അവയവദാനത്തിന് തടവുക്കാര്‍ക്ക് അനുമതി; ഓഖി സഹായവിതരണത്തിന് മേല്‍നോട്ട സമിതി: മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിനും കാര്യക്ഷമമായ നടത്തിപ്പിനും വേണ്ടി രൂപീകരിച്ച കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി അഡ്വ. വി.ജെ. മാത്യുവിനെ (കൊച്ചി) നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നിയമോപദേശകനും ഇന്ത്യന്‍ മാരിടൈം അസോസിയേഷന്റെ കോ പ്രസിഡന്റുമാണ് വി.ജെ മാത്യു.

ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പ്രകാശ് അയ്യര്‍ (കൊച്ചി), അഡ്വ. എം.പി. ഷിബു (ചേര്‍ത്തല), അഡ്വ. എം.കെ. ഉത്തമന്‍ (ആലപ്പുഴ), അഡ്വ. വി. മണിലാല്‍ (കൊല്ലം) എന്നിവരെ നിയമിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ ശല്യതന്ത്രം വിഭാഗത്തില്‍ പി.ജി. സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.

ഓഖി സഹായവിതരണത്തിന് മേല്‍നോട്ട സമിതി

ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേക്ക് സ്‌പെഷ്യല്‍ ഗവ. പ്ലീഡറായി എം.എ. ആസിഫിനെയും സീനിയര്‍ ഗവ. പ്ലീഡറായി വി.കെ. ഷംസുദ്ദീനെയും ഗവ. പ്ലീഡറായി ജി. രഞ്ജിതയെയും നിയമിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിലവിലുളള ഒഴിവില്‍ സീനിയര്‍ ഗവ. പ്ലീഡറായി എം.കെ. സുകുമാരനെ കോഴിക്കോട് നിയമിക്കാനും തീരുമാനിച്ചു.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങളുടെ 2014 ജൂലൈ 1 മുതലുളള കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചു.

അവയവം ദാനം ചെയ്യുന്നതിന് തടവുക്കാര്‍ക്ക് അനുമതി

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതനുസരിച്ച് 2014ലെ ജയിലുകളും സാന്മാര്‍ഗ്ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ് ഒരു വ്യവസ്ഥ. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണം.

തടവുകാരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കണം. അവയവദാതാവായ തടവുകാരന്റെ ആശുപത്രിചെലവ് ജയില്‍വകുപ്പ് വഹിക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന കാലയളവിലേക്ക് തടവുകാരന്റെ ഭക്ഷണക്രമവും ജയില്‍ അധികൃതരുടെ ചുമതലയായിരിക്കും. അവയവദാനം നടത്തിയെ കാരണത്താല്‍ തടവുകാരന് ശിക്ഷാ കാലാവധിയില്‍ ഒരുവിധ ഇളവിനും അര്‍ഹതയുണ്ടാവില്ല.

കണ്ണൂര്‍ സെന്റട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ പി. സുകുമാരന്റെ അനുഭവമാണ് പൊതുമാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാരിന് പ്രേരണയായത്. തന്റെ ഒരു വൃക്ക ദാനം ചെയ്യുന്നതിന് സുകുമാരന്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അതിന്മേല്‍ തീരുമാനം എടുക്കും മുമ്പ് വൃക്ക സ്വീകരിക്കേണ്ട രോഗി മരണപ്പെടുകയുണ്ടായി. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്.

പുതിയ തസ്തികകള്‍

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഞ്ചുതെങ്ങ്, എലത്തൂര്‍ എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് 19 വീതം തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News