സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞതാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍; ”കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും, കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വം”

ദില്ലി: സുപ്രീംകോടതിയിലെ ഭരണം കുത്തഴിഞ്ഞതാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതി ജഡ്ജിമാര്‍.

ചീഫ് ജസ്റ്റിസിനോട് പരസ്യമായി പ്രതിഷേധിച്ച് കോടതി വിട്ടിറങ്ങിയ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

ശക്തമായ നീതിനിര്‍വ്വഹണ സംവിധാനമാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും അത് നിലനിര്‍ത്തുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പൊതുജനങ്ങളോട് തുറന്നു പറയുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു. വിവരങ്ങള്‍ സൂചിപ്പിച്ച് നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് നാലുമാസം മുന്നേ കൈമാറിയ കത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി.

ബിജെപി നേതാവ് അമിത് ഷാക്കെതിരായ സൊറാബ്ദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസ് പരിഗണിക്കുന്ന ബെഞ്ച് സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് ജഡ്ജിമാര്‍ ഉന്നയിക്കുന്നതെന്നാണ് സൂചന.

തെറ്റ് തിരുത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒട്ടും ആശാവഹമായ കാര്യങ്ങളല്ല നടക്കുന്നത്. ഒട്ടും സന്തോഷത്തോടെയുമല്ല സംസാരിക്കുന്നത്. നിയമവ്യവസ്ഥ തകര്‍ന്നാല്‍ ജനാധിപത്യം അപകടത്തിലാകും. രാജ്യത്തോടും നിയമവാഴ്ച്യാടുമാണ് തങ്ങള്‍ക്ക് കൂറുള്ളത്. ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തിപിടിക്കാനാണ് തുറന്നു പറയുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

ഞങ്ങള്‍ ആത്മാവ് പണയംവെച്ചാണ് ജോലി ചെയ്തതെന്ന് നാളെ മറ്റൊരാളും പറയാനിട വരരുത്. അതിനാണ് തുറന്നു പറയുന്നത്. ഇത് ഒഴിവാക്കുന്നതിനായി ഇന്നും ചീഫ് ജസ്റ്റിസിനെ കണ്ട് സംസാരിച്ചിരുന്നു.

എന്നിട്ടും പ്രയോജനമുണ്ടായില്ല. ഇതിന്റെ പേരില്‍ ഞങ്ങള്‍ കോടതിയില്‍നിന്നും വിട്ടുനില്‍ക്കുമെന്നോ രാജിവെയ്ക്കുമെന്നോ അര്‍ത്ഥമില്ല. രണ്ടു ദിവസത്തെ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച കോടതിയില്‍ എത്തുമെന്നും ജഡ്ജിമാര്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ പ്രതിഷേധവുമായി നാലു ജഡ്ജിമാരും ഇന്ന് കോടതി വിട്ടിറങ്ങി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. ജഡ്ജിമാര്‍ കോടതി വിട്ടിറങ്ങിയതോടെ രണ്ട് കോടതികളുടെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ വസതിയിലാണ് വാര്‍ത്താസമ്മേളനം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News