കുഞ്ഞോമന ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കും; വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തി

ഇന്ത്യയില്‍ നിന്നും ദത്തെടുത്തു കൊണ്ടുപോയ മുന്നു വയസുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്‌ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ആകും ശിക്ഷ.

വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. കുട്ടിയെ ഉപേക്ഷിച്ചെന്ന കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിട്ടുള്ളത്. സിനിക്ക് രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. 10000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കിയേക്കാം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങള്‍ വെച്ചാണു കുറ്റം ചാര്‍ത്തിയിരിക്കുന്നത്. ഷെറിന്‍ മാത്യൂസ് വധവുമായി ബന്ധപ്പെട്ട് ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്‌ത് ജോണ്‍സണ്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈക്കാര്യങ്ങള്‍ അറിയിച്ചത്.

റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു 2017 ഒക്ടോബര്‍ ഏഴിനു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്.

പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു.

കുട്ടിയെ കാണാതാവുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നല്‍കിയത്. ആദ്യം കുട്ടിയെ കാണാതായതിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വളര്‍ത്തച്ഛന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here