ബിജെപിക്കെതിരെ സാമ്പത്തികസാമൂഹികബദല്‍ നയങ്ങള്‍ ഉണ്ടാക്കണമെന്ന് യെച്ചൂരി; ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാന്‍ കഴിയൂ

താന്‍ കോണ്‍ഗ്രസ് അനുകൂലിയാണന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ദുരുദേശപരമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സാമ്പത്തിക സാമൂഹിക ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാന്‍ കഴിയുവെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളില്‍ മാറ്റം വന്നിട്ടില്ലെന്നും യെച്ചൂരി ചൂണ്ടികാട്ടി.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രിയ അടവ് നയരേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ചേരാനിരിക്കെയാണ് യെച്ചൂരി നിലപാട് വിശദീകരിച്ചത്.

മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സാമൂഹിക ബദലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവുകയുള്ളു. ഇതിനായുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. കോണ്‍ഗ്രസിനൊപ്പമോ ഇല്ലയോ എന്ന ചര്‍ച്ചയല്ല സിപിഐഎമ്മിനുള്ളില്‍ നടക്കുന്നത്.

ജനങ്ങളോടൊപ്പം നില്‍ക്കുന്ന നയരൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു. പാര്‍ട്ടിക്കുള്ളില്‍ രണ്ട് പക്ഷവുമില്ല. തന്നെ കോണ്‍ഗ്രസ് അനുകൂലിയാക്കാനുള്ള ശ്രമങ്ങള്‍ ദുരുദേശപരമാണന്നും യെച്ചൂരി വ്യക്തമാക്കി.

രാഷ്ട്രിയ അടവ് നയം പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് എത്തിയ ശേഷവും കോണ്‍ഗ്രസിന്റെ നയം മാറിയിട്ടില്ല. ഇപ്പോഴും ഭരണവര്‍ഗപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദേഹം പറഞ്ഞു.

ദില്ലിയില്‍ വനിതാ പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here