നവമലയാളി സാംസ്‌കാരിക പുരസ്‌കാരം 2018 പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ പുരസ്‌കാരം 2017ലാണ് നവമലയാളി തുടങ്ങിവെച്ചത്. ആദ്യ പുരസ്‌ക്കാരം കെ.ജി.എസിനായിരുന്നു.

ആള്‍ക്കൂട്ടം എന്ന നോവലിലൂടെ തന്റെ സാഹിത്യ ജീവിതം തുടങ്ങി വെച്ച എഴുത്തുകാരനാണ് ആനന്ദ് എന്ന പി. സച്ചിദാനന്ദന്‍. ആ നോവല്‍ ചിന്തയുടേയും ചര്‍ച്ചയുടേയും പുതിയൊരു ആഖ്യാനധാര മലയാളത്തില്‍ തുടങ്ങി വെച്ചു . സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ മഹാനഗരമായ ബോംബെയെയും അവിടെ എത്തിപ്പെട്ട പാന്‍ ഇന്ത്യന്‍ ജനാവലിയേയും പശ്ചാത്തലമാക്കി എഴുതപ്പെട്ട ആ നോവല്‍ ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.

പിന്നീട് വന്ന മരണ സര്‍ട്ടിഫിക്കറ്റും അഭയാര്‍ത്ഥികളും മരുഭൂമികള്‍ ഉണ്ടാകുന്നതും ഗോവര്‍ദ്ധന്റെ യാത്രകളും അടങ്ങുന്ന നോവലുകളും കഥകളും, അയ്യപ്പപ്പണിക്കര്‍ ചൂണ്ടിക്കാട്ടിയതു പോലെ, പുതിയൊരു വായനാസമൂഹത്തെ മലയാളത്തില്‍ സൃഷ്ടിച്ചു. മാനവികമായ ധൈഷണികതയും അഗാധമായ സങ്കടങ്ങളും ചരിത്രത്തിന്റെ സങ്കീര്‍ണ്ണമായ ഗതിവിന്യാസങ്ങളും നിറഞ്ഞ ആ ആഖ്യാനങ്ങള്‍ വായനക്കാരെ കൂടെക്കൂട്ടി. ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിച്ചു.

ഏത് ഇരുട്ടിലും പ്രത്യാശയുടെ കാഴ്ച തിളങ്ങണമെങ്കില്‍ നാം ജീവിക്കുന്ന കാലത്തെ ചരിത്രവല്ക്കരിക്കേണ്ടതുണ്ടെന്ന് നിരന്തരം പറഞ്ഞു. ഉറക്കുന്ന കല ചീത്തക്കലയെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു. വ്യാസനും വിഘ്‌നേശ്വനും തൊട്ടുള്ള കൃതികള്‍ ആകട്ടെ ബഹുലമായി പിരിയുന്ന സങ്കീര്‍ണ്ണയാഥാര്‍ത്ഥ്യങ്ങളെ ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികളും വിചിത്രമായ ലാബറിന്തുകളും ആക്കി.

യുക്തിയും മാനവികതയും നിറഞ്ഞ മനുഷ്യ സങ്കല്പവും ലോകസങ്കല്പവും ആനന്ദ് ഇല്ലായിരുന്നെങ്കില്‍ നമ്മളില്‍ ഇത്രയെങ്കിലും നിലനില്‍ക്കില്ലായിരുന്നു. ആ തിരിച്ചറിവാണ് രണ്ടാമത് നവമലയാളി പുരസ്‌ക്കാരം ആനന്ദിനെ ആദരിക്കാന്‍ വേണ്ടി വിനിയോഗിക്കുന്നതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത്.

2018 ജനുവരി 26നു കുന്നംകുളം ടൗണ്‍ഹാളില്‍ നടക്കുന്ന നവമലയാളി ഏകദിന സാഹിത്യോല്‍സവത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.