സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണം അതീവ ഗുരുതരം; ചീഫ്ജസ്റ്റിസടക്കമുള്ളവര്‍ മറുപടി പറയണം; അന്വേഷണം വേണമെന്നും സീതാറാം യെച്ചൂരി – Kairalinewsonline.com
Big Story

സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണം അതീവ ഗുരുതരം; ചീഫ്ജസ്റ്റിസടക്കമുള്ളവര്‍ മറുപടി പറയണം; അന്വേഷണം വേണമെന്നും സീതാറാം യെച്ചൂരി

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജുഡീഷ്യറിയിലും ക്രിത്രിമമുണ്ടെന്നാണ് നാലു ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണ്.

ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് അന്വേഷിക്കേണ്ടതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണം. അനുവദിക്കാന്‍ പാടില്ലാത്തതാണിതെന്നും യെച്ചൂരി വ്യക്തമാക്കി.

നേരത്തെ സുപ്രീംകോടതിയിലെ ഭരണം കുത്തഴിഞ്ഞതാണെന്നും ജനാധിപത്യം അപകടത്തിലാണെന്നുമുള്ള ആരോപണവുമായാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത്.

ചീഫ് ജസ്റ്റിസിനോട് പരസ്യമായി പ്രതിഷേധിച്ച് കോടതി വിട്ടിറങ്ങിയ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

ശക്തമായ നീതിനിര്‍വ്വഹണ സംവിധാനമാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും അത് നിലനിര്‍ത്തുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പൊതുജനങ്ങളോട് തുറന്നു പറയുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു. വിവരങ്ങള്‍ സൂചിപ്പിച്ച് നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് നാലുമാസം മുന്നേ കൈമാറിയ കത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി.

ബിജെപി നേതാവ് അമിത് ഷാക്കെതിരായ സൊറാബ്ദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസ് പരിഗണിക്കുന്ന ബെഞ്ച് സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് ജഡ്ജിമാര്‍ ഉന്നയിക്കുന്നതെന്നാണ് സൂചന.

തെറ്റ് തിരുത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒട്ടും ആശാവഹമായ കാര്യങ്ങളല്ല നടക്കുന്നത്. ഒട്ടും സന്തോഷത്തോടെയുമല്ല സംസാരിക്കുന്നത്. നിയമവ്യവസ്ഥ തകര്‍ന്നാല്‍ ജനാധിപത്യം അപകടത്തിലാകും. രാജ്യത്തോടും നിയമവാഴ്ച്യാടുമാണ് തങ്ങള്‍ക്ക് കൂറുള്ളത്. ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തിപിടിക്കാനാണ് തുറന്നു പറയുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

ഞങ്ങള്‍ ആത്മാവ് പണയംവെച്ചാണ് ജോലി ചെയ്തതെന്ന് നാളെ മറ്റൊരാളും പറയാനിട വരരുത്. അതിനാണ് തുറന്നു പറയുന്നത്. ഇത് ഒഴിവാക്കുന്നതിനായി ഇന്നും ചീഫ് ജസ്റ്റിസിനെ കണ്ട് സംസാരിച്ചിരുന്നു.

എന്നിട്ടും പ്രയോജനമുണ്ടായില്ല. ഇതിന്റെ പേരില്‍ ഞങ്ങള്‍ കോടതിയില്‍നിന്നും വിട്ടുനില്‍ക്കുമെന്നോ രാജിവെയ്ക്കുമെന്നോ അര്‍ത്ഥമില്ല. രണ്ടു ദിവസത്തെ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച കോടതിയില്‍ എത്തുമെന്നും ജഡ്ജിമാര്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ പ്രതിഷേധവുമായി നാലു ജഡ്ജിമാരും ഇന്ന് കോടതി വിട്ടിറങ്ങി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. ജഡ്ജിമാര്‍ കോടതി വിട്ടിറങ്ങിയതോടെ രണ്ട് കോടതികളുടെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ വസതിയിലാണ് വാര്‍ത്താസമ്മേളനം നടന്നത്.

To Top