ലോക കേരളസഭയില്‍ 351 അംഗങ്ങള്‍

തിരുവനന്തപുരം: കേരള സമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിനെ വിപുലപ്പെടുത്താനും സംരക്ഷിക്കാനും രൂപീകൃതമായ ലോക കേരളസഭയില്‍ 351 അംഗങ്ങളുണ്ടാകും.

സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ അംഗങ്ങളാകും. കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും.

42 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയവരുമാകും.

വിവിധ മേഖലകളിലെ 30 പ്രമുഖ വ്യക്തികളെയും നാമനിര്‍ദേശം ചെയ്യും. ഇതിനുപുറമെ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ പൗരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചത്.

ലോക കേരളസഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് സഭാ സെക്രട്ടറി.

സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയമാകും. പാര്‍ലമെന്റ് നിയമസഭ, ഇതര സംസ്ഥാനം, ഗള്‍ഫ് രാജ്യം, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങിളില്‍ നിന്ന് ഓരോഅംഗങ്ങളെ പ്രസീഡിയമായി സഭാനേതാവ് നിര്‍ദേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here