കൈക്കുഞ്ഞുമായി വാര്‍ത്ത വായിച്ച് അവതാരക; പ്രതിഷേധം എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിനെതിരെ – Kairalinewsonline.com
DontMiss

കൈക്കുഞ്ഞുമായി വാര്‍ത്ത വായിച്ച് അവതാരക; പ്രതിഷേധം എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിനെതിരെ

വാര്‍ത്താ ചാനലായ സമാ ടിവിയിലെ അവതാകരയാണ് കിരണ്‍.

എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് പാകിസ്ഥാനിലെ പ്രശസ്ത വാര്‍ത്താ അവതാരക കിരണ്‍ വ്യത്യസ്ത പ്രതിഷേധവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കൈകുഞ്ഞുമായി തത്സമയ വാര്‍ത്ത വായിച്ചായിരുന്നു പ്രതിഷേധം. വാര്‍ത്താ ചാനലായ സമാ ടിവിയിലെ അവതാകരയാണ് കിരണ്‍.

പാകിസ്ഥാനിലെ കസൂര്‍ ജില്ലക്കാരിയായ സൈനബ് അന്‍സാരിയെന്ന പെണ്‍കുട്ടിയുടെ ദാരുണ്യാന്ത്യം പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ചാനല്‍ അവതാരകയുടെ നടപടി.

സെനബിന് സംഭവിച്ച ദുരന്തത്തില്‍ ഒരു അമ്മയെന്ന നിലയിലുളള പ്രതിഷേധവും ആകുലതയും പ്രകടിപ്പിക്കുകയായിരുന്നു കിരണ്‍. ‘ഇന്ന് ഞാന്‍ നിങ്ങളുടെ അവതാരക കിരണ്‍ നാസ് അല്ല, ഒരു അമ്മയാണ്, അതുകൊണ്ടാണ് ഇവിടെ എന്റെ മകളുമൊത്ത് ഇരിക്കുന്നത്.’ ക്യാമറക്ക് മുന്നിലിരുന്ന് പ്രേക്ഷകരോട് കിരണ്‍ പറഞ്ഞു. അമ്മ വാര്‍ത്ത വായിച്ചപ്പോള്‍ അനുസരണയോടെയ കുഞ്ഞ് കിരണിന്റെ മടിയില്‍ അനങ്ങാതെയിരുന്നു.

സെനബിന്റെ ചെറിയ ശവപ്പെട്ടിക്ക് വലിയ ഭാരമാണ്, പാകിസ്താന്‍ മുഴുവന്‍ ആ പെണ്‍കുഞ്ഞിന്റെ ശവപ്പെട്ടിയുടെ ഭാരം ചുമക്കുകയാണ്. ശവശരീരം എത്ര ചെറുതായാലും അതുണ്ടാക്കുന്ന വേദന വളരെ വലുതാണ്. മനുഷ്യത്വത്തിന്റെ ശവദാഹമാണ് ഇന്നേ ദിവസം അടയാളപ്പെടുത്തുന്നതെന്നും അവതാരക പറഞ്ഞു.

ഇത്തരം കേസുകളില്‍ കണ്ടുവരുന്ന പോലീസ് നിഷ്‌ക്രിയത്വത്തെയും പരസ്പരമുള്ള രാഷ്ട്രീയ പഴിചാരലുകളെയും ശക്തമായ ഭാഷയില്‍ കിരണ്‍ വിമര്‍ശിക്കുകയും ചെയ്തു.

സൈനബ് അന്‍സാരിയുടെ ദാരുണ്യാന്ത്യം പാകിസ്താനില്‍ വന്‍ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബന്ധുക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഢനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ദുരന്തവാര്‍ത്തയറിഞ്ഞ് രോഷാകുലരായി തെരുവിലേക്കിറങ്ങിയ ജനക്കൂട്ടത്തിനു നേരെ നടത്തിയ പൊലീസ് വെടിവയ്പ്പില്‍ മൂന്നോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മലാല യൂസഫ് അടക്കമുള്ളവര്‍ സൈനബിന്റെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടിക്ക് നീതി ലഭിക്കണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. സെനബിന്റെ മരണത്തില്‍ പാക് പൊലീസിനെതിരേ സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

To Top