അതിരുകളെ അതിലംഘിച്ച് ലോകമെമ്പാടുമായി പടര്‍ന്നുനില്‍ക്കുന്ന മഹത്വമാര്‍ജിച്ച ഒരു അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഒത്തുചേരല്‍

ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണരൂപം

ലോക കേരളസഭ എന്ന മഹത്തായ സങ്കല്‍പ്പം യാഥാര്‍ഥ്യമാകുകയാണ്. സഭയുടെ പ്രഥമ സമ്മേളനം നടക്കുകയാണിവിടെ.

‘കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളില്‍’ എന്ന് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പേതന്നെ മലയാളത്തിന്റെ ഒരു മഹാകവി കുറിച്ചുവച്ചു- മഹാകവി പാലാ നാരായണന്‍നായര്‍. അന്നും അതിനുശേഷവും ആ വാക്കുകള്‍ കൂടുതല്‍ സത്യവും യാഥാര്‍ഥ്യവുമാകുന്നതാണ് നമ്മള്‍ കണ്ടത്. അതേ, കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണ് കടന്നുപോയത്. ആ വളര്‍ച്ച ഇന്നും തുടരുകയാണ്.

കേരളം ഇന്ന് അതിരുകളാല്‍ മാത്രം മനസ്സിലാക്കപ്പെടേണ്ട ഒരു ഭൂപ്രദേശമല്ല. അതിരുകളെ അതിലംഘിച്ച് ലോകമെമ്പാടുമായി പടര്‍ന്നുനില്‍ക്കുന്ന മഹത്വമാര്‍ജിച്ച ഒരു അന്താരാഷ്ട്ര സമൂഹത്തെയാണ് കേരളീയര്‍ എന്ന വാക്ക് ഇന്ന് അടയാളപ്പെടുത്തുന്നത്.

ഈ വിശാലത നമ്മുടെ മനസ്സിലും പ്രതിഫലിക്കേണ്ടിയിരിക്കുന്നു. ഈ ചിന്തയാണ് ലോക കേരളസഭ എന്ന സങ്കല്‍പ്പത്തിലേക്ക് നമ്മെ നയിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ഏതു മലയാളിയുടെയും ഏതു രംഗത്തെ നൈപുണ്യവും വൈദഗ്ധ്യവും നമുക്ക് ഈ കേരളത്തിനായി കൂടി പ്രയോജനപ്പെടുത്താന്‍ കഴിയണം. ലോകത്തിന്റെ ഏതു ഭാഗത്തെ ഏതു തരത്തിലുള്ള സാധ്യതകളും നമ്മുടെ കേരളീയസമൂഹത്തിന്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഇത്തരം ഒരു കൊടുക്കല്‍ വാങ്ങലിന്റെ പാലം കേരളത്തില്‍ കഴിയുന്ന സമൂഹത്തിനും കേരളത്തിനു പുറത്തുള്ള കേരളീയ പ്രവാസി സമൂഹത്തിനും ഇടയില്‍ ഉണ്ടാകണം. അത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. അതുണ്ടാകുമ്പോള്‍ കേരളത്തിലുള്ള കേരളീയര്‍ എന്നും കേരളത്തിനു പുറത്തുള്ള കേരളീയര്‍ എന്നുമുള്ള വേര്‍തിരിവുപോലും പതിയെ അലിഞ്ഞ് ഇല്ലാതാകും. ഒരു ലോക കേരളസമൂഹം പിറവിയെടുക്കും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളത്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള കേരളീയസമൂഹത്തിന്റെ പ്രാഗത്ഭ്യത്തിനും പ്രാവീണ്യത്തിനും ഇതില്‍ പ്രാതിനിധ്യമുണ്ടാകണമെന്ന കാര്യത്തില്‍ പരമാവധി നിഷ്കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്. എങ്കിലും എല്ലാ പ്രഗത്ഭരെയും ഉള്‍ക്കൊള്ളാന്‍ പറ്റിയെന്നോ ഇതിനു പുറത്ത് പ്രഗത്ഭരില്ല എന്നോ അര്‍ഥമാക്കേണ്ടതില്ല. ഇത് ഒരു തുടക്കമാണ്, പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, അത് പരിഹരിച്ച് മുമ്പോട്ടുപോകാനുള്ള ഘട്ടമാണ് നമ്മുടെ മുമ്പിലുള്ളത്. അത് ആ വിധത്തില്‍ത്തന്നെ പ്രയോജനപ്പെടുത്തിയാകും നാം തുടര്‍ന്നു നീങ്ങുക.

ഈ സമ്മേളനത്തില്‍ കേരളത്തിലെ എംഎല്‍എമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. പ്രവാസി പ്രതിനിധികളുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ സംസ്ഥാന-കേന്ദ്ര നിയമനിര്‍മാണ സഭകളില്‍ ഉയര്‍ത്തുക, അതിന്‍പ്രകാരമുള്ള നയ-നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ സാധ്യത ആരായുക എന്നിവയാണ് പ്രധാനമായും അവരുടെ സാന്നിധ്യംകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ നിയമനിര്‍മാണസഭാ ചരിത്രത്തിന് 130 വയസ്സാകുന്ന ഘട്ടത്തിലാണ് നിയമനിര്‍മാണാധികാരമില്ലാത്തതെങ്കിലും ഉപദേശാധികാരമുള്ള ലോക കേരളസഭ പിറവിയെടുക്കുന്നത്.

ഇതു തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയെയും വൈവിധ്യവല്‍ക്കരണത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ലോക കേരളസഭ നാളെ ഏതൊക്കെ രൂപത്തിലായി മാറും എന്നതും ഏതൊക്കെ അധികാരമാര്‍ജിക്കും എന്നതുമൊക്കെ നാം കാലത്തിനു വിട്ടുകൊടുക്കുക. ഏതായാലും കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ കഴിയുന്ന ക്രിയാത്മകതയുടേതായ സഭ എന്ന നിലയിലാണ് നാം ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്. ഈ സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ നമുക്കു കഴിയുമെന്ന പ്രത്യാശ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

മദ്രാസ് പ്രൊവിന്‍സിന്റെ ഭാഗമായിരുന്ന മലബാറിന് 1920 മുതല്‍ മദിരാശി ലജിസ്ളേറ്റീവ് അസംബ്ളിയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. 1932ഓടെ തിരുവിതാംകൂറില്‍ ശ്രീമൂലം സഭ എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൌണ്‍സില്‍ എന്ന ഉപരിസഭയും ഉണ്ടായി. സഭയും അധികാരാവകാശങ്ങളും വളര്‍ന്നുവന്നു. തിരുവിതാംകൂറിലേതിനു സമാനമായ സംവിധാനങ്ങള്‍ കൊച്ചിയിലും വികസിച്ചുവന്നു.

സ്വാതന്ത്യ്രലബ്ധിയെത്തുടര്‍ന്ന് നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതും ഉത്തരവാദിത്തഭരണം വന്നതും 1948ല്‍ സാര്‍വത്രിക വോട്ടവകാശമുണ്ടായതും തിരു-കൊച്ചി ലയനം സംഭവിച്ചതും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയവും ഐക്യകേരളപ്പിറവിയും ഉണ്ടായതും ആദ്യ ഐക്യകേരള മന്ത്രിസഭയുണ്ടായതും ഇന്നു കാണുന്ന വിധത്തിലുള്ള നിയമസഭ രൂപപ്പെട്ടതുമൊക്കെ ജനാധിപത്യ വികസനത്തിന്റെ നാള്‍വഴികളിലെ നാഴികക്കല്ലുകളാണ്. ജനാധിപത്യത്തിന്റെ തേരുരുള്‍ച്ചയ്ക്ക് അവസാനമില്ല. പുതിയ തലങ്ങളിലേക്ക് അത് കടന്നെത്തിക്കൊണ്ടേയിരിക്കും. അത്തരം ഒരു പുതിയ തലമാണ് ലോക കേരളസഭ എന്ന് ഭാവിചരിത്രം വിലയിരുത്തുകതന്നെ ചെയ്യും.
ജനാധിപത്യമെന്നത് ദൂരെനിന്ന് ആരാധനാപൂര്‍വം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകമേ കടന്നുചെന്ന് സാമൂഹ്യമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണ്. ഇക്കാര്യം ആദ്യഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയ മഹാനാണ് എ കെ ജി.എ കെ ജിയെ സംബന്ധിച്ചിടത്തോളം പുറത്ത് ജീവിക്കാന്‍ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാര്‍ലമെന്റ്. മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. എ കെ ജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്റ് പിന്നീട് എന്നും സഞ്ചരിച്ചത്. ജനവികാരം അവിടെ അലയടിച്ചു. അവരുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിച്ചു. ലോക കേരളസഭയിലും അതുതന്നെയാണ് ഉണ്ടാകേണ്ടത്. ലോകത്തെമ്പാടുമുള്ള മലയാളിയുടെ ആശയാഭിലാഷങ്ങളും മാറ്റത്തിനുവേണ്ടിയുള്ള വാഞ്ഛകളുമാകണം ഇവിടെ പ്രതിഫലിക്കേണ്ടത്.

ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാനുള്ള കരടുരേഖയിലേക്കു കടക്കുംമുമ്പ് ഒരു കാര്യം കൂടി പ്രത്യേകം പറയട്ടെ. പ്രവാസിസമൂഹം തങ്ങളുടെ രാജ്യങ്ങളില്‍ നേരിടുന്ന സമസ്ത പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ വേദികൊണ്ടു സാധിക്കും എന്ന ധാരണ നമുക്കില്ല. കാരണം സ്വതന്ത്ര പരമാധികാര രാജ്യങ്ങളാണവ. അവയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിന് അവകാശമില്ല; സംസ്ഥാനത്തിന്റെ കാര്യമാകുമ്പോള്‍ പറയാനുമില്ല. ഈ വിഷയത്തില്‍ ആകെ ചെയ്യാന്‍ കഴിയുക ശ്രദ്ധയില്‍വരുന്ന പ്രശ്നങ്ങള്‍ക്കുള്ള നമ്മുടെ പരിഹാര ഫോര്‍മുലകള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ്. അതു ചെയ്യാം. പ്രവാസിസമൂഹത്തിന്റെ പ്രവാസ ജീവിതാനന്തരമുള്ള പുനരധിവാസമെന്ന പ്രശ്നം സമ്പൂര്‍ണമായി പരിഹരിക്കുക എന്നതും ഇത്തരമൊരു സംവിധാനം കൊണ്ട് സാധ്യമാകില്ല. പ്രവാസിസമൂഹം അയയ്ക്കുന്ന വിദേശനാണ്യം കൊണ്ട് വിദേശനാണ്യശേഖരം ശക്തിപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നേതൃപരമായ പങ്കാളിത്തത്തോടെയല്ലാതെ ഈ പ്രശ്നം പൂര്‍ണമായി പരിഹരിക്കുക സാധ്യമാകില്ല. ചെയ്യാന്‍ കഴിയുന്നത് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ ഒരു കണ്‍സോര്‍ഷ്യം ഉണ്ടാക്കി പുനരധിവാസപ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശം മുമ്പോട്ടുവയ്ക്കുക എന്നതാണ്. അതു ചെയ്യാം.

കേരളത്തിലുള്ളവര്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള കേരളീയര്‍, ഇന്ത്യയ്ക്കു പുറത്തുള്ള കേരളീയര്‍ എന്നിവരുടെ പൊതുവിലുള്ള ഒരു വേദി ഇതുവരെയില്ല. ഈ പോരായ്മ പരിഹരിക്കുകയാണ് നമ്മള്‍ ലോക കേരളസഭയുടെ രൂപീകരണത്തോടെ ചെയ്യുന്നത്.

മുന്നണി മന്ത്രിസഭയടക്കം പല കാര്യങ്ങളിലും ഇന്ത്യയ്ക്കുമുമ്പില്‍ മാതൃക വച്ചിട്ടുള്ളവരാണ് കേരളീയര്‍. നിയമസഭാ സമിതികള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനുപോലും മാതൃക കാട്ടി. സാക്ഷരത, ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം തുടങ്ങി പിന്നെയും പല കാര്യങ്ങളിലും ഇന്ത്യയ്ക്കു മാതൃക കാട്ടിയ കേരളം ലോക കേരളസഭാ രൂപീകരണത്തിലൂടെ അനുകരണീയമായ മറ്റൊരു മാതൃക കൂടി ഇതര സംസ്ഥാനങ്ങള്‍ക്കും ഇന്ത്യയ്ക്കും മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയാണ്. ഈ മാതൃകയും ഇതര മാതൃകകള്‍ പോലെ വിപുലമായി സ്വീകരിക്കപ്പെടും എന്ന ബോധ്യമാണ് നമുക്കുള്ളത്.

ലോകത്തിന്റെ ഏതു ഭാഗത്തുചെന്ന് ജീവിക്കുമ്പോഴും അവിടത്തെ സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലൂടെ ഒഴുകുന്നവരാണ് കേരളീയര്‍. എന്നാല്‍, അതേസമയം തന്നെ നമ്മുടെ നാടിന്റെ, ഭാഷയുടെ, സംസ്കാരത്തിന്റെ തനിമകള്‍ വിട്ടുകളയാതെ സൂക്ഷിക്കുകയും ചെയ്യും. ഈ പ്രത്യേകത ലോക കേരളസഭയുടെ ലക്ഷ്യപ്രാപ്തിക്ക് വലിയതോതില്‍ ഗുണം ചെയ്യും എന്നാണു നാം കരുതുന്നത്.

ചെന്നുപെടുന്ന രാജ്യത്തെയും അന്താരാഷ്ട്ര മണ്ഡലത്തിലെയും സേവന-വിജ്ഞാന രംഗങ്ങള്‍ക്ക് വലിയതോതില്‍ സര്‍ഗപ്രതിഭയും പ്രാവീണ്യവും നൈപുണ്യവും കൊണ്ട് സംഭാവന നല്‍കുന്നവര്‍ കേരളത്തെക്കുറിച്ചും ഇവിടത്തെ ജനങ്ങളെക്കുറിച്ചും മനസ്സില്‍ വലിയ ഒരു കരുതല്‍ സൂക്ഷിക്കുന്നു എന്നാണല്ലോ ഇതിനര്‍ഥം. ആ കരുതല്‍ അവര്‍ക്കുള്ളിലുണ്ട് എന്നതുകൊണ്ടുതന്നെ, അവരുടെ പ്രാവീണ്യവും പ്രാഗത്ഭ്യവും ഒക്കെ തങ്ങളുടെ നാടിനും നാട്ടുകാര്‍ക്കും കൂടി പ്രയോജനപ്പെടുത്തുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ സന്തോഷവും അഭിമാനവുമേ ഉണ്ടാകൂ.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരുടെ കഴിവുകള്‍ നാടിനു പ്രയോജനപ്പെടുത്താനുതകുന്ന ഒരു സംവിധാനം ഇതുവരെ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടായിരുന്നില്ല. ആ പോരായ്മ പരിഹരിക്കുകയാണ് ലോക കേരളസഭ. ഇതു പ്രാവര്‍ത്തികമാകുന്നതോടെ ആഗോള വിജ്ഞാനഘടനയിലെ തെളിവെളിച്ചങ്ങള്‍ ഇവിടേയ്ക്ക് വരും. ഇവിടത്തെ വിവിധങ്ങളായ വിജ്ഞാനമണ്ഡലങ്ങള്‍ കൂടുതല്‍ പ്രകാശപൂര്‍ണമാകും. പ്രവാസിയുടെ പണം ഉപയോഗിക്കാമെന്നല്ലാതെ വിജ്ഞാനവും നൈപുണ്യവും അനുഭവജ്ഞാനവും ഉപയോഗിക്കാം എന്ന് ഇതുവരെ ആരും കാര്യമായി ചിന്തിച്ചില്ല. ആരും ചിന്തിക്കാതിരുന്ന അക്കാര്യം ലോക കേരളസഭ മുഖ്യലക്ഷ്യങ്ങളിലൊന്നാക്കുകയാണ്.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും പ്രവാസിസമൂഹം വഹിക്കുന്ന പങ്ക് നിര്‍ണായക പ്രാധാന്യമുള്ളതാണ്. എന്നാല്‍, കേരളത്തിന്റെ ഭാവിഭാഗധേയം എങ്ങനെയാകണം എന്നു നിര്‍ണയിക്കുന്ന കാര്യത്തില്‍ പ്രവാസിസമൂഹത്തിന് അഭിപ്രായം പറയാന്‍ പോലും വേദിയില്ല. അഭിപ്രായം പറയാനും ജനാധിപത്യത്തിന്റെ പരിധിക്കുള്ളില്‍ ആവുന്നത്ര അതു വിലപ്പോകുന്നു എന്ന് ഉറപ്പാക്കാനുമുള്ള ഒരു ജനാധിപത്യവേദിയാവും ലോക കേരളസഭ. അതായത്, കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭ ശ്രദ്ധിക്കപ്പെടും. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍ മുതല്‍ കേരളത്തിന്റെ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങള്‍ അവതരിപ്പിച്ച് ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ഇതിലൂടെ ഒരു പൊതുവേദി ഉണ്ടാകുകയാണ്

(അവസാനിക്കുന്നില്ല)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News