കുഞ്ഞോമന ഷെറിനെ അമേരിക്കന്‍ ദമ്പതികള്‍ മനപൂര്‍വ്വം കൊന്നതുതന്നെ; മൃതദേഹ പരിശോധനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.

ഷെറിന്‍ മാത്യൂസിന്റെ മരണത്തിലെ ദുരൂഹത ഒടുവില്‍ വെളിച്ചത്തേക്ക്. ഷെറിനെ ദത്തെടുത്ത മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണ് ഷെറിന്‍ മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ച്ച് സാക്ഷ്യപ്പെടുത്തുന്നു. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്ന ആരും വിശ്വസിക്കാത്ത മൊഴിയാണ് മലയാളി ദമ്പതികള്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസം ഏഴാം തിയതിയാണ് ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുവന്നത്.

കേസുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇരുവരുമിപ്പോള്‍.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

ഒക്ടോബര്‍ എഴിനു രാവിലെ വെസ്‌ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

സ്വന്തം കുഞ്ഞിനു വേണ്ടി ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്.
ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങള്‍ വീട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല.

നേരത്തെ മരണത്തിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന വെളിപ്പെടുത്തലുമായി ഷെറിനെ പരിശോധിച്ച ഡോക്ടറും രംഗത്തുവന്നിരുന്നു. ദമ്പതികള്‍ ഷെറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ക്രൂരമായ ശാരീരിക പീഡനം ഷെറിന്‍ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

കുട്ടിയുടെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമാണ് ഷെറിനെ പരിശോധിച്ച ഡോക്ടര്‍ സൂസണ്‍ ദകില്‍ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്.

തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചതെന്നും ഡോക്ടര്‍ ഉറപ്പു പറഞ്ഞിരുന്നു.

അതേസമയം ഷെറിന്റെ മരണത്തിനു ശേഷം ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here