തൃപ്തിയാകുമെന്ന് തീര്‍ച്ചയാണ്; തൃപ്തി ഷെട്ടി ഇതാ തിരുവന്തപുരത്തുണ്ട്

ലോക കേരള സഭയിലൂടെ ലോകം കേരളത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ തന്‍റെ വ്യത്യസ്തമായ കരകൗശല ഉല്‍പ്പന്നങ്ങളെ ലോകത്തിന്‍റെ കാ‍ഴ്ച്ചയ്ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് തൃപ്തി ഷെട്ടി. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കുന്ന ഈ മുപ്പത്തിയൊന്നുകാരി ആരാണെന്ന് അറിയേണ്ടേ?

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭക. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ട വിഭാഗമല്ല തങ്ങളെന്ന ഉറച്ച ബോധ്യത്തോടെ ജീവിതം അദ്ധ‍്വാനത്തിലൂടെയും പോരാട്ടത്തിലൂടെയും കൈപ്പിടിയിലൊതുക്കിയിരിക്കുന്ന പോരാളി.

കാസര്‍ഗോഡ് സ്വദേശിയായ തൃപ്തി ഷെട്ടിയുടെ ജീവിതം ട്രാന്‍സ് ജന്‍റര്‍ വിഭാഗത്തിന് മാത്രമല്ല കലയും കരകൗശലവും കൈയ്യിലുള്ള ഏതൊരാള്‍ക്കും പ്രചോദനമാണ്.

“ആഭരണനിര്‍മ്മാണത്തില്‍ വൈദഗ്ദ്യം നേടുന്ന പഠനകോഴ്‌സില്‍ ചേര്‍ന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ആനിയുടെ പിന്തുണയോടെ ആയിരുന്നു.

ജീവിതത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്ന വേദനകള്‍ കേട്ടപ്പോള്‍ തന്റെ അഭിരുചി മനസിലാക്കി ആഭരണനിര്‍മ്മാണ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുകയായിരുന്നു. തുടര്‍ന്ന് ഇഗ്‌നോയില്‍ കൗശകൗശല വസ്തുക്കളുടെ പ്രദര്‍ശന പരിപാടിയിലും പങ്കെടുപ്പിച്ചു.” തൃപ്തി പറയുന്നു.

17 ദിവസം കൊണ്ട് ആഭരണ നിര്‍മ്മാണത്തിന്റെ വിജയമന്ത്രം പഠിച്ചെടുത്ത തൃപ്തിക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സ്വന്തമായി നിര്‍മ്മിച്ചെടുക്കുന്ന ഹാന്‍ഡിക്രാഫ്റ്റ് ഉത്പന്നങ്ങള്‍ പല ഇടങ്ങളിലായി നടക്കുന്ന എക്‌സിബിഷനുകളില്‍ പ്രദള്‍ശിപ്പിച്ച് വിപണനം ചെയ്ത് പണം സ്വരുകൂട്ടുകയയായിരുന്നു.

ഇപ്പോള്‍ തിരുവന്തപുരത്ത് മ്യൂസിയം പാര്‍ക്കിന് എതിര്‍വശത്തെ കെട്ടിടത്തില്‍ കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന തൃപ്തിയുടെ സ്റ്റാള്‍, മുഖ്യമായും ലോകകേരള സഭയിലെത്തുന്നവരുടെ ശ്രദ്ധപിടിച്ചു പറ്റുകയാണ്.

ഹാന്‍ഡിക്രാഫ്റ്റ് സെമി പ്രോസസ് സ്‌റ്റോണ്‍, ഹാന്‍ഡ്‌മെയ്ഡ് ജ്വല്ലേഴ്സ്, പെയ്ന്‍റിംഗ് എന്നിവയാണ് പ്രധാനമായും പ്രദര്‍ശനത്തിലുള്ളത്.

സ്വന്തമായി ഹാന്‍ഡി ക്രാഫ്റ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തൃപ്തി കൊച്ചിയില്‍ കൗരകൗശല വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റും അതോടൊപ്പം കൊച്ചി കേന്ദ്രമാക്കി ഒരു വിപണന കേന്ദ്രവും ആഗ്രഹിക്കുന്നുണ്ട്.

സ്വന്തമായി വീടോ സ്ഥിര മേല്‍വിലാസമോ ഇല്ലെങ്കിലും തൃപ്തിയുടെ ഈ സ്വപ്‌ന സാക്ഷാത്കാരത്തിനായി ഒപ്പം കുടുംബശ്രീയുണ്ട്. കേരള സംസ്ഥാന കരകൗശലകോര്‍പ്പറേഷന്‍റെ ആര്‍ട്ടിസാന്‍ ഐഡന്‍റിന്‍റിറ്റി കാര്‍ഡ് ലഭിച്ചിട്ടുള്ള തൃപ്തിയുടെ അടുത്ത ലക്ഷ്യം അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന കൈരളിയുടെ പ്രദര്‍ശനമാണ്.

“ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തങ്ങളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. പ്രത്യേകിച്ച് കൊച്ചിയില്‍.

സിനിമാ മേഖലയായാലും ബിസിനസ് മേഖലയായാലും വലിയ മാറ്റങ്ങളാണ് കാണുന്നത്.” തൃപ്തി പറയുന്നു. “ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഇരുട്ടില്‍ കാണുന്നവര്‍ എന്നാണ് പൊതുവെ പറയാറ്. എന്നാല്‍ അങ്ങനെയല്ല. ഞങ്ങളെ ഇരുട്ടിലേക്ക് സമൂഹം തള്ളിവിടുകയാണ്.

സ്വന്തമായി ഒരു ജോലിയോ ഉപജീവന മാര്‍ഗമോ ഇല്ലാതെ ഞങ്ങള്‍ എങ്ങനെ ജീവിക്കും. ഭിക്ഷാടനമാണ് ഞങ്ങളില്‍ പലരുടെയും ഏകമാര്‍ഗം. ട്രെയിനുകളിലും മറ്റും ഒരു പക്ഷെ ഇത് സാധാരണ ജനത്തിന് ബുദ്ധിമുട്ടാണ്. എന്തു ചെയ്യും. എല്ലാം ജീവിക്കാന്‍ വേണ്ടി മാത്രമാണ്.

ഞാനും ഭിക്ഷ യാചിച്ചിട്ടുണ്ട്. ഒരു സഹജീവിയെന്ന നിലയില്‍ ഞങ്ങളെയും സമൂഹം കൂടെക്കൂട്ടുകയാണ് വേണ്ടത്” തൃപ്തിയുടെ അഭ്യര്‍ത്ഥനയാണിത്.

തൃപ്തിയുടെ പ്രദര്‍ശനം ഇപ്പോള്‍ മ്യൂസിയം റോഡിന് എതിര്‍വശത്തുള്ള പബ്ലിക്ക് ഓഫീസ് കോംപ്ലക്സിലാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പലരും ഇങ്ങനെയൊരു സ്റ്റാളിന്‍റെ കാര്യമേ അറിഞ്ഞിട്ടില്ല.

പൊതുജന സന്ദര്‍ശനം കൂടുതലായുള്ള മ്യൂസിയം പാര്‍ക്കിലേക്കോ കനകക്കുന്നിലേക്കോ ഇത് മാറ്റിത്തരണമെന്ന് അവര്‍ക്കൊരു അപേക്ഷയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News