നടപ്പാക്കിയിരിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് പൊതുഭരണവകുപ്പ്.

ജോലിസമയം കൃത്യമായി പാലിക്കാത്ത സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കാരെ കുടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഒരു ഇടവേളക്ക് ശേഷം ഇന്ന് മുതല്‍ ബയോ മെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. നേരത്തെ പഞ്ചിംഗ് സംവിധാനം സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കായി കൊണ്ടുവന്നിരുന്നു.

എന്നാല്‍ ജീവനക്കാരുടെ നിസ്സഹകരണം മൂലം ഇത് കാര്യക്ഷമമായിരുന്നില്ല എന്ന് മാത്രമല്ല ഉദ്ദേശിച്ച ഫലം കാണാനുമായില്ല.ഈ പശ്ചാത്തലത്തിലാണ് ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം ശമ്പള സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ച് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ബയോ മെട്രിക് കാര്‍ഡ് കാണിച്ചതിനു ശേഷം വിരലുപയോഗിച്ച് പഞ്ച് ചെയ്യണം. പുതിയ പഞ്ചിംഗ് സംവിധാനത്തില്‍ മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും.

മുഖ്യമന്ത്രി അടക്കമുളള മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും പഞ്ചിംഗ് ബാധകമാണ്.ജീവനക്കാര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

പഞ്ചിംഗ് ഒന്നാംതീയതി തന്നെ യാഥാര്‍ഥ്യമായതോടെ പഞ്ച് ചെയ്യാന്‍ ബഹുഭൂരിപക്ഷം ജീവനക്കാരും ആത്മാര്‍ത്ഥത കാട്ടി. എന്നാല്‍ മറ്റൊരു വിഭാഗം പഴയപടി തന്നെ. ഇവര്‍ താമസിച്ച് തന്നെ ജോലിക്കെത്താനും തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ചില ജീവനക്കാര്‍ അവരുടെ പഞ്ചിംഗ് സംവിധാനത്തിലെ തകരാറുകള്‍ ആദ്യദിവസം തന്നെ പരിഹരിക്കുന്നതും സെക്രട്ടറിയേറ്റില്‍ കണ്ടു.

പല ട്രെയിനുകളും വൈകിയെത്തിയതിനാല്‍ ആദ്യ ദിവസം നിരവധി ജീവനക്കാരാണ് വൈകി ജോലിക്കെത്തിയത്. 5250 ജീവനക്കാരാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത് നിലവില്‍ അവരുടെ ജോലി സമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here