ചോറ്റാനിക്കരയില്‍ നാല് വയസുകാരിയുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ; അമ്മയ്ക്കും സുഹൃത്തിനും ഇരട്ട ജീവപര്യന്തം

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കോലഞ്ചേരി സ്വദേശി രഞ്ജിത്തിന് വധശിക്ഷ. കൊലപാതകം, ലൈംഗിക പീഡനം, തെളിവ് നശിപ്പിക്കൽ, ഉൾപ്പെടെ  പോലീസ് ചുമത്തിയ കുറ്റങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഒന്നാംപ്രതിക്ക് കോടതി പരമാവധി ശിക്ഷ നൽകിയത്.

കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയുമായ റാണിക്കും സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസിലിനും ഇരട്ടജീവപര്യന്തം തടവും കോടതി വിധിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. രഞ്ജിത്ത് 50,000 രൂപയും റാണിയും ബേസിലും 25,000 രൂപ വീതം പിഴയും ഒടുക്കണം.

കേസ് വിധി പറയാന്‍ കഴിഞ്ഞദിവസം പരിഗണിച്ചപ്പോള്‍ രഞ്ജിത്ത് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളിപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

2013 ഒക്ടോബര്‍ 29നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത. വിവാഹേതരബന്ധത്തിന് തടസമാകുമെന്ന് കരുതി സ്വന്തം മകളെ റാണിയും കാമുകന്‍ രഞ്ജിത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ചോറ്റാനിക്കരയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന റാണി പിറ്റേദിവസം കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ റാണിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തുവരികയായിരുന്നു.

സംഭവം നടക്കുമ്പോള്‍ റാണിയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ ജയിലിലായിരുന്നു. രഞ്ജിത്തുമായി വര്‍ഷങ്ങളായി വിവാഹേതരബന്ധം ഉണ്ടായിരുന്ന റാണിക്കൊപ്പം ഇയാളുടെ സുഹൃത്തായ ബേസിലും സഹോദരന്‍ എന്ന വ്യാജേനയാണ് ഇവിടെ കഴിഞ്ഞിരുന്നത്.

കുട്ടി ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉച്ചത്തില്‍ കരഞ്ഞതിനെ തുടര്‍ന്ന് മുഖം പൊത്തിപ്പിടിച്ച് കഴുത്തില്‍ കൈമുറുക്കിയ ശേഷം എറിയുകയായിരുന്നു. പിന്നീട് അമ്മ റാണിയുടെ നിര്‍ദേശമനുസരിച്ചാണ് മൃതദേഹം ആരക്കുന്നത്ത് കുഴിച്ച് മൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News