ശ്രീജിത്തിനെ സമരരംഗത്ത് കിടത്തി ബുദ്ധിമുട്ടിക്കുന്നത് കേന്ദ്രവും സിബിഐയും; ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ സമരപ്പന്തലിലെത്തി മുതലക്കണ്ണീരൊഴുക്കി ബിജെപി നേതാക്കളെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാരോട് സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം തള്ളിയതിനു പിന്നില്‍ സിബിഐയുടെ ഇരട്ടത്താപ്പ്.

പൊലീസ് പ്രതിസ്ഥാനത്തുള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്ത സിബിഐയും കേന്ദ്ര സര്‍ക്കാരുമാണ് ഒരു പാവപ്പെട്ട കുടുംബത്തെ സമരരംഗത്ത് കിടത്തി ബുദ്ധിമുട്ടിക്കുന്നത്. എന്നിട്ടും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ ബിജെപി നേതാക്കള്‍ സമരപ്പന്തലിലെത്തി മുതലക്കണ്ണീരൊഴുക്കുന്നു.

സംസ്ഥാന ബിജെപിക്ക് താല്‍പ്പര്യമുള്ള കേസിലെല്ലാം സിബിഐ രണ്ടാമതൊന്നാലോചിക്കാതെ അന്വേഷണം ഏറ്റെടുക്കുമ്പോഴാണ് ഈ അന്വേഷണത്തില്‍നിന്നു പിന്മാറുന്നത്. രണ്ടു വര്‍ഷമായി സെക്രട്ടറിയറ്റിനു മുന്നില്‍ യുവാവ് സമരം നടത്തിയിട്ടും കേന്ദ്രത്തോട് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ത്തന്നെ കത്തയച്ചു. ശ്രീജീവിന്റെ കുടുംബം ആവശ്യപ്പെട്ട മറ്റു കാര്യമെല്ലാം അനുഭാവപൂര്‍വം പരിഗണിച്ച് നടപ്പാക്കി. സിബിഐ അന്വേഷിക്കില്ലെന്ന കത്ത് കിട്ടിയത് കഴിഞ്ഞമാസം മാത്രമാണ്. ഇപ്പോള്‍ വീണ്ടും സിബിഐക്ക് കത്തയച്ചു.

യുഡിഎഫ് ഭരണകാലത്താണ് ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. അന്ന് ഒന്നുംചെയ്യാത്ത യുഡിഎഫും അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇപ്പോള്‍ മുതലെടുപ്പിനു ശ്രമിച്ചെങ്കിലും അപഹാസ്യനായി.

സിബിഐക്ക് രാഷ്ട്രീയമായി താല്‍പ്പര്യമുള്ള കേസുകള്‍ ഏറ്റെടുക്കാന്‍ ഒരു പരിശോധനയുമില്ല. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഫോണ്‍ ചെയ്താല്‍ മാത്രം മതിയെന്നാണ് നില.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന പൊലീസ് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും കോടതി നടപടികള്‍ തുടരുകയും ചെയ്ത ഘട്ടത്തില്‍പോലും അന്വേഷണം ഏറ്റെടുത്തത് ഇതിന് തെളിവാണ്.

ഏഴ് രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ അഞ്ചെണ്ണത്തിന്റെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചശേഷമാണ് ബിജെപിക്കാര്‍ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. ഇതിലും അന്വേഷിക്കാന്‍ തയ്യാറാണെന്നാണ് സിബിഐ നല്‍കിയ സത്യവാങ്മൂലം.

കതിരൂര്‍ മനോജ് വധക്കേസിലും സിബിഐ ഇതേ നാടകമാണ് കളിച്ചത്. വിചാരണഘട്ടം തുടങ്ങുംമുമ്പാണ് സിപിഐഎം നേതാക്കളെ കുടുക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ സിബിഐ കേസ് ഏറ്റെടുത്തത്.

ശ്രീജീവിന്റെ പൊലീസ് കസ്റ്റഡി മരണം സംബന്ധിച്ച് കുടുംബത്തിന്റെയും ജനങ്ങളുടെയും അഭ്യര്‍ഥന കണക്കിലെടുത്തും പ്രതിസ്ഥാനത്ത് പൊലീസ് ആയതിനാലുമാണ് സര്‍ക്കാര്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അത് പാടെ തള്ളാന്‍ സിബിഐക്ക് ഒരു മടിയുമുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here