ഈ കുറിപ്പ് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം; പീഡനത്തിനിരയായി ഗര്‍ഭിണിയായവര്‍ക്ക്, അവിവാഹിതയായിരിക്കെ ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ച് പരാജയപ്പെട്ടവര്‍ക്ക്

ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും സ്ത്രീയുടെ അവകാശങ്ങളെപ്പറ്റിയും ഡോ. ജെഎസ് വീണ എഴുതുന്നു.

ഇന്ന് വൈകിട്ട് എന്റെ ഒരു കൂട്ടുകാരി വിളിച്ചു. രണ്ടാമത് ഗർഭിണിയാണ്. പക്ഷെ കുഞ്ഞിനെ ഇപ്പോൾ സ്വീകരിക്കാൻ അവർക്കു സാമ്പത്തികമായും മാനസികമായും യാതൊരു നിർവാഹവും ഇല്ലാ. Condom ആണ് അവർ ഉപയോഗിക്കുന്ന ഗർഭനിരോധനമാർഗം. നിർഭാഗ്യവശാൽ condom പൊട്ടിപ്പോയി. (അത് നടക്കില്ല എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്, എനിക്ക് അനുഭവം ഉണ്ട്. സംഭവിക്കാം അത്.) അടുത്ത ദിവസം തന്നെ അവൾ emergency ഗർഭനിരോധനഗുളിക കഴിച്ചു. പക്ഷെ, അപ്പോഴും ഗർഭം തുടർന്നു.(കള്ളം എന്ന് പറയുന്നവരോട്== condom rupture and emergency pill failure നടന്നിട്ടുണ്ട് ഒരുപാട് ജീവിതങ്ങളിൽ. അനേക സ്ത്രീകളുടെ ഗതികേട് നേരിട്ടറിയാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ടാണ്.)

കാര്യത്തിലേക്കു വരാം. കേരളത്തിലെ ഒരു ജില്ലയിലെ ഗൈനെക്കോളജിസ്റ്റുകൾ ഉള്ള മൂന്ന് ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഇന്നലെയും ഇന്നുമായി അവളും ഭർത്താവും കയറിയിറങ്ങി. ഒരിടത്തും അവർക്കു അബോർഷൻ ചെയ്തു കൊടുക്കുന്നില്ല.

ഗൈനെക്കോളജിസ്റ് പറയുന്നത്, അവിടെ ആരും abortion ചെയ്തുകൊടുക്കാറില്ല, സീനിയറും ചെയ്യാറില്ല, മെഡിക്കൽ കോളേജിലോട്ടു refer ചെയ്യുകയാണ് പതിവ്, heart നിലച്ചുപോവുന്ന ഗർഭം മാത്രമേ ഗർഭഛിദ്രം ചെയ്യാറുള്ളു എന്നൊക്കെയുള്ള വികലവാഗ്വാദങ്ങൾ ആണ് അവർ ഉന്നയിച്ചത് എന്ന് സുഹൃത്തിൽ നിന്നും അറിയാൻ കഴിഞ്ഞു .

പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാനുള്ള ശേഷി അവർക്കുണ്ടെങ്കിൽ അവർ ആ കുഞ്ഞിനെ വളർത്താനുള്ള തീരുമാനം പരിഗണിച്ചേനെ.(abortion ചെയ്യാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ മിനിമം ഇരുപതിനായിരം രൂപയോളം ആകും) ഒരു ഡോക്ടർ അവളോട്‌ ചോദിച്ചത് “കോപ്പർ ടി ഇടാമായിരുന്നില്ലേ എന്നാണ്”. അവളുടെ ഉത്തരം കേൾക്കുക “ഒരു സുഹൃത് കോപ്പർ ടി ഇട്ടിട്ടും ഗർഭിണി ആയി. പിന്നെ കുറേ side effect ഉണ്ടെന്നു കേട്ടിരുന്നു. അതുകൊണ്ട് വേണ്ടെന്നു വെച്ചതാണ്.” ശരാശരി വിദ്യാഭ്യാസം മാത്രമുള്ള ഒരു സ്ത്രീക്ക് ഇങ്ങനെയുള്ള തീരുമാനം എടുക്കാൻ ഇത്രയൊക്കെ പോരെ?

ഹോസ്പിറ്റലിലെ ഡോക്ടറോട് എനിക്ക് പറയാൻ ഉള്ളത്, ഹാർട്ട്‌ നിലച്ചുപോകുന്ന ഗർഭം മാത്രം അബോർഷൻ ചെയ്യാനല്ല government നിങ്ങളെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

നിയമവിധേയമായ എല്ലാ അബോർഷനും നിങ്ങൾ ചെയ്തുകൊടുക്കണം. ഇല്ലെങ്കിൽ നിങ്ങൾ കാണിക്കുന്നത് നിയമവിരുദ്ധതയാണ്. നിങ്ങളുടെ senior ചെയ്യുന്നില്ലെന്നു കരുതി അത് നിയമവിധേയം ആകുന്നില്ല.

ഗർഭച്ഛിദ്രനിയമത്തെ കുറിച്ച് സ്ത്രീകളും പങ്കാളികളും അറിയേണ്ടുന്ന കാര്യങ്ങൾ:

1971 MTP act

നാല് സാഹചര്യങ്ങളിൽ ഗർഭഛിദ്രം ചെയ്യാവുന്നതാണ്.

1. ഗർഭം തുടരുന്നത് അമ്മയുടെ ജീവൻ അപകടത്തിൽ ആക്കുമെങ്കിൽ, ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെങ്കിൽ.
2. ഗുരുതരമായ ജനിതക/മറ്റു പ്രശ്നങ്ങൾ ഉള്ള ഗർഭം
3. rape. ലൈംഗിക അതിക്രമത്തിലൂടെ ഉണ്ടാകുന്ന ഗർഭം (അതിനി marital rape ആണെങ്കിലും rape rape തന്നെയാണ്. കല്യാണം കഴിച്ച സ്ത്രീയെ rape ചെയ്താൽ ഒരുപക്ഷെ അയാൾ രക്ഷപെട്ടേക്കാം, പക്ഷെ അങ്ങനെയുണ്ടാവുന്ന കുട്ടിയെ abort ചെയ്യാൻ സ്ത്രീ തീരുമാനിച്ചാൽ അതിനു നിയമതടസ്സം ഇല്ലാ. Rape നടന്നു എന്നുള്ളതിന് police case രജിസ്റ്റർ ചെയ്തു കൊടുക്കേണ്ട കാര്യവും ഇല്ലാ. rape നടന്നു എന്ന് പറഞ്ഞാൽ പോലും അത് പരിഗണിക്കേണ്ടുന്ന ബാധ്യസ്ഥത ഡോക്ടറിനുണ്ട്.

18 വയസ്സിനു മുകളിൽ ഉള്ള ഒരു സ്ത്രീക്കും abortion ചെയ്യാൻ ഭർത്താവിന്റെയോ മറ്റാരുടെയോ സമ്മതം ആവശ്യമില്ല. മാനസികരോഗം ഉള്ള സ്ത്രീകൾക്കും, 18 വയസ്സ് തികയാത്ത കുട്ടികൾക്കും അബോർഷൻ ചെയ്യാൻ രക്ഷിതാവിന്റെ സമ്മതം വേണം. സർക്കാറിന്റെ കീഴിൽ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികൾ ആണെങ്കിൽ, സർക്കാർ ആണ് രക്ഷിതാവ്, അമ്മ വന്നാലേ അച്ഛൻ വന്നാലേ abortion ചെയ്തു തരൂ എന്ന് പറയുന്നവർക്കെതിരെ പരാതി എഴുതികൊടുക്കുക. മാത്രവുമല്ല, പതിനെട്ടു വയസ്സ് തികയാത്തവരിലുള്ള ഗർഭം rape മുഖേനയുള്ള ഗർഭം ആയി കണക്കാക്കേണ്ടതാണ്)
4. വിവാഹം ചെയ്ത സ്ത്രീകളിൽ, സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന മാർഗം ഫലപ്രദമാകാതെ വരുമ്പോൾ. ( സദാചാരപരമായ, എന്നാൽ അങ്ങേയറ്റം അപലപനീയമായ സ്ത്രീവിരുദ്ധതയാണ് വാസ്തവത്തിൽ ഇത്. വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും ഗർഭനിരോധനമാർഗം പരാജയപ്പെടുകയാണെങ്കിൽ ഗർഭഛിദ്രം നടത്താൻ കഴിയേണ്ടതാണ്. അവിവാഹിതർക്കും ഗർഭഛിദ്രം ലഭ്യമാക്കുക എന്നത് പുതിയ ബില്ലിൽ ഉണ്ടെന്നു ഒരിടക്ക് കേട്ടിരുന്നു, പക്ഷെ ബില്ല് download ചെയ്തപ്പോൾ അത് കാണാൻ കഴിയുന്നില്ല. സദാചാരം വഴി ഒഴിച്ചുമാറ്റപ്പെട്ടതാവാൻ chance ഉണ്ട്)

മൂന്നാമത്തെ സാഹചര്യമാണ് കൂടുതൽ ദുരുപയോഗം ചെയ്യുന്നതെന്ന് ഏതോ ഒരു പ്രമുഖവ്യക്തിയുടെ പോസ്റ്റിൽ വായിച്ചു ഞെട്ടിയിട്ടുണ്ട് . Marital rape പോലും കുഴപ്പമില്ലെന്ന സാഹചര്യം നിലനിൽക്കുന്നൊരു സ്ഥലത്തു, MTP act ഉള്ളതുകൊണ്ട് മാത്രം ആണ് അയർലണ്ടിലെ പോലെ സവിതമാർ ഇന്ത്യയിൽ ഉണ്ടാവാതിരിക്കുന്നതെന്നു നമ്മൾ മറക്കരുത്.

മാത്രവുമല്ല, എത്ര പെൺകുട്ടികൾ സ്വമേധയാ വിവാഹത്തിലേർപ്പെടുന്നു എന്ന് പരിശോധിച്ച് നോക്കുക. ഭൂരിഭാഗവും പെൺകുട്ടികൾ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹം ചെയ്യുന്നത്. സ്വന്തം വീട്ടുകാരുടെയും, ഭആർത്താവിന്റെ വീട്ടുകാരുടെയും, എന്തിന്.. നാട്ടുകാരുടെ പോലും നിരന്തരമായ ചോദ്യങ്ങൾ മടുത്തിട്ടാണ് അമ്മയാകാൻ തീരുമാനിക്കുന്നത്പോലും. മറ്റുചിലരാകട്ടെ, എല്ലാം ഒന്ന് തീരുമാനിച്ചു വരുമ്പോളേക്കും ഗർഭിണി ആയിക്കാണുകയും ചെയ്യും.

എത്ര ആഴ്ച വരെ അബോർഷൻ ചെയ്യാം? 20 ആഴ്ചകൾ വരെയുള്ള ഗർഭം. (ബില്ല് പാസ്സാകുകയാണെങ്കിൽ 22 ആഴ്ചകൾ വരെ).

ആരൊക്കെ abortion ചെയ്തുകൊടുക്കാൻ qualified ആണ്

1. ഗൈനെക്കോളജിസ്റ്റുകൾ
2. ആറുമാസം ഗൈനെക്കോളജിയിൽ housemanship ചെയ്ത ഡോക്ടർ, ഗൈനെക്കോളജിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡോക്ടർ
12 ആഴ്ചക്കു ശേഷം ഉള്ള അബോർഷനുകൾ ഈ രണ്ട് വിഭാഗം ഡോക്ടർ മാത്രമേ ചെയ്യാൻ പാടൂ. മാത്രമല്ല, 12 മുതൽ 20വരെ ആഴ്കളിൽ രണ്ട് doctors തീരുമാനിക്കണം.
3. 25 അബോർഷൻ കേസുകൾ അസിസ്റ്റന്റ് ചെയ്ത (അതിൽ അഞ്ചെണ്ണം ഒറ്റയ്ക്ക്) ഡോക്ടർ. അവസാനം പറഞ്ഞ പരിചയം ഉള്ള doctor ആദ്യത്തെ 12 ആഴ്ചകളിലെ അബോർഷൻ മാത്രമേ ചെയ്തു കൊടുക്കാവൂ.

എവിടെയൊക്കെ abortion നടത്താം ?

ഗവണ്മെന്റ് ആശുപത്രികൾ. (മെഡിക്കൽ കോളേജുകളിൽ മാത്രേ ചെയ്യുള്ളു, ഇവിടെ ചെയ്യില്ല എന്ന് പറയാൻ വകുപ്പില്ല എന്ന് സാരം സാരം. ഓപ്പറേഷൻ ചെയ്യാൻ വകുപ്പുള്ള ഏത് ഗവണ്മെന്റ് ഹോസ്പിറ്റലിലും പറ്റും) മറ്റു അംഗീകരിക്കപ്പെട്ട പ്രൈവറ്റ് ഉൾപ്പെടെയുള്ള ആശുപത്രികൾ എന്നിവിടങ്ങളിൽ.

അബോർഷൻ നടത്തുന്നതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുക എന്നത് ഗർഭിണി പോയി റിപ്പോർട്ട്‌ ചെയ്യുന്ന ഡോക്ടറിന്റെ ഉത്തരവാദിത്തമാണ്. ഒരു രേഖകളിലും പേര് വെക്കരുത് എന്നാണ് നിയമം. അബോർഷൻ രെജിസ്റ്ററിലുള്ള number ആണ് identity. രജിസ്റ്റർ അഞ്ചുവർഷം വരെ സൂക്ഷിക്കും.

ഒരാശുപത്രിയിൽ ഗൈനെക്കോളജി വിഭാഗത്തിൽ ഒരു വളരെ വിഖ്യാതയായ ഗൈനെക്കോളജിസ്റ്റിന്റെ അസിസ്റ്റന്റ് ആയി ജോലിചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അന്ന് ഒരു case കണ്ട് മാഡം ഞെട്ടുന്നതു കണ്ടു . ഒരു സ്ത്രീ, bleeding ആയി വന്ന്. ചോദിച്ചു ചോദിച്ചു വന്നപ്പോൾ ഒരുകാര്യം മനസിലായി.

ഗർഭം തുടരാൻ രണ്ടു പേർക്കും താൽപ്പര്യമില്ല. ഡോക്ടറുടെ അടുത്ത് ചെന്നിട്ടു കാര്യമില്ല, ചെയ്തുതരില്ല എന്ന മുൻധാരണ. ഭർത്താവിന്റെ friend ഫാർമസിയ്‌ലാണ്. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക അയാൾ എടുത്തുകൊടുത്തു. Bleeding തുടങ്ങിയിട്ട് നിൽക്കുന്നില്ല. Hemoglobin 5 ആയപ്പോഴാണ് അവർ ഹോസ്പിറ്റലിൽ വരുന്നത്. കുറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ മോർച്ചറിയിലോട്ടു കൊണ്ടുപോകേണ്ടി വന്നേനെ.

ഇവിടെ ഈ കേസിൽ നടന്നത് criminal abortion സെക്ഷനിൽ പെടുത്താവുന്നത്ര ഗുരുതരമായ കാര്യമാണ്. Criminal abortion, നിയമപരമായി അല്ലാത്ത ഏതൊരു അബോർഷനും criminal കുറ്റമാണ്. അത് തടയാൻ ആണ് നാടായ പരിഷ്‌കൃത നാടൊക്കെ abortion നിയമവിധേയം ആക്കുന്നതും ആക്കേണ്ടതും.

Hitler ജർമനിയിൽ അധികാരത്തിൽ വന്നപ്പോൾ ചെയ്തത് ഇതാണ്. ആര്യൻ ജനതയ്ക്ക് അബോർഷൻ നിരോധിച്ചു, അല്ലാത്തവർക്ക് എത്ര വേണേലും ചെയ്യാം. അതായത് ആര്യന്മാർ മാത്രം ഉണ്ടാവുക. ഗർഭപാത്രം എന്നത് ഇവിടെ വെറും ആയുധമായി. ഒന്നുകിൽ തലമുറകൾ നിലനിർത്തുന്ന, അല്ലെങ്കിൽ തലമുറകൾ ഇല്ലാതാക്കുന്ന ആയുധം.

Trump വന്നപ്പോൾ അബോർഷൻ laws കൂടുതൽ സ്ത്രീവിരുദ്ധമായി. കോടതികളിൽ കയറിയിറങ്ങിയാണ് ഓരോരുത്തരും, കുട്ടികളടക്കം abortion നേടിയെടുക്കുന്നത്. ആഗ്രഹിക്കാത്ത ഗർഭവും കൊണ്ട് ജീവിക്കുന്ന സ്ത്രീകളുടെ മാനസികനില ഗവണ്മെന്റിന്റെ ഉത്തരവാദിത്തത്തിൽ പെടുന്നത് തന്നെയാണ്.
ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയിലെ യുവതി ഇന്നില്ല. അയർലണ്ടിലെ മതമാണ് അവരെ കൊന്നത്. സമയത്തിന് അബോർഷൻ കിട്ടിയിരുന്നെങ്കിൽ സവിത ഇന്നും ഉണ്ടാകുമായിരുന്നു.

നോട്ട്ബുക്കിലെ ശ്രീദേവിയെ ആരും മറക്കില്ലാലോ. സദാചാര സങ്കൽപ്പങ്ങൾ കൊടികുത്തി വാഴുന്ന സമൂഹത്തിൽ വീട്ടുകാരോടുപോലും തുറന്നുപറയാൻ കഴിയാതെ, criminal അബോർഷനും, നിർവാഹമില്ലാതെ ആത്മഹത്യക്കും പിന്നാലെ പോകുന്നവരുടെ പ്രതീകമാണവൾ.

ഒരു ഗർഭനിരോധന മാർഗവും 100% safe അല്ല എന്നതുതന്നെയാണ് abortion നിയമവിധേയമാക്കാനുള്ള രണ്ട് കാരണങ്ങളിൽ ഒന്ന്. ഒന്നാമത്തേത് സ്ത്രീയാണ്. സ്ത്രീയുടെ ഗർഭപാത്രമാണ്. അവൾ തീരുമാനിക്കട്ടെ ഗർഭം തുടരണോ വേണ്ടയോ എന്ന്. കോപ്പർ ടി ഇട്ടൂടെ എന്ന് ചോദിക്കുന്നവരോട് ! പെരിയഡുകൾക്കിടയിലെ bleeding കാരണം ആദ്യത്തെ കോപ്പർ ടി ഇട്ട ശേഷം ആദ്യത്തെ കുറച്ച് മാസങ്ങൾ ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ട്. അമിത രക്തസ്രാവമാണ് മറ്റുചിലരുടെ complaints.

ഈ പോസ്റ്റ്‌ ഞാൻ സമർപ്പിക്കുന്നത് പെണ്ണുങ്ങൾക്ക്‌ വേണ്ടി മാത്രമാണ്. റേപ്പിനിരയായി ഗർഭിണികൾ ആയവർക്ക്,അവിവാഹിതകളോ വിവാഹിതകളോ ആയിരിക്കെ, ഗർഭനിരോധനമാർഗം സ്വീകരിച്ചു പരാജയപ്പെട്ടവർക്ക്, ഡോക്ടർമാരുടെയും സമൂഹത്തിന്റെയും കുത്തുവാക്കുകൾ ഭയന്ന് ആത്മഹത്യയെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവർക്കു, ഈ കാരണങ്ങൾ കൊണ്ട് ആത്മഹത്യചെയ്തു ജീവിതം വിട്ട് പോയവർക്ക്, ഇഷ്ടമില്ലാത്ത ഗർഭം തുടർന്നുകൊണ്ടുപോയി ശപിച്ചുകൊണ്ട് അമ്മമാരാകേണ്ടികേണ്ടിവന്നവർക്കു, ഇതേ കാരണങ്ങൾകൊണ്ട് അമ്മമാരായി മാനസികനില തകർന്നു ജീവിക്കുന്നവരുടെ പാവം പിഞ്ചുകുഞ്ഞുങ്ങൾക്ക്.

സദാചാരം വേണം. പക്ഷെ അതിന്റെ അരികുകളിലും മധ്യത്തിലും കൂരയിലും പെണ്ണിനേയും അവളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും മുറിച്ചുമുറിച്ചു തൂക്കിയിടാതിരിക്കുക. അപേക്ഷയാണ്. സ്ത്രീശരീരത്തിന്റെ അടിമച്ചങ്ങലയെ പൊട്ടിച്ചെറിയാൻ സ്വപ്നങ്ങളുള്ള ഒരു സ്ത്രീയുടെ അപേക്ഷ.

NB. നാളെ മുതൽ ABORTION കൂടും എന്ന് പറയാൻ വരുന്ന ഊളകളോട് ഒരുവാക്ക്. അത് തടയുക നിങ്ങളുടെ ഉത്തരവാദിത്തം അല്ലേ അല്ല. Pls give her, her body and rights on it.

എല്ലാവരും അവർ കടന്നുപോയിട്ടുള്ള (സ്വന്തം കാര്യമോ, നേരിട്ടറിയുന്നവരുടെയോ)അബോർഷൻ കാര്യങ്ങൾ എഴുതാൻ തുടങ്ങിയാൽ പല സർക്കാർ ആശുപത്രികളുടെയും നിയമവിരുദ്ധരീതികൾ വെളിച്ചത്തു കൊണ്ടുവരാൻ പറ്റും. തുറന്നെഴുതാൻ കഴിയുന്നവർ എഴുതുക. എന്റെ സുഹൃത്തിന്റെ ഗതികേട് അനുഭവിക്കാൻ മറ്റൊരു പെണ്ണിനും ഇടവരാതെ നോക്കുക.

ഈ പോസ്റ്റിനോട് പ്രമുഖരും അല്ലാത്തവരും ആയവർ ചോദ്യങ്ങൾ ചോദിച്ചേക്കാം. ഗർഭസ്ഥശിശുവിന്റെ human rightsനെ കുറിച്ച്, ഗൗരവമില്ലാത്ത sex etc. മറുപടി ഇതാണ്.

സ്ത്രീ തന്റെ ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ അമ്മയാകാൻ ആഗ്രഹിക്കുന്നുള്ളു . സീരിയസ് ആയി തന്നെയാണ് ഗർഭത്തെ ഓരോ സ്ത്രീയും നോക്കിക്കാണുന്നത്. സ്ത്രീയേക്കാൾ കൂടുതൽ ശ്രദ്ധ അവരുടെ ഗർഭഛിദ്ര തീരുമാനത്തിന് കൊടുക്കേണ്ട ബാധ്യത ആർക്കും തന്നെയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News