ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ദൂതന്‍വഴി സന്ദേശം കൈമാറാനുള്ള മോദിയുടെ നീക്കം പൊളിഞ്ഞു; രഹസ്യനീക്കം തത്‌സമയം പുറത്തുവിട്ട് ദേശീയമാധ്യമങ്ങള്‍

ദില്ലി: സുപ്രീംകോടതിയിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ദൂതന്‍വഴി സമ്പര്‍ക്കം പുലര്‍ത്താനുള്ള മോദിയുടെ നീക്കം പൊളിഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര വഴി ദീപക് മിശ്രയ്്ക്ക് സന്ദേശം കൈമാറാനുള്ള രഹസ്യനീക്കത്തെക്കുറിച്ച് മാധ്യമങ്ങള്‍ തല്‍സമയം വിവരം പുറത്തുവിട്ടു. ഇതേതുടര്‍ന്ന് പുറത്ത് കാത്തുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വീട്ടില്‍ പ്രവേശിക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയില്ല.

പരമോന്നത നീതിപീഠത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം അവര്‍ തന്നെ പരിഹരിക്കുമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ പരസ്യനിലപാടിന് വിരുദ്ധമായാണ് മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് ദൂതനെ അയച്ചത്.

ശനിയാഴ്ച രാവിലെ 9.30ഓടെയാണ് ചീഫ് ജസ്റ്റിസിന്റെ കൃഷ്ണമേനോന്‍ മാര്‍ഗിലെ അഞ്ചാംനമ്പര്‍ ഔദ്യോഗിക വസതിക്ക് മുന്നില്‍ നൃപേന്ദ്രമിശ്ര എത്തിയത്. സന്ദര്‍ശനാനുമതി കാത്ത് കാറിലിരിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ദൃശ്യങ്ങള്‍ ദേശീയചാനലുകള്‍ പുറത്തുവിട്ടു.

പ്രധാനമന്ത്രിയുടെ ചില നിര്‍ദേശങ്ങളും ശുപാര്‍ശകളും ചീഫ് ജസ്റ്റിസിനെ നേരിട്ട് അറിയിക്കാനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തിയതത്രേ. മാധ്യമശ്രദ്ധ നേടിയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വരവില്‍ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി സൂചനയുണ്ട്. നൃപേന്ദ്ര മിശ്രയെ ചീഫ് ജസ്റ്റിസ് ശകാരിച്ചതായും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശനം ചര്‍ച്ചയായതോടെ ചീഫ് ജസ്റ്റിസിന് നവവത്സരാശംസകള്‍ നേരാനാണ് താനെത്തിയതെന്ന് നൃപേന്ദ്രമിശ്ര അവകാശപ്പെട്ടു.

‘ഓഫീസിലേക്കുള്ള വഴിയില്‍ ചീഫ് ജസ്റ്റിസിന് നവവത്സരാശംസകള്‍ നേരാമെന്ന് കരുതിയാണ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്. നവവത്സരാശംസകള്‍ നേരുന്ന കാര്‍ഡ് ഗെയ്റ്റില്‍ നല്‍കിയ ശേഷം മടങ്ങി. ചീഫ് ജസ്റ്റിസിനെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല’ -നൃപേന്ദ്രമിശ്ര വിശദീകരിച്ചു.

ജഡ്ജിമാരുടെ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയ ശേഷം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന്റെ ഉദ്ദേശമെന്തെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന് കാര്യമായ ദോഷം ഉണ്ടാക്കുന്ന ഇത്തരം സര്‍ക്കാര്‍ നടപടികള്‍ സംശയങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ. സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. ബിഎച്ച് ലോയയുടെ ദുരൂഹമരണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണറിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കാന്‍ പ്രത്യേക ദൂതനെ അയച്ചത് എന്തിനാണെന്ന് പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News