ഹിമവാന്‍: നന്മയുടെ നവനീതം

‘മരയ’ക്ക് ശേഷം പപ്പേട്ടന്‍ (ടി.പത്മനാഭന്‍) ഹിമവാനിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

‘മരയ’യേപ്പോലെ തന്നെ ഹിമവാനും സ്വന്തം ഹൃദയ നിശ്വാസത്തിന്റെ പ്രതിഫലനമാണ്. പപ്പേട്ടന്‍ അങ്ങനെയാണ്. തന്റെ ജീവിത വഴിത്താരയില്‍ കാണുകയും കേള്‍ക്കുകയും ഹൃദയം കൊണ്ട് സ്വാംശീകരിക്കുകയും ചെയ്യുന്ന അനുഭവങ്ങളെയാണ് പപ്പേട്ടന്‍ കഥകളായി കടഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ കഥയില്‍ നിന്നും പ്രസരിക്കുന്നത് ജീവിത ഗന്ധമാണ്.

ഒപ്പം ചില മൂല്യങ്ങളുടെ നനുത്ത സ്പര്‍ശവും സൗരഭ്യവും. ഹിമവാനിലെ ഓരോ കഥാപാത്രവും കഥാകൃത്തിന്റെ സൗഹൃദപരിചയ വൃത്തത്തില്‍ തന്നെയുള്ളതാണ്. എന്നാല്‍ നല്ലൊരു മേസ്ത്രി ചുമരുണ്ടാക്കുന്നതുപോലെ അവരോരോരുത്തരെയും യഥാസ്ഥാനത്തു പ്രതിഷ്ഠിച്ച്, ഒരു നാരു പോലും എഴുന്നു നില്‍ക്കാതെ, നമ്മുടെ മനസ്സിലേക്ക് വിശുദ്ധമായ ഒരു അനുഭൂതി പ്രസരിപ്പിക്കുകയാണ്.

പപ്പേട്ടന്റെ എല്ലാ കഥകള്‍ക്കുമുള്ള ഒരു സവിശേഷത ഹിമവാനിലും രൂഢമൂലമായുണ്ട്. സമൂഹത്തില്‍ അന്യം നിന്ന് പോകുന്ന നന്മയുടെ ഇതളുകളെ തിരിച്ചു പിടിക്കാനുള്ള വ്യഗ്രത. ഓരോ കഥയും പിന്നിടുമ്പോള്‍ അദ്ദേഹം തന്റെ മൂല്യബോധത്തെ കൂടുതല്‍ കൂടുതല്‍ മുറുകെപ്പിടിക്കുകയാണ്. ഹിമവാനെ ആസ്വാദനത്തിന്റെ ഹിമാലയതലത്തിലേക്ക് ഉയര്‍ത്താനുള്ള ഒരു കാരണവും ഇത് തന്നെ.

കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു സ്‌കൂള്‍ ആ സാമൂഹ്യഭൂമികയില്‍ പരത്തുന്ന പ്രകാശത്തെയാണ് പപ്പേട്ടന്‍ ‘മരയ’യിലൂടെ ചിത്രീകരിച്ചത്. ജാതിയുടെയും മതത്തിന്റെയും മറ്റ് അതിര്‍വരമ്പുകളുടെയും പേരില്‍ സൃഷ്ടിക്കപ്പെടുന്ന കാലുഷ്യത്തിന്റെ കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ടാണ് പപ്പേട്ടന്‍ ‘മരയ’യിലൂടെ ടോര്‍ച്ച് തെളിച്ചത്. ഹിമവാനില്‍ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട റിസോര്‍ട്ട് ഉടമ ഭാസ്‌കരനെ എനിക്കും പരിചയമുണ്ട്.

കണ്ണൂരില്‍ പ്രശസ്തമായൊരു സ്ഥാപനത്തിന് അലകും പിടിയും പാകിയ മസ്‌കറ്റ് ശേഖരേട്ടനാണ് കഥയില്‍ ഭാസ്‌കരനായി രൂപം പ്രാപിക്കുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ ജയചന്ദ്രനും അനുജനുമൊക്കെ കഥയില്‍ കടന്നു വരുമ്പോള്‍ കഥാപാത്രങ്ങള്‍ക്കപ്പുറത്ത് അവരുടെ നന്മ നിറഞ്ഞ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കുമാണ് ഊന്നല്‍ ലഭിക്കുന്നത്.

ബിസിനസ്സിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ ശേഖരേട്ടന്റെ ശിഷ്ടകാലത്തിന്റെ ചെറിയൊരു പരിഛേദം പപ്പേട്ടന്റെ വാക്കുകളിലൂടെ കോറിയിടുമ്പോള്‍ വായനക്കാരന്റെ മനസ്സും ദീപ്തമാകുന്നു.

‘കുറച്ചു കാലമായി അദ്ദേഹം എല്ലാ ബിസിനസുകളില്‍നിന്നും ഒഴിഞ്ഞു മാറി ഒരുതരം വിശ്രമ ജീവിതം നയിച്ചുവരികയാണ്, പ്രത്യേകിച്ചും ഭാര്യയുടെ മരണശേഷം…ഇപ്പോള്‍ ആകെ ചെയ്യുന്നത് എല്ലാ വൈകുന്നേരവും റിസോര്‍ട്ടിന്റെ ലോണില്‍ ഒരു പ്രത്യേക സ്ഥലത്ത് വന്നിരുന്ന് ….. അപ്പോള്‍ വെയില്‍ പൂര്‍ണ്ണമായും ചാഞ്ഞിട്ടുണ്ടാവുകയില്ല, ലോണ്‍ വിജനവുമായിരിക്കും. അവിടെ അദ്ദേഹത്തിനായി ഒരു കസാലയും മേശയുമുണ്ട്. അവിടെയിരുന്ന് കടലിലേക്ക് നോക്കിക്കൊണ്ട്, മേശപ്പുറത്തുള്ള കാപ്പിയും വെജിറ്റബിള്‍ സാന്‍ഡ് വിച്ചും എപ്പോഴെങ്കിലും നുണഞ്ഞ്… സന്ധ്യ വരെ… പപ്പേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘പെക്കൂലിയര്‍’ മനുഷ്യന്‍!

ശേഖരേട്ടന്‍ ഓര്‍മ്മയായപ്പോള്‍ വന്ന വാര്‍ത്താശകലങ്ങളും അനുസ്മരണക്കുറിപ്പുകളുമാണ് പപ്പേട്ടനെ ഓര്‍മ്മയുടെ ആഴക്കടലില്‍ മുങ്ങിത്തപ്പി ‘ഹിമവാന്‍’ എന്ന പവിഴത്തെ എത്തിപ്പിടിക്കാന്‍ പ്രേരിപ്പിച്ചത്.

ഋജുവും ലളിതവും ഹൃദ്യവുമായ ആഖ്യാനരീതിയിലൂടെയാണ് പപ്പേട്ടന്‍ ‘ഹിമവാന്’ ഇഴപാകിയിട്ടുള്ളത്. വാക്കുകളും, വാചകങ്ങളും കൂട്ടുപിണഞ്ഞ് ദുര്‍ഗ്രഹത സൃഷ്ടിച്ച് കഥയുടെ പേരില്‍ കാട്ടിക്കൂട്ടലുകളും കോപ്രായങ്ങളും നടക്കുന്ന ഈ കാലഘട്ടത്തില്‍ പപ്പേട്ടന്റെ ദീര്‍ഘനിശ്വാസ മനനങ്ങള്‍ക്കിടയിലുള്ള ഓരോ കഥയും മനസിനുമേലുള്ള തൂവല്‍ സ്പര്‍ശമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News