മല്‍സ്യഫെഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ; തിരുവനന്തപുരത്തെ ഏറ്റവും വലിയ മല്‍സ്യ ഫാം അടച്ച് പൂട്ടാനൊരുങ്ങുന്നു

മല്‍സ്യകൃഷിയെ പ്രോല്‍സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നയത്തോട് മുഖം തിരിഞ്ഞ് തലസ്ഥാനത്തെ മല്‍സ്യഫെഡ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥ അനാസ്ഥ മൂലം തിരുവനന്തപുരത്തെ ഏറ്റവും വലിയ മല്‍സ്യ ഫാം കര്‍ഷകര്‍ അടച്ച് പൂട്ടാനൊരുങ്ങുന്നു.

തലസ്ഥാനത്തെ ഏറ്റവും വലിയ മല്‍സ്യഫാം ആണെങ്കിലും ഇതിന് വൈദ്യുതി കണക്ഷന്‍ പോലും ഇല്ല. മല്‍സ്യഫെഡിന്റെ സഹായം ലഭിക്കാതിനാല്‍ ഹാച്ചറി എന്ന സ്വപ്നം ഉപേക്ഷിക്കാനൊരുങ്ങുകയാണ് ധനുവച്ചപുരം സ്വദേശി വിധുകുമാര്‍ എന്ന മല്‍സ്യ കര്‍ഷകന്‍.

തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയായ വിധുകുമാര്‍ എന്ന മല്‍സ്യകര്‍ഷകന്‍ 2013ലാണ് മഞ്ചവിളാകം എന്ന സ്ഥലത്ത് ഒരു മല്‍സ്യ ഫാം ആരംഭിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഉള്‍നാടന്‍ മല്‍സ്യങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിധുകുമാര്‍ അന്‍പത്തി അഞ്ച് സെന്റ് സ്ഥലത്ത് ലക്ഷങ്ങള്‍ മുടക്കി ഫാം തുടങ്ങിയത്.

ആസാം വാള, ആവോലി, നട്ടര്‍, കരിമീന്‍, ചെബല്ലി, സിലോപ്യ എന്നീ മീനുകളാണ് ഈ ഫാമില്‍ വളര്‍ത്തുന്നത്. ഇതിനോടകം 20 ലക്ഷം രൂപ ഫാമിനും കൃഷിക്കുമായി ചിലവഴിച്ച് കഴിഞ്ഞു. 2013 മുതല്‍ തിരുവനന്തപുരത്തെ മല്‍സ്യഫെഡ് ഓഫീസിന്റെ തിണ്ണ നിരങ്ങാന്‍ തുടങ്ങിയതാണ് വിധുകുമാര്‍.

അനര്‍ഹരായ നിരവധി ആളുകള്‍ക്ക് മല്‍സ്യകൃഷിയുടെ പേരില്‍ സാബത്തിക സഹായം ലഭിച്ചിട്ടും തിരുവനന്തപുരത്തെ ഏറ്റവും വലിയ ഫാമായ തങ്ങളെ മല്‍സ്യഫെഡ് ഉദ്യോഗസ്ഥര്‍ തഴയുകയാണെന്ന് വിധുകുമാര്‍ കുറ്റപെടുത്തി.

മല്‍സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുളള ഹാച്ചറി എന്ന സ്വപ്നവും ഇതിനിടെ ഉദ്യോഗസ്ഥര്‍ തകര്‍ത്തു. നിരവധി തവണ പരാതികള്‍ ഉന്നയിച്ചപ്പോള്‍ വഴിപാട് പോലെ ഉദ്യോഗസ്ഥര്‍ ഫാം സന്ദര്‍ശിച്ച് മടങ്ങി. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഫാം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യാന്‍ പെട്രോള്‍ മോട്ടോര്‍ ആണ് ഉപയോഗിക്കുന്നത്.

വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ മല്‍സ്യഫെഡ് ഉദ്യോഗസ്ഥര്‍ കനിയണം. തുടര്‍ച്ചയായ ഉദ്യോഗസ്ഥരുടെ അവഗണന മൂലം അഞ്ച് തൊഴിലാളികള്‍ പണി ചെയ്യുന്ന ഫാം അടച്ച് പൂട്ടലിന്റെ വക്കിലാണ്. ഉദ്യോഗസ്ഥരുടെ അവഗണനക്കെതിരെ ഫിഷറീസ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ അനുകൂല നടപടി പ്രതീക്ഷിച്ചിരികയാണ് ഈ മല്‍സ്യ കര്‍ഷകനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News