ട്രോളന്‍മാരുടെ സമരത്തില്‍ ലസിതാ പാലക്കയ്ക്കലിന് എന്ത് കാര്യം? ശ്രീജിത്തിന്റെ സമരത്തിന്റെ മറവില്‍ ഗൂഢപദ്ധതി ലക്ഷ്യമിട്ട് സംഘികള്‍; സമരം ഹൈജാക്ക് ചെയ്യാന്‍ സംഘപരിവാര്‍ നിര്‍ദേശത്തില്‍ തലസ്ഥാനത്ത് തങ്ങുന്നത് 300ഓളം പേര്‍

തിരുവനന്തപുരം: ശ്രീജിത്തിന്റെ സത്യാഗ്രഹ സമരത്തില്‍ പിന്തുണയുമായി എത്തിയ ട്രോളന്‍മാരുടെ സമരത്തില്‍ ബിജെപി വനിതാ നേതാവിന് എന്ത് കാര്യം?

ആള്‍കൂട്ടത്തില്‍ നുഴഞ്ഞ് കയറി സംഘികള്‍ നടപ്പിലാക്കാന്‍ ഉദേശിക്കുന്നത് അണ്ണാ ഹസാരേ മോഡല്‍. ശ്രീജിത്തിന്റെ നിരാഹാരത്തിന്റെ മറവില്‍ ഗൂഢപദ്ധതി ലക്ഷ്യമിട്ട് സംഘപരിവാര്‍.

765 ദിവസത്തിലേറെയായി സ്വന്തം സഹോദരന് നീതി ലഭിക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരത്തിന് പെട്ടന്നാണ് ബഹുജന പിന്തുണ കൈവന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സമരം വിവിധ ഫേസ്ബുക്ക് കൂട്ടായ്മകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചിലും, ഐക്യദാര്‍ഢ്യത്തിലും നിരവധി പേരാണ് പങ്കെടുത്തത്. ഏകീകൃതമായ നേതൃത്വം ഇല്ലാതെ ഫെയസ് ബുക്കിലൂടെയുള്ള ആഹ്വാനം കൊണ്ട് മാത്രം ആയിരങ്ങള്‍ പങ്കെടുത്ത സമരം വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വങ്ങളെ പോലും ഞെട്ടിച്ചു.

സമരത്തിന് പിന്തുണയുമായി നടന്‍ ടൊവീനോ തോമസ് കൂടി രംഗത്തെത്തിയതോടെ സമരം ശക്തിയാര്‍ജിക്കുകയാണ്. വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ ആയ ICU, ട്രോള്‍ മലയാളം എന്നിവയുടെ നേത്യത്വത്തിലാണ് സമരാഹ്വാനം നടന്നത് എന്നത് സമരത്തിന് ജനകീയ മാനം നല്‍കി. ഇതോടെയാണ് സമരത്തില്‍ നുഴഞ്ഞ് കയറാനും, സമരത്തിന്റെ ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുക്കാനും സംഘപരിവാര്‍ ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയത്.

കണ്ണൂരില്‍ അറിയപ്പെടുന്ന ബിജെപി വനിതാ നേതാവായ ലസിതാ പാലക്കയ്ക്കലിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഒരു സംഘം ഈ സമരത്തില്‍ നിരന്നത്. ഔട്ട്‌സ്‌പോക്കണ്‍ എന്ന സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പിന്റെ മറവിലാണ് സമരത്തിന് പിന്തുണ നല്‍കാന്‍ സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നത്.

യുപിഎ ഭരണകാലത്ത് ദില്ലിയില്‍ അണ്ണാ ഹസാരേ സമരത്തില്‍ നുഴഞ്ഞ് കയറിയത് പോലെ ശ്രീജിത്തിന്റെ സമരം ഏറ്റെടുക്കാനാണ് സംഘപരിവാറിന്റെ നീക്കം. ഇതിനായി മുന്‍നിരക്കാര്‍ അല്ലാത്ത ചിലരെ സംഘപരിവാര്‍ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തിയാര്‍ജ്ജിച്ചാല്‍ 24 മണിക്കൂറും സമരകേന്ദ്രത്തില്‍ ഉണ്ടാവാന്‍ തക്ക വിധത്തില്‍ 300 ഓളം എളുപ്പം തിരിച്ചറിയാന്‍ കഴിയാത്തവര്‍ തലസ്ഥാനത്ത് ഉണ്ടാവണം എന്ന നിര്‍ദ്ദേശമാണ് സംഘപരിവാര്‍ നല്‍കിയിരിക്കുന്നത്.

ടെക്‌നോപാര്‍ക്കിലെ ഒരു ജീവനക്കാരനും, ഒരു മെഡിക്കല്‍ റെപ്രസന്റീവിനുമാണ് ഇതിന്റെ ചുമതല. എളുപ്പം തിരിച്ചറിയപ്പെടുന്നവര്‍ സമരത്തില്‍ ഉണ്ടാവരുതെന്ന നിര്‍ദ്ദേശം മറികടന്ന് നേതാവ് ലസിതാ പാലയ്ക്കല്‍ പങ്കെടുത്തത് ആസൂത്രകര്‍ക്ക് തിരിച്ചടിയായി. വരും ദിവസങ്ങളില്‍ റോഡ് ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

ദില്ലിയിലെ ചരിത്ര പ്രസിദ്ധമായ നിര്‍ഭയ സമരം, അണ്ണാ ഹസാരേ നടത്തിയ അഴിമതിക്കെതിരായ സമരം എന്നീ ആള്‍കൂട്ട സമരങ്ങളുടെ പിന്നണിയിലെ സംഘപരിവാര്‍ സാന്നിധ്യം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. ശ്രീജിത്തിന്റെ സമരത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് അനുജന്റെ കസ്റ്റഡി മരണം CBI അന്വേഷിക്കണമെന്നാണ്.

എന്നാല്‍ അതിനോട് വിമുഖത കാട്ടിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പഴി കേള്‍ക്കുന്നതിനിടെയാണ് സമരത്തിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നിയോഗിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ സമരത്തില്‍ പങ്കെടുക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും നല്ല ഉദ്ദേശ്യം തന്നെയാണെങ്കിലും അവരെ മുന്‍നിര്‍ത്തി സമരം ഹൈജാക്ക് ചെയ്യാനാണ് സംഘപരിവാര്‍ നീക്കം.

സമരത്തിന് ജനകീയ സ്വഭാവം കൈവരുന്നത് കണ്ട് പിടിമുറുക്കാന്‍ ചില മാവോയിസ്റ്റ് അനുകൂല ഗ്രൂപ്പുകളും, തീവ്ര ഇസ്ലാമിക ചിന്താഗതികാരും ശ്രമം ആരംഭിച്ചത് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News