ഹെലികോപ്ടര്‍ യാത്രാ വിവാദം അനാവശ്യം; ദുരിതാശ്വാസഫണ്ട് ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ആദ്യമായല്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി; റവന്യുസെക്രട്ടറി ഉത്തരവിട്ടത് താന്‍ പറഞ്ഞിട്ടെന്നും കെഎം എബ്രഹാം

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള പണം കൊണ്ട് മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ ക‍ഴമ്പില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം. വിവാദം അനാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസഫണ്ട് മുന്‍പും ഇത്തരം യാത്രകള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും കെ എം എബ്രഹാം ചൂണ്ടികാട്ടി. കേന്ദ്രസംഘത്തെക്കാണാനായി മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തിയതിന്റെ പണം ദുരിതാശ്വാസഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ റവന്യൂസെക്രട്ടറി ഉത്തരവിട്ടത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. മുഖ്യമന്ത്രി വന്നത് കൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും കെ എം എബ്രഹാം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. വിവാദം അനാവശ്യമാണെന്നും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അപാകത സംഭവിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം എന്നും പിണറായി ചൂണ്ടികാട്ടി.

ഹെലികോപ്റ്ററില്‍ മാത്രമല്ല, മന്ത്രിമാര്‍ കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചെലവു വഹിക്കുന്നതും സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്നത് സാധാരണഗതിയില്‍ മന്ത്രിമാര്‍ അറിയേണ്ടതില്ല.

അത്തരം കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരാണ് നിര്‍വ്വഹിക്കുന്നത്. ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞയുടനെ തന്നെ തീരുമാനം റദ്ദാക്കിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

ഹെലികോപ്റ്റല്‍ യാത്രയില്‍ അപാകതയില്ലെന്നും അത് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുമുഖ്യമന്ത്രിമാരെല്ലാം ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെന്നും പിണറായി ചൂണ്ടികാട്ടി.

തന്റെ ആകാശയാത്രയെ വിമര്‍ശിക്കുന്ന യു.ഡി.എഫ് നേതാക്കള്‍ മുമ്പ് മുന്‍ മുഖ്യമന്ത്രി ഇടുക്കിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര കൂടി പരിശോധിക്കണമെന്നും അന്നത്തെ യാത്രയും ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തായിരുന്നെന്നും പിണറായി പറഞ്ഞു. തന്നെ വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തിലെ കാര്യം ഒന്നു നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇത്തരം യാത്രകള്‍ ആവശ്യമായിരിക്കുമെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടി വരുമെന്നും പിണറായി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here