കേരള വികസന ചരിത്രത്തില്‍ പുതിയ അധ്യായമായി ലോക കേരളസഭ; എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ക്കായി ഏകജാലകസംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ക്കായി ഏകജാലകസംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആഗോളതലത്തില്‍ പ്രവാസി വ്യവസായവാണിജ്യ സംരഭക കൂട്ട്‌കെട്ട് ആരംഭിക്കുമെന്നും കേരള പ്രവാസി വികസന നിധി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരളസഭയില്‍ വ്യക്തമാക്കി.

പ്രവാസി പ്രൊഫഷണലുകളുടെ സമിതി രൂപീകരിക്കും. നോര്‍ക്കയില്‍ പ്രവാസികള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഉപവകുപ്പുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി ലോക കേരളസഭയില്‍ ഉറപ്പ് നല്‍കി.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായമായി ലോകകേരള സഭ മാറിയിരിക്കുന്നു എന്ന വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് ദിവസം നീണ്ടുനിന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ ഉപസംഹാര പ്രസംഗവും പ്രഖ്യാപനങ്ങളും നടത്തിയത്.

വിദേശത്തുള്ള പ്രവാസി വ്യവസായവാണിജ്യ സംരഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ലോക കേരള സഭയെ അറിയിച്ചു.

എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കും. വിദേശത്ത് ജോലിചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേകവിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

എന്‍ആര്‍ഐ നിക്ഷേപത്തിന് മാത്രമായി ഒരു ഏകജാലക സംവിധാനം ആരംഭിക്കുന്നതില്‍ സാധ്യതാ പഠനം നടത്തും. പ്രവാസി വനിതകള്‍ തൊഴില്‍ രംഗത്ത് നേരിടുന്ന ചൂക്ഷണങ്ങള്‍ തടയാന്‍ എംപസിയുടെ കൂടുതല്‍ ഫലപ്രദമായ ഇടപെടല്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സഭാസമ്മേളനത്തില്‍ അറിയിച്ചു.

വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഭാഷാ പരിഞ്ജാനം ഉറപ്പാക്കാന്‍ പഠന കേന്ദ്രം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here