സുപ്രീംകോടതി പ്രതിസന്ധി: ചര്‍ച്ചകള്‍ ഇന്നും തുടരും; ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട് നിര്‍ണായകം

ദില്ലി: സുപ്രീംകോടതി പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാരുമായി ഇന്നലെ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് സുപ്രീംകോടതിയില്‍ ജഡ്ജിമാരെല്ലാം എത്തും.

ഇന്ന് കോടതി ചേരുന്നതിന് മുന്‍പ് ജഡ്ജിമാരെ അനുനയിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ നീക്കം. എന്നാല്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാരുമായി കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്നും സമവായ ചര്‍ച്ചകള്‍ തുടരും.

അതേസമയം നാളെയോടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷിലാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍. പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയച്ചതോടെ ഉടന്‍ തന്നെ കൊളീജിയം വിളിച്ചു ചേര്‍ക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രതിനിധികള്‍ മുഖേന ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയ ശേഷമേ കൊളീജിയം വിളിച്ച് ചേര്‍ക്കുകയുള്ളു.

പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ജൂനിയര്‍ ജഡ്ജിമാര്‍ നിലപാടെടുത്തതോടെ ഇന്ന് ഫുള്‍കോര്‍ട്ട് ചേരാനുള്ള സാധ്യതകളും മങ്ങി. ജഡ്ജിമാര്‍ എല്ലാവരും തന്നെ ഇന്ന് സുപ്രീംകോടതിയില്‍ എത്തും. കോടതി നടപടികളെ പ്രശ്‌നം ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

ബുധാനാഴ്ച മുതല്‍ ആധാറുമായി ബന്ധപ്പെട്ട കേസുകളും ശബരിമല സ്ത്രീപ്രവേശനം അടക്കമുള്ള കേസുകളും ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിക്കും.

അതേസമയം, നാളെ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസും സുപ്രീംകോടതി പരിഗണിക്കും. ഇതോടെ നാളെയോടെ കൊളീജിയം വിളിച്ച് ചേര്‍ത്ത് പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News