എന്‍ജിനീയറെ അജ്ഞാത യുവതിയെകൊണ്ട് വിവാഹം ചെയ്യിപ്പിച്ചു; കല്ല്യാണം നടത്തിയത് തോക്കിന്‍മുനയില്‍ നിര്‍ത്തി; വീഡിയോ പുറത്ത്

ബീഹാറില്‍ എഞ്ചിനിയറെ തട്ടികൊണ്ട് പോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി അജ്ഞാതയായ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. സ്റ്റീല്‍ കമ്പിനിയില്‍ ജൂനിയര്‍ മാനേജറായ വിനോദ് കുമാറിനെയാണ് ഒരു സംഘം ആളുകള്‍ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തി വിവാഹം ചെയ്യിച്ചത്. വിവാഹത്തിനായി വിസമ്മതിച്ച വിനോദിനെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു.

തന്നെ വെറുതെ വിടണമെന്ന് യുവാവ് കരഞ്ഞു പറഞ്ഞെങ്കിലും കൂടെ നിന്നവര്‍ യാതൊരു കരുണയുമില്ലാതെ മിന്നുകെട്ടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്തിനാണ് കരയുന്നത് ഞങ്ങള്‍ നിന്നെ തൂക്കിക്കൊല്ലുകയല്ല, കല്യാണം കഴിപ്പിക്കുകയല്ലേ എന്ന് സംഭവസ്ഥലത്തെ സ്ത്രീകള്‍ പറയുന്നത് പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം.

സുഹൃത്തുകളുടെ ക്ഷണം പ്രകാരം സ്ഥലത്തെത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തോക്ക് ചൂണ്ടി മണ്ഡപത്തില്‍ എത്തിച്ച. ശേഷം താലിചാര്‍ത്തി കഴിഞ്ഞ് വരനെയും, വധുവിനെയും ഇവര്‍ ഒരു മുറിയില്‍ പൂട്ടിയിട്ടു. വിനോദ് ജേഷ്ഠനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിഷയത്തില്‍ ഇടപ്പെട്ടത്.

എന്നാല്‍ തട്ടികൊണ്ട് പോയവര്‍ക്കെതിരെ കേസെടുക്കാതെ വിഷയം ഒത്തുതീര്‍പ്പിലെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വിനോദിന്റെ ജേഷ്ഠന്‍ കുറ്റപ്പെടുത്തി.

ബീഹാറിലടക്കം ഇന്ത്യയിലെ വിവിധ കുഗ്രാമങ്ങളില്‍ മുന്‍പും ഇതു പോലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീധന പണവും, കല്യാണ ചിലവും വഹിക്കാനാകാതെ വരുമ്പോള്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ വരനെ തട്ടികൊണ്ട് വന്ന് ഭീഷണിപ്പെടുത്തി വിവാഹം ചെയ്യിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന കേസും നൂലാമാലകളും തലവേദനയാണെന്ന് വിചാരിച്ച് ആ കുടുംബ ജീവിതം തന്നെ മുന്നോട്ട് നയിക്കാന്‍ തീരിമാനിച്ച സംഭവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel