മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബാംഗങ്ങള്‍; സമസ്തയുടെ എതിര്‍പ്പ് രൂക്ഷം

മലപ്പുറം: മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ പങ്കെടുത്തതില്‍ സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാകുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി.

സമസ്തയുടെ എതിര്‍പ്പ് അവഗണിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത റഷീദലി ശിഹാബ് തങ്ങള്‍ക്കും മുനവ്വറലി ശിഹാബ് തങ്ങള്‍ക്കുമെതിരേ നടപടി വേണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയത്തങ്ങള്‍, വൈസ്പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, കെ ആലിക്കുട്ടി മുസ്ല്യാര്‍, ബഹാവുദ്ദീന്‍ നദ് വി, എം ടി അബ്ദുല്ല മുസ്ല്യാര്‍ എന്നിവരടങ്ങുന്ന സമിതി നടപടികാര്യത്തില്‍ തീരുമാനമെടുക്കും.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാപ്രസിഡന്റാണ്. യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ്തങ്ങള്‍ക്ക് എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗത്തിന്റെ ചുമതലയുണ്ട്. സമസ്ത വിലക്കിയിട്ടും കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഇരുവരും പങ്കെടുത്തു.

ആദര്‍ശം അടിയറ വെച്ചിട്ടില്ലെന്ന് റഷീദലി ശിഹാബ് തങ്ങളും ഉത്തരവാദിത്ത്വ ബോധത്തോടെയാണ് പങ്കെടുക്കുന്നതെന്ന് മുനവ്വറലി തങ്ങളും സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏറെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here