ലോക കേരള സഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുംബൈ കേരള സഭ

മുംബൈ: ലോക കേരളസഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി നടത്തുന്ന മുംബൈ കേരളസഭയുടെ ഉല്‍ഘാടന ചടങ്ങില്‍ സജീവ പങ്കാളിത്തം. വ്യത്യസ്ത മേഖലകളിലെ പ്രമുഖരടക്കം നിരവധി പേരാണ് വിവിധ സെഷനുകളിലായി നടന്ന സെമിനാറുകളില്‍ പങ്കെടുത്തത്.

ഓരോ വിഷയത്തിലുമുള്ള സമരസമിതിയുടെ അഭിപ്രായങ്ങള്‍ കരട് രേഖയായി എല്ലാ സെഷനുകളിലും അവതരിപ്പിച്ചു. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.

മറുനാടന്‍ മലയാളികളെ കറവ പശുവായാണ് ഇതിനു മുന്‍പുള്ള സര്‍ക്കാര്‍ പരിഗണിച്ചിരുന്നതെന്നും ഇതിനൊരു മാറ്റം സ്വാഗതാര്‍ഹമാണെന്നും പ്രശസ്ത എഴുത്തുകാരി മാനസി പറഞ്ഞു.

ലോക കേരള ലോകസഭയിലെ സ്ത്രീ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്താണ് മുംബൈയില്‍ നിന്നും ലോക കേരള സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാമൂഹികപ്രവര്‍ത്തകയായ അഡ്വക്കേറ്റ് പ്രേമ മേനോന്‍ അഭിപ്രായപ്പെട്ടത്. പ്രവാസ ലോകത്തെ കലാകാരികള്‍ക്കും അംഗീകാരങ്ങള്‍ കിട്ടുമെന്ന പ്രത്യാശയിലാണ് മുംബൈയിലെ അറിയപ്പെടുന്ന നാടക അഭിനേത്രി സുമാ മുകുന്ദന്‍.

പ്രവാസികളെ നിക്ഷേപകരായി കാണുന്ന രീതിയായിരുന്നു ഇന്ന് വരെ അനുവര്‍ത്തിച്ചു പോന്നിട്ടുള്ളതെന്നും ഇതിനൊരു മാറ്റം ആശ്വാസം പകരുന്നുവെന്നും പത്ര പ്രവര്‍ത്തകനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ വൈസ് പ്രസിഡന്റ് ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ താമസിക്കുന്ന മറുനാടന്‍ മലയാളികളുടെ കണക്കെടുപ്പ് നടത്താന്‍ സാധിക്കണമെന്ന ആവശ്യമാണ് സാമൂഹിക പ്രവര്‍ത്തകനായ ജോജോ തോമസ് പ്രകടിപ്പിച്ചത്.

പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ക്രോഡീകരിക്കാനും പരിഹാരം കണ്ടെത്താനും കഴിയുമെന്നതാണ് ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യമെന്ന് വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ടിഎന്‍ ഹരിഹരന്‍ വ്യക്തമാക്കി. മുംബൈയില്‍ മാത്രമല്ല ലോകത്തുള്ള മലയാളികളുമായി ബന്ധപ്പെടുവാന്‍ ഇത്തരം സംരംഭങ്ങള്‍കൊണ്ട് സാധിക്കുമെന്ന അഭിപ്രായമാണ് ബിസിനസ്‌കാരനും സാമൂഹിക പ്രവര്‍ത്തകനുമായ തോമസ്സ് ഓലിക്കല്‍ പങ്കു വച്ചത്.

മുംബൈ മലയാളികളുടെ ചരിത്രം എവിടെയും ലിഖിതപ്പെട്ടിട്ടില്ലെന്നും നഗരത്തിലെ മലയാളികളെ കുറിച്ചുള്ള അന്വേഷണവും പഠനങ്ങളും ആവശ്യമാണെന്നും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.

മുംബൈയില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച രേഖകള്‍ കേരളത്തിലെ എം.എല്‍.എ.മാരും എം.പിമാരും അടങ്ങുന്ന മുഴുവന്‍ കേരള സഭാംഗങ്ങള്‍ക്കും എത്തിക്കാനാണ് പരിപാടിയെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. മുംബൈ കേരളസഭയില്‍ അവതരിപ്പിച്ച വിവിധ വിഷയങ്ങള്‍ പുസ്തകരൂപത്തിലെത്തിക്കാനും പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here