500 രൂപയ്ക്ക് ആധാര്‍വിവരങ്ങള്‍: റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെ കേസില്‍ കുടുക്കി

ദില്ലി: 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയെ കേസില്‍ കുടുക്കി.

500 രൂപയ്ക്ക് ആധാര്‍വിവരങ്ങളും 300 രൂപ അധികം നല്‍കിയാല്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ലഭ്യമാകുമെന്ന വാര്‍ത്ത തയ്യാറാക്കിയ ‘ദി ട്രിബ്യൂണ്‍’ പത്രത്തിന്റെ ലേഖിക രചന ഖെയ്രക്കെതിരെയാണ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ(യുഐഡിഎഐ) പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അനില്‍കുമാര്‍, സുനില്‍കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും ട്രിബ്യൂണ്‍ പത്രത്തിനെതിരെയും കേസെടുത്തു. യുഐഡിഎഐയുടെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ടികളും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും രംഗത്തുവന്നു.

കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിലാണ് യുഐഡിഎഐ മാധ്യമപ്രവര്‍ത്തകക്കെതിരേ പരാതിപ്പെട്ടതെന്നാണ് സൂചന. പൌരന്റെ ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും മൊബൈല്‍ നമ്പറുമെല്ലാം ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം സജീവമാക്കുന്നതിനിടെ പുറത്തുവന്ന വാര്‍ത്ത വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ബാങ്ക് അക്കൗണ്ടടക്കം ആധാറുമായി ബന്ധിപ്പിക്കുന്നതിലുള്ള പരാതി സുപ്രീംകോടതിയുടെ പരിഗണയിലിരിക്കെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

തുടര്‍ന്നാണ് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടര്‍ ബി എം പട്‌നായികിന്റെ പരാതിയില്‍ രചനയ്ക്കും മറ്റുമെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു.

ക്രൈംബ്രാഞ്ച് സൈബര്‍സെല്ലില്‍ രജിസ്റ്റര്‍ചെയ്ത എഫ്‌ഐആര്‍ പ്രകാരം ഇന്ത്യന്‍ശിക്ഷാനിയമം 419 (ആളുമാറിയുള്ള വഞ്ചനാക്കുറ്റം), 420 (വഞ്ചന), 468 (തട്ടിപ്പ്), 471 (വ്യാജരേഖ ഉപയോഗിക്കല്‍) എന്നീ വകുപ്പുകളും ഐടി നിയമം 66ാം വകുപ്പ്, ആധാര്‍നിയമം 3637 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News