കാവിക്കൊടികളുമായി ദളിതരെ പീഡിപ്പിക്കുന്ന മറാത്ത വിഭാഗക്കാര്‍; മഹാരാഷ്ട്രയെ സ്തംഭിപ്പിച്ച് ഇടതുപാര്‍ട്ടികളുടേയും ദളിത് സംഘടനകളുടേയും ബന്ദ്

പുണെയില്‍ കൊരെഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിച്ച ദളിതര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു ദളിത് സംഘടനകളും സിപിഐ എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ടികളും സംയുക്തമായി നടത്തിയ ബന്ദില്‍ മഹാരാഷ്ട്ര സ്തംഭിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. പല സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോവന്ദി, ചെമ്ബൂര്‍ മേഖലയിലെ റെയില്‍വെ സ്റ്റേഷനുകള്‍ പ്രതിഷേധക്കാര്‍ തടയുകയാണ്. സിഎസ്‌എംടിയിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹാര്‍ബര്‍ ലൈനിലെ ട്രെയിനുകളും നിര്‍ത്തിവെച്ചു. അസല്‍ഫ, ഘട്കോപാര്‍ എന്നിവിടങ്ങള്‍ക്കിടയിലെ മെട്രോ സര്‍വ്വീസും നിര്‍ത്തിവെച്ചു.

മറാത്ത ദളിത് മുന്നേറ്റത്തിന്റെ പ്രതീകമായ കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുണെയിലെ കൊറെഗാവ് ഭീമയിലെ സ്മാരകഭൂമിയിലെത്തിയ ആയിരക്കണക്കിന് ദളിതര്‍ക്കുനേരെ കാവിക്കൊടികളുമേന്തിയെത്തിയ സംഘം കല്ലേറു നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 28കാരന്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മറാത്ത സേനയ്ക്കുമേല്‍ ദളിത് സേന നേടിയ വിജയത്തിന്റെ വാര്‍ഷികം ദളിത് സംഘടനകള്‍ ആഘോഷിക്കുന്നതില്‍ അഖില ഭാരതീയ ഹിന്ദുസഭ അടക്കമുള്ള മറാത്തയിലെ മേല്‍ജാതിക്കാരുടെ സംഘടനകള്‍ക്കുള്ള എതിര്‍പ്പാണ് ദളിത് ആക്രമണത്തില്‍ കലാശിച്ചത്. വിജയ്ദിവസ് ആചരിക്കാന്‍ അഞ്ചുലക്ഷത്തോളം ദളിതരാണ് ഭീമയിലേക്ക് എത്തിയത്. യുദ്ധവാര്‍ഷിക വിജയത്തെ എതിര്‍ക്കുമെന്ന് അറിയിച്ച്‌ വിവിധ മറാത്ത മേല്‍ജാതി സംഘടനകള്‍ പുണെയില്‍ ആഴ്ചകള്‍ക്കു മുമ്ബ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ദളിത് സമ്മേളനത്തിന് സുരക്ഷയൊരുക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാര്‍ തയ്യാറാവാത്തതാണ് കലാപത്തിലേക്ക് വഴിവെച്ചത്.
ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ഹിന്ദുത്വ സംഘടനയുടെ രണ്ടും നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭിദേ ഗുരുജി എന്ന് വിളിക്കുന്ന സംഭാജി ഭിദെ, എക്ബോതെ എന്നിവരാണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയില്‍ നടക്കുന്ന സംഭവങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. സംഭവം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here