ദക്ഷിണാഫ്രിക്കയില്‍ നാളെ രണ്ടാം അങ്കം; ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; ധവാനും രോഹിതും പുറത്തേക്ക്; രഹാനെയും രാഹുലും കളിച്ചേക്കും - Kairalinewsonline.com
Cricket

ദക്ഷിണാഫ്രിക്കയില്‍ നാളെ രണ്ടാം അങ്കം; ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; ധവാനും രോഹിതും പുറത്തേക്ക്; രഹാനെയും രാഹുലും കളിച്ചേക്കും

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 72 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അത്ഭുത വിജയം കൊതിച്ചെത്തിയ വിരാട് കൊഹ്ലിക്കും സംഘത്തിനും വലിയ തിരിച്ചടിയാണ് ആദ്യ ടെസ്റ്റില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും കൊടികെട്ടിയ ബാറ്റിംഗ് നിര പാടെ തകര്‍ന്ന് തരിപ്പണമായിരുന്നു.

ഇതോടെ കോഹ്ലിക്കും സംഘത്തിനുമെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ശക്തമായി. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

ഫാസ്റ്റ് ബൗളിംഗിനെതിരെ മികച്ച റെക്കോര്‍ഡുള്ള കെ എല്‍ രാഹുല്‍, അജിങ്ക്യ രഹാനെ എന്നിവരെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാത്തത് മണ്ടത്തരമാണെന്നാണ് ഏവരും വിമര്‍ശിച്ചത്.

ഇതോടെയാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിഞ്ഞത്. ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനേയും മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയേയും രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കും.

രോഹിത് ശര്‍മ്മയ്ക്ക് പകരം രഹാനെ എത്തുമ്പോള്‍ ധവാന് പകരക്കാരനായി രാഹുല്‍ ഓപ്പണറായേക്കും. ബുംറയ്ക്ക് പകരം ഇഷാന്ത് ശര്‍മ്മയോ ഉമേഷ് യാദവോ കളിക്കാനുള്ള സാധ്യതയും ഉണ്ട്.

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 72 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ രണ്ടാം പോരാട്ടത്തില്‍ വിജയമോ സമനിലയോ കൊഹ്ലിപ്പടയ്ക്ക് അത്യാവശ്യമാണ്. ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ് എന്നത് ഇന്ത്യക്ക് ഭീഷണിയാണ്.

To Top