കൊച്ചിയില്‍ ആക്രിക്കച്ചവടക്കാരനായെത്തിയ നസീറിനെ കുടുക്കിയത് സിനിമക്കഥ പോലെ; ആളെ കൊല്ലുന്ന സീമപുരയില്‍ നിന്ന് ജീവനോടെ മടങ്ങാമെന്ന് പൊലീസ് കരുതിയില്ല; എന്നിട്ടും

ഒരു മാസം മുമ്പ് കൊച്ചിയെ നടുക്കിയ കവര്‍ച്ച കേസിലെ പ്രതികളെ പിടികൂടിയ കേരള പൊലീസിന് ഇത് അഭിമാന നിമിഷം. ഒരു സിനിമാക്കഥ പോലെ ത്രില്ലിംഗ് ആയ അനുഭവമായിരുന്നു കൊച്ചി പള്ളുരുത്തി സി ഐ ക്കും സംഘാംഗങ്ങള്‍ക്കും. എന്തും ചെയ്യാന്‍ മടിക്കാത്ത കുറ്റവാളികളുള്ള സീമാപുരി ചേരിയില്‍ നിന്ന് ജീവനോടെ രക്ഷപെടുമെന്ന് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല.

എറണാകുളം മുതല്‍ സീമാപുര വരെ

എറണാകുളം പുതുവൈപ്പിനില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന നസീര്‍ഖാനാണ് കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് അന്വേഷണത്തില്‍ മനസ്സിലാവുന്നു. ഏരൂരിലെ കവര്‍ച്ചയ്ക്ക് ശേഷം ഇയാള്‍ കുടുംബ സമേതം മുങ്ങിയതാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. ആക്രിക്കച്ചവടത്തിനിടെ കണ്ടെത്തിയ വീടുകളില്‍ ആസൂത്രണം ചെയ്ത കവര്‍ച്ചകളാണ് തൃപ്പൂണിത്തറയില്‍ നടന്നതെന്ന് പോലീസ് മനസ്സിലാക്കുന്നു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ സിംകാര്‍ഡ് എടുക്കാനായി നല്‍കിയ ആധാര്‍ കാര്‍ഡ് മാത്രമായിരുന്നു പോലീസിന് ലഭിച്ച ഏക തെളിവ്. ഇതില്‍ നിന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്നാല്‍ ആധാറിലെ അയാളുടെ ചിത്രത്തിന് വ്യക്തതയില്ലായിരുന്നു. വിലാസവും തെറ്റായിരുന്നു. പിന്നീടുള്ള വിവരങ്ങള്‍ ഡല്‍ഹി പോലീസാണ് നല്‍കുന്നത്. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടേയും അച്ഛന്റെയും പേര് വച്ചുകൊണ്ട് ഇയാളെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി പോലീസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, കേരള പോലീസ് അന്വേഷിക്കുന്നയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും അയാള്‍ സീമാപുരിലെ ചേരിയിലെ താമസക്കാരനാണെന്നുമുള്ള വിവരങ്ങള്‍ കൈമാറി.

ഡിസംബര്‍ 27ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട പോലീസ് സംഘം 30ന് അവിടെയെത്തി. ലക്ഷ്യം സീമാപുരി. എന്നാല്‍ ഡല്‍ഹി പോലീസ് നല്‍കിയ വിവരങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. ഒരു പിടിച്ചുപറി കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞ സീമാപൂര്‍, ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ചേരിപ്രദേശം. അപകടങ്ങള്‍ പതിയിരിക്കുന്ന സീമാപുരിനെക്കുറിച്ച് ഡല്‍ഹി പൊലീസ് നല്‍കിയ മുന്നറിയിപ്പുകള്‍ മാത്രം മതിയായിരുന്നു ഒരു നിമിഷം ഭയപ്പെടാന്‍. എന്നാല്‍ ലക്ഷ്യമായിരുന്നു പ്രധാനം. ഒടുവില്‍ ജീവന്‍ നല്‍കിയാണെങ്കിലും പ്രതികളെ പിടികൂടിയിട്ടേ മടക്കമുള്ളൂ എന്ന് തന്നെ തീരുമാനിച്ചു. സര്‍വ സന്നാഹങ്ങളോടെ മാത്രം ഡല്‍ഹി പോലീസ് പോവുന്ന പ്രദേശമാണ് സീമാപുരി. കൊച്ചിയില്‍ നിന്ന് പതിനഞ്ച് പോലീസുകാരുള്‍പ്പെടുന്ന സംഘമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഡല്‍ഹി പോലീസ് എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്ത് ഒപ്പം നിന്നു. സീമാപുരിയിലെത്തി.

ഏതാണ്ട് ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ചേരി പ്രദേശം. ഓരോ കുടുസ്സുമുറികളിലായി മൂവായിരത്തിലധികമാളുകള്‍ അവിടെ താമസിക്കുന്നു. ഈ വീടുകള്‍ക്കിടയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടന്നുനീങ്ങാന്‍ പറ്റുന്നതരം ഇടവഴികള്‍. ഇവിടെ നിന്ന് എങ്ങനെ പ്രതികളെ പൊക്കും എന്നതായിരുന്നു ആശങ്ക. ഏത് നിമിഷവും ആക്രമണമുണ്ടായേക്കാം. എങ്ങനെ അകത്തുകടക്കും എന്ന് പോലുമറിയാതെ മണിക്കൂറുകള്‍ കടന്നുപോയി. ചേരിയ്ക്ക് എതിര്‍ഭാഗത്തായി ഒരു പാര്‍ക്ക് ഉണ്ടായിരുന്നു. പോലീസ് വാഹനങ്ങളില്‍ അവിടെയെത്തിയാല്‍ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് സ്വകാര്യവാഹനങ്ങളില്‍ പാര്‍ക്കില്‍ തന്നെ കഴിഞ്ഞുകൂടി. ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ മൂന്ന് ദിവസങ്ങള്‍ വാഹനത്തിലും റോഡിലുമായി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒന്ന് അകത്തേക്ക് കയറി നോക്കാമെന്നായി. കുറച്ചു പോലീസുകാര്‍ മാത്രം മുഖം മറച്ച് ചേരിക്കുള്ളിലേക്ക് കടന്നു. കൊടും മഞ്ഞ് ആയതിനാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം ആളെ മനസ്സിലാവില്ല. പക്ഷെ കുറച്ചുദൂരം ആ ഇടവഴികളിലൂടെ പോയപ്പോള്‍ തന്നെ അങ്ങനെ പോയാല്‍ പ്രതിയെ പിടിക്കാവാനാവില്ലെന്ന് മനസ്സിലായി. ആരും ഏത് സമയത്തും ആക്രമിച്ചേക്കാം. ഇത്രയും പേര്‍ താമസിക്കുന്നയിടത്ത് ഒരാളെ കണ്ടെത്തുക വളരെ വിഷമം പിടിച്ച കാര്യം തന്നെയായിരുന്നു. അതുകൊണ്ട് തിരികെ പോന്നു. വഴി തെറ്റാതിരിക്കാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി. പ്രതി പുറത്തുവരുന്നത് വരെ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു. അയാളെ എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഫോട്ടോയും കയ്യില്‍ കരുതിയിരുന്നു.

വീണ്ടും രണ്ട് ദിവസങ്ങള്‍ കടന്നുപോയി. സ്വകാര്യ വാഹനങ്ങള്‍ ആണെങ്കിലും പോലീസ് ആണെന്ന് മനസ്സിലാക്കിയിട്ടാവണം ആരും പുറത്തേക്ക് വന്ന് കണ്ടില്ല. ഇതോടെ ഞങ്ങള്‍ തന്ത്രമൊന്ന് മാറ്റി. വാഹനങ്ങള്‍ പാര്‍ക്കില്‍ നിന്ന് മാറ്റി. തിരിച്ചുപോയെന്ന പ്രതീതിയുണ്ടാക്കാനായിരുന്നു അത്. പാര്‍ക്കിന് സമീപം മലയാളിയുടെ തുണിക്കടയുണ്ടായിരുന്നു. അവിടെയും പാര്‍ക്കിലുമായി ഇരുന്നു കിടന്നും മണിക്കൂറുകള്‍ തള്ളിനീക്കി. സീമാപുരിയിലെത്തിയിട്ട് ആറ് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതിയെ കണ്ടുപിടിക്കാനായതുമില്ല. കനത്ത തണുപ്പ് ശീലമില്ലാത്ത കേരള പോലീസ് തണുപ്പിനെ പ്രതിരോധിക്കാനാവാതെ തളര്‍ന്നു. എന്നാല്‍ അങ്ങനെ തളരുന്ന ഓരോ ഘട്ടത്തിലും ജോലി വിജയകരമായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹവും കേരളത്തില്‍ നിന്നുള്ള സഹപ്രവര്‍ത്തകരുടേയും മേലുദ്യോഗസ്ഥരുടേയും ധൈര്യവും ആത്മവിശ്വാസം പകരുന്ന ഫോണ്‍വിളികളും എല്ലാവരിലും ഊര്‍ജ്ജം നിറച്ചു.

വാഹനങ്ങള്‍ മാറ്റാനുള്ള തന്ത്രം വിജയിച്ചു. വാഹനങ്ങള്‍ പോയപ്പോള്‍ മുതല്‍ ചേരിയില്‍ നിന്ന് പലരും പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നു. തേടി നടന്ന അര്‍ഷാദും പുറത്തെത്തി. പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല. ഡല്‍ഹി പോലീസും കേരള പോലീസും ആയുധങ്ങളുമായി അര്‍ഷാദിനെ വളഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആക്രമണമായതിനാല്‍ പെട്ടെന്ന് അയാള്‍ക്ക് ഒന്നും ചെയ്യാനായില്ല. പക്ഷെ അവിടെകൊണ്ട് അവസാനിക്കുന്നതായിരുന്നില്ല കാര്യങ്ങള്‍. ഒരു കൂട്ടം ചേരിനിവാസികള്‍, പോലീസിനെ സംഘമായി വന്ന് ആക്രമിക്കാന്‍ തുടങ്ങി. അവരുടെ കയ്യില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളെ എന്തെങ്കിലും ചെയ്യുക അവരുടെ ലക്ഷ്യമായിരുന്നില്ലെന്ന് തോന്നുന്നു. കല്ലും മണ്ണും വലിച്ചെറിഞ്ഞ് പോലീസിനെ അകറ്റി അയാളെ രക്ഷിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. പക്ഷെ സര്‍വവിധ ആയുധങ്ങളുമായെത്തിയ പോലീസ് സേനയ്ക്ക് മുന്നില്‍ അവര്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സമയം ഒട്ടും പാഴാക്കാതെ തയ്യാറാക്കി നിര്‍ത്തിയിരുന്ന വാഹനത്തിലേക്ക് അര്‍ഷാദിനെ പിടിച്ചിട്ട് സീമാപുരില്‍ നിന്ന് തിരിച്ചു.

അര്‍ഷാദിനെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. സീമാപുരിയോട് ചേര്‍ന്നുള്ള മറ്റൊരു ചേരിപ്രദേശത്താണ് അവരുണ്ടായിരുന്നത്. എന്നാല്‍ അര്‍ഷാദിനെ പിടികൂടാനുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ റോണിയേയും ഷെയ്ക്ക് സാദിനേയും പിടികൂടാനുണ്ടായില്ല. സമീപത്തെ വീടിന്റെ ടെറസ്സിലേക്ക് കയറി രക്ഷപെടാനുള്ള അവരുടെ ശ്രമം ഡല്‍ഹി പോലീസ് പരാജയപ്പെടുത്തി. അങ്ങനെ അവരും വലയിലായി.

കേരള പോലീസിന് അപരിചിതമായ സംഭവങ്ങളായിരുന്നു സീമാപുരിയിലുണ്ടായത്. കേളത്തിലെ തീരമേഖലകളില്‍ പ്രതികളെ പിടിക്കാന്‍ പോകുമ്പോള്‍ ആക്രമണമുണ്ടാറുണ്ട്. എന്നാല്‍ അതെല്ലാം എത്രമാത്രം നിസ്സാരമാണെന്ന് സീമാപുരിയിലെ അനുഭവങ്ങള്‍ മനസ്സിലാക്കി തന്നു. ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല ആര്‍ക്കും. കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് പോയത് കൊണ്ട് മാത്രമാണ് പ്രതികളെ കിട്ടിയതും ജീവന്‍ രക്ഷപെട്ടതും. ഉത്തരേന്ത്യയിലെ ചേരികളും കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന സംഘട്ടനങ്ങളും നേരില്‍ കണ്ടു, അനുഭവിച്ചു. ഇനി അത് മുന്നോട്ടുള്ള സര്‍വീസ് ജീവിതത്തില്‍ ഒരനുഭവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News